'കോഴിക്കോട് വിലാസിനിയെ കുട്ട്യേടത്തിവിലാസിനിയാക്കിയത് വാസ്വേട്ടനാണ്, എനിക്കദ്ദേഹത്തോട് സ്നേഹവും ആരാധനയുമാണ്'

നാടകരം​ഗത്ത് താൻ വലിയ നടിയായിരുന്നെങ്കിലും സിനിമയിൽ താൻ വെറും സീറോ ആയിരുന്നെന്നും കുട്ട്യേടത്തിയിൽ അഭിനയിച്ചതിന് ശേഷമാണ് കോഴിക്കോട് വിലാസിനി എന്നറിയപ്പെട്ടിരുന്ന താൻ കുട്ട്യേടത്തി വിലാസിനി ആയതെന്നും നടി കുട്ട്യേടത്തി വിലാസിനി. 

actress kuttyedathy vilasini remembering mt vasudevan nair

കോഴിക്കോട്: നാടകരം​ഗത്ത് താൻ വലിയ നടിയായിരുന്നെങ്കിലും സിനിമയിൽ താൻ വെറും സീറോ ആയിരുന്നെന്നും കുട്ട്യേടത്തിയിൽ അഭിനയിച്ചതിന് ശേഷമാണ് കോഴിക്കോട് വിലാസിനി എന്നറിയപ്പെട്ടിരുന്ന താൻ കുട്ട്യേടത്തി വിലാസിനി ആയതെന്നും നടി കുട്ട്യേടത്തി വിലാസിനി. ആ സിനിമ ചെയ്തതിന് ശേഷം കേരളത്തിൽ മാത്രമല്ല, പുറത്തും താൻ അങ്ങനെയാണ് അറിയപ്പെട്ടതെന്ന് വിതുമ്പിക്കരഞ്ഞുകൊണ്ട് പറയുകയാണ് കുട്ട്യേടത്തി വിലാസിനി. എംടിയെ അവസാനമായി ഒരു നോക്ക് കാണാൻ കോഴിക്കോട്ടെ വസതിയിലെത്തിയതായിരുന്നു അവർ. 

''വാസ്വേട്ടനെ എനിക്ക് മറക്കാൻ കഴിയില്ല. കോഴിക്കോടുള്ള കലാകാരൻമാർക്കും കലാകാരികൾക്കും ഒക്കെ അവസരം കൊടുത്തിട്ടുണ്ട്. ബാലൻ കെ നായർ, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടിയേട്ടൻ അങ്ങനെ ഒരുപാട് പേരെ ഈ സിനിമ ഫീൽഡിലേക്ക് വാസ്വേട്ടൻ കൊണ്ടുവന്നിട്ടുണ്ട്. എല്ലാവരോടും നല്ല രീതിയിലേ സംസാരിക്കുകയുളളൂ. അധികം സംസാരമില്ലല്ലോ, എന്നാലും ഒന്നോ രണ്ടോ വാക്ക് പറയും. വാസ്വേട്ടനോട് അടുത്തു കഴിഞ്ഞാൽ പിന്നെ അകലാൻ തോന്നില്ല. അത്രയ്ക്ക് നല്ലൊരു മനുഷ്യനായിരുന്നു. വാസ്വേട്ടൻ മരിക്കരുതെന്ന് ഞാൻ നേർച്ചകൾ നേർന്നു. ഒരു നൂറ് വയസുവരെയെങ്കിലും ജീവിക്കണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. മാഹിപള്ളീലെ മാതാവിന്. എന്നെ എല്ലായിടത്തും അറിയപ്പെടുന്നത് കുട്ട്യേടത്തിയായിട്ടാണല്ലോ, എനിക്ക് അദ്ദേഹത്തോട് സ്നേഹവും ആരാധനയുമാണ്.'' കുട്ട്യേടത്തി വിലാസിനിയുടെ സങ്കടം നിറഞ്ഞ വാക്കുകളിങ്ങനെ.

1971-ൽ എം.ടിയുടെ തിരക്കഥയിൽ പി.എൻ. മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കുട്ട്യേടത്തി. 1960-കളിൽ നാടകരംഗത്ത് സജീവമായിരുന്ന കോഴിക്കോട് വിലാസിനി ഈ സിനിമയിലെ അഭിനയത്തിന് ശേഷമാണ് കുട്ട്യേടത്തി വിലാസിനി എന്ന് അറിയപ്പെട്ട് തുടങ്ങിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios