അനുഭവിച്ചത് ക്രൂര പീഡനങ്ങൾ; സ്വപ്നങ്ങൾ ബാക്കിയാക്കി ഷഹാന മടങ്ങി, ഗാർഹിക പീഡനത്തിന്റെ മറ്റൊരു ഇര
ഏതൊരു പെൺകുട്ടിയും കൊതിക്കുന്ന വിവാഹജീവിതമാണ് ഷഹാനയും ആഗ്രഹിച്ചത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ഏറെ സ്വപ്നങ്ങൾ കണ്ട പെൺകുട്ടിയായിരുന്നു ഷഹാന. അങ്ങനെയാണ് മോഡലിങ് രംഗത്തേക്ക് വരുന്നത്. മോഡലിങ് രംഗത്ത് തിളങ്ങാനും കൂടുതൽ അവസരങ്ങൾ നേടാനും ഷഹാനക്ക് കഴിഞ്ഞു. അതിനിടെ 20 വയസ്സിൽ വിവാഹിതയായി. പിന്നീട് ഭർത്താവിനൊപ്പം കോഴിക്കോട് ചേവായൂരിൽ താമസമായി. ഏതൊരു പെൺകുട്ടിയും കൊതിക്കുന്ന വിവാഹജീവിതമാണ് ഷഹാനയും ആഗ്രഹിച്ചത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. ഷഹാനയുടെ വീട്ടുകാർ പറയുന്നതിനനുസരിച്ച് ധൂർത്തനും ആഡംബര പ്രിയനുമായിരുന്നു ഭർത്താവ് സജാദ്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഷഹാനക്ക് വീട്ടുകാർ നൽകിയ സ്വർണവും പണവുമെല്ലാം ഇയാൾ വിറ്റുതുലച്ചു. സജാദിന്റെ വീട്ടുകാരും ഷഹാനയെ ബുദ്ധിമുട്ടിച്ചെന്ന് ഇവർ ആരോപിക്കുന്നു. ഷഹാന ജോലി ചെയ്ത് ലഭിക്കുന്ന വരുമാനത്തിലും ഇയാൾ കണ്ണുവെച്ചു.
ഷഹാനക്ക് ലഭിക്കുന്ന പ്രതിഫലം ആവശ്യപ്പെട്ട് ഇയാൾ നിരന്തരം മർദ്ദിച്ചു. ഇയാളുടെ ക്രൂര പീഡനത്തിന്റെ ഇരയായിരുന്നു ഷഹാന. ഇവർ താമസിക്കുന്ന വീട്ടിൽ നിന്ന് വഴക്കിടുന്നതിന്റെയും കരയുന്നതിന്റെയും ശബ്ദം പതിവായി കേൾക്കാമായിരുന്നെന്ന് അയൽവാസികൾ പറയുന്നു. ഷഹാനയെ സജാദ് മർദ്ദിച്ചിരുന്നതായും വീട്ടുകാർ പറയുന്നു. വിവാഹത്തിന് ശേഷം ഒരു തവണ മാത്രമാണ് ഷഹാനയുടെ വീട്ടിൽ പോകാൻ ഇയാൾ സമ്മതിച്ചത്.
ദാരിദ്ര്യത്തിന് നടുവിലായിരുന്നു ഷഹാനയുടെ ജീവിതം. ഏറെക്കാലമായി വാടക വീട്ടിലാണ് ഷഹാനയും ഉമ്മ ഉമൈബയും സഹോദരങ്ങളും താമസിച്ചത്. രണ്ടുമാസം മുന്‍പാണ് ചീമേനി വലിയപൊയില്‍ ഉച്ചിത്തിടിലില്‍ സ്വന്തമായി ഭൂമിവാങ്ങി കൊച്ചുവീട് നിർമിച്ചത്. പണി ഇനിയും പൂർത്തിയായിട്ടില്ല. ഈ വീട്ടിലാണ് ഉമൈബയും മക്കള്‍ ബിലാലും നദീനും താമസിക്കുന്നത്. നടിയും മോഡലുമൊക്കെയായി ജീവിതം പതിയെ സാമ്പത്തികമായി കരുപ്പിടിച്ചുവരവെയാണ് കഴിഞ്ഞ ദിവസം പീഡനം സഹിക്കവയ്യാതെ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന വാടകവീട്ടില്‍ തൂങ്ങിമരിച്ചത്.
സജാദ് മയക്കുമരുന്ന് വ്യാപാരിയാണെന്ന് പൊലീസ് പറയുന്നു. ഫുഡ് ഡെലിവറിയുടെ മറവിലാണ് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. ഇയാളുടെ വാടക വീട്ടിൽ പൊലീസ് പരിശോധിച്ചെങ്കിലും ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മോഡൽ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ ഇവരുടെ പറമ്പിൽ ബസാറിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശന്റെ നേതൃത്ത്വത്തിലായിരുന്നു നടപടി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം സജാദിനെ കോടതിയിൽ ഹാജരാക്കും.
മോഡൽ ഷഹാനയുടെ മരണത്തില്‍ ഭർത്താവ് സജാദിന്‍റെ അറസ്റ്റ് ഇന്നലെ രാത്രിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498A), ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്‍റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്‍റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യുവതി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ ഷഹാനയുടെ വേര്‍പാടില്‍ വേദന പങ്കിട്ട് നടന്‍ മുന്നയുടെ കുറിപ്പ് വലിയ തോതിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഷഹാനയ്ക്കൊപ്പം പ്രവര്‍ത്തിച്ച സമയത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ മുന്ന ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. ഷഹാനയ്ക്കൊപ്പം എടുത്ത ആദ്യ ചിത്രവും അവസാന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നീ ഞങ്ങളെ വിട്ടു പോയി എന്നത് ഞെട്ടലോടെയാണ് മനസിലാക്കിയത്. വലിയ പ്രതീക്ഷ നല്‍കിയ നടിയായിരുന്നു. ദാരുണമായ അന്ത്യം. ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ട്. ഒരുപാട് വേദനയുണ്ട്. ഒരുപാട് മിസ് ചെയ്യും. കുടുംബത്തിനായി പ്രാര്‍ഥനകള്‍. ഷൂട്ടിന്‍റെ അവസാനദിനം പകര്‍ത്തിയ ചിത്രമാണിത്. ഇത് നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല. സത്യം ഉടന്‍ പുറത്തുവന്നേ പറ്റൂ, ചിത്രങ്ങള്‍ക്കൊപ്പം മുന്ന കുറിച്ചിട്ടുണ്ട്.