അറയ്ക്കൽ രാജ കുടുംബത്തിൽ അധികാര മാറ്റം: ആദിരാജ മറിയുമ്മ സ്ഥാനമേറ്റു
നിലവിളക്ക് സാക്ഷിയായി ആചാര വാളും അറയ്ക്കൽ രേഖകളും പണ്ടാര വസ്തുക്കളുടെ താക്കോൽ കൂട്ടങ്ങളും കൈമാറി
കണ്ണൂർ: അറക്കൽ രാജകുടുംബത്തിന് നാൽപ്പതാമത് സ്ഥാനിയായി ആദിരാജ മറിയുമ്മ സ്ഥാനമേറ്റു. മുപ്പത്തൊമ്പതാം സ്ഥാനി ആദിരാജ ഫാത്തിമ ബീവിയുടെ മരണത്തെത്തുടർന്നാണ് സ്ഥാനാരോഹണം. പഴയ രാജകീയ അധികാരങ്ങളില്ലെങ്കിലും പഴമയും പ്രൗഢിയും കൈവിടാതെയായിരുന്നു ചടങ്ങ്.
പുരുഷന്മാർക്കൊപ്പം സ്ത്രീകളും ഭരണം നയിയ്ക്കും കണ്ണൂർ, ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളിലെ അധികാര കേന്ദ്രങ്ങൾക്ക് നൂറ്റാണ്ടുകളോളം നേതൃത്വം നൽകിയ അറക്കൽ രാജവംശത്തിന്‍റെ അധികാര കൈമാറ്റച്ചടങ്ങ് ഇതേ പ്രൗഢി പരമാവധി നിലനിർത്തിയുള്ളതാണ്. നിലവിളക്ക് സാക്ഷിയായി ആചാര വാളും അറയ്ക്കൽ രേഖകളും പണ്ടാര വസ്തുക്കളുടെ താക്കോൽ കൂട്ടങ്ങളും കൈമാറി.
അറയ്ക്കൽ മ്യൂസിയം, കണ്ണൂർ സിറ്റി ജുമാ മസ്ജീദ് ഉൾപ്പടെയുള്ളവയുടെ ചുമതലകളാണ് ഇപ്പോൾ പ്രധാനമായും സ്ഥാനിയുടെ അധികാര പരിധിയിലുള്ളത്. സാമൂഹ്യമായി നിലനിർത്തിപ്പോന്ന പ്രാധാന്യം കൈവിടാതെ നിലനിർത്താൻ തന്നെയാണ് കേരളത്തിലെ ഏക മുസ്ലിം രാജവംശമായിരുന്ന അറയ്ക്കലെ പിന്മുറക്കാരുടെ പരിശ്രമം. സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് നിന്നുള്ളവർ സ്ഥാനാരോഹണച്ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.