ഉമാ തോമസിനെ കാണാൻ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല, വിമർശിച്ച് നടി ഗായത്രി വർഷ
കലാ പ്രവർത്തനങ്ങൾ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി
തിരുവനന്തപുരം : ദിവ്യ ഉണ്ണിയെ വിമർശിച്ച് നടി ഗായത്രി വർഷ. കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എംഎൽഎ ഉമാ തോമസിനെ കാണാൻ പോലും പരിപാടിക്ക് നൃത്തം ചെയ്ത ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന് ഗായത്രി വർഷ വിമർശിച്ചു.
സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ പോലും ദിവ്യക്ക് മനസുണ്ടായില്ല. മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവർത്തനങ്ങൾ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും, സോഷ്യൽ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവർത്തനത്തിന്റെ ഇരയായെന്നും ഗായത്രി വിമർശിച്ചു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിലാണ് വിമർശനം.
ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ
കലൂരിൽ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു. എംഎൽഎയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്റർ തുടരും. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ വെന്റിലേറ്റർ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന നിലപാടിലാണ് ഡോക്ടർമാരുടെ സംഘം. എംഎൽഎയുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കി രാവിലെ 10 മണിക്ക് പുതിയ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കും.