നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച വിചാരണ കോടതി ശിരസ്തദാറിന്റെ മൊഴിയിൽ ആശയക്കുഴപ്പം
മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച ഫോൺ നഷ്ടമായതെന്ന മൊഴി വിശ്വാസ്യയോഗ്യമല്ലാതിരുന്നിട്ടും എന്ത് കൊണ്ട് ഇതിൽ അന്വഷണം നടത്താനോ ഫോൺ കണ്ടെടുക്കാനോ തയ്യാറായില്ല എന്ന ചോദ്യമാണ് ഉയരുന്നത്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച വിചാരണ കോടതി ശിരസ്തദാർ താജുദ്ദീനിന്‍റെ മൊഴിയിൽ ആശയക്കുഴപ്പം. വിവോ ഫോൺ 2022 ഫെബ്രവരിയിൽ യാത്രക്കിടെ നഷ്ടമായെന്നാണ് ശിരസ്തദാർ ജഡ്ജിക്ക് നൽകിയ മൊഴി. എന്നാൽ മെമ്മറി കാർഡ് ചോർന്നെന്ന മാധ്യമ വാർത്തകൾ കണ്ടതോടെ ഇതേ വർഷം ജൂലൈയിൽ തന്‍റെ വിവോ ഫോൺ ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്നറിയാൻ പരിശോധിച്ചതായും ശിരസ്തദാർ പറയുന്നുണ്ട്. അഞ്ച് മാസം മുൻപ് കാണാതായ ഫോൺ എങ്ങനെ വീണ്ടും പരിശോധിച്ചു എന്ന ചോദ്യം പക്ഷെ വസ്തുതാന്വേഷണ റിപ്പോർട്ടിലില്ല.
തൃശ്ശൂരിനും എറണാകുളത്തിനുമിടയിലുള്ള യാത്രക്കിടെ 2022 ഫെബ്രുവരിയിൽ മെമ്മറി കാർഡ് പരിശോധിച്ച വിവോ ഫോൺ നഷ്ടമായെന്നാണ് താജുദ്ദീൻ ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണത്തിനിടെ മൊഴി നൽകിയത്. ഇതേ വ്യക്തി തന്നെയാണ് 2022 ജൂലൈയിൽ മാധ്യമ വാർത്തകൾക്ക് പിറകെ താൻ തന്‍റെ വിവോ ഫോൺ ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കുകയും അങ്ങനെയുണ്ടായിട്ടില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്തെന്ന് മൊഴി നൽകിയിട്ടുള്ളത്. 5 മാസം മുൻപ് അതായത് ഫിബ്രവരിയിൽ നഷ്ടമായ വിവോ ഫോൺ എങ്ങനെയാണ് ജൂലൈയിൽ പരിശോധിച്ചു എന്ന ചോദ്യമോ മറുപടിയോ റിപ്പോർട്ടില്ല. ഇത് ദുരൂഹമാണെന്നാണ് അതിജീവിത ആരോപിക്കുന്നത്. ഫോൺ നഷ്ടമായെങ്കിൽ സാധാരണ പരാതി നൽകുകയും ഡ്യൂപ്ലിക്കേറ്റ് സിമ്മിനായി അപേക്ഷ നൽകുകയും ചെയ്യും. അത്തരം നടപടിയുണ്ടായോ എന്ന ചോദ്യവും റിപ്പോർട്ടിലില്ല. അതായത് മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച ഫോൺ നഷ്ടമായതെന്ന മൊഴി വിശ്വാസ്യയോഗ്യമല്ലാതിരുന്നിട്ടും എന്ത് കൊണ്ട് ഇതിൽ അന്വഷണം നടത്താനോ ഫോൺ കണ്ടെടുക്കാനോ തയ്യാറായില്ല എന്ന ചോദ്യമാണ് ഉയരുന്നത്. വസ്തുതാന്വേഷണ റിപ്പോർട്ടിലെ ഗുരുതര പോരായ്മയായി അതിജീവിത ഇത് ചൂണ്ടികാട്ടുന്നു. ഇത്തരം സാഹചര്യത്തിലാണ് കേസ് എടുത്ത് അന്വേഷണം വേണമെന്ന ആവശ്യം പ്രസക്തമാകുന്നതും.