പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

ക്രിസ്ത്യൻ പിന്തുടർച്ചാവകാശം ചോദ്യം ചെയ്ത് സുപ്രീം കോടതി വരെ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി സ്ത്രീക്കനുകൂലമായ വിധി സമ്പാദിച്ച പോരാളിയാണ് മേരി റോയ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.

activist Mary Roy passes away

കോട്ടയം: സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടി നടത്തിയ നിയമ പോരാട്ടത്തിലൂടെ ശ്രദ്ധേയായ പൊതുപ്രവർത്തക മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. രാവിലെ ഒമ്പതേ കാലിന് കോട്ടയം കളത്തിപ്പടിയിലെ പള്ളിക്കുടം സ്കൂളിനോട് ചേർന്ന വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. മൃതശരീരം ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ നാളെ രാവിലെ 10 മണി വരെ പള്ളിക്കുടം സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാര ചടങ്ങിൽ അടുത്ത ബന്ധുക്കൾക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയും കൊച്ചിയിൽ വ്യവസായിയായ ലളിത് റോയിയും ആണ് മക്കൾ. 

ക്രിസ്ത്യൻ പിന്തുടർച്ച അവകാശ നിയമപ്രകാരം പിതൃ സ്വത്തിൽ പെൺമക്കൾക്കും തുല്യപങ്കാളിത്തം ഉണ്ടെന്ന കോടതി ഉത്തരവ് നേടിയെടുക്കാൻ പതിറ്റാണ്ടുകളോളം നടത്തിയ നിയമ പോരാട്ടമാണ് മേരി റോയിയെ ശ്രദ്ധേയ ആക്കിയത്. വിദ്യാഭ്യാസ വിചക്ഷണ എന്ന നിലയിലും പിന്നീട് അവർ സമൂഹത്തിൽ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചു. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ പ്രകാരം പെണ്‍മക്കള്‍ക്കും പിതൃസ്വത്തില്‍ തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധിക്ക് വഴിയൊരുക്കിയതിന്‍റെ പേരിലാണ് മേരി റോയി എന്ന വിദ്യാഭ്യാസ പ്രവര്‍ത്തക എന്നും ഓര്‍മ്മിക്കപ്പെടുക. സ്ത്രീകളുടെ തുല്യതാ അവകാശം കുടുംബ സ്വത്തില്‍ മാത്രം പരിഗണിക്കപ്പെടാത്തതിനെതിരെയായിരുന്നു മേരി റോയിയുടെ പോരാട്ടം.

1916 ന് നിലവില്‍ വന്ന തിരുവിതാംകൂര്‍ ക്രിസ്തീയ പിന്‍തുടര്‍ച്ചാ നിയമ പ്രകാരം കുടുംബ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമുണ്ടായിരുന്നില്ല. മകന് ലഭിക്കുന്ന വീതത്തിന്‍റെ നാലിലൊന്നോ അയ്യായിരും രൂപയോ ഏതാണ് കുറവ് അതായിരുന്ന നിയമ പ്രകാരം പെണ്‍മക്കള്‍ക്ക് ലഭിക്കുമായിരുന്ന ഓഹരി. വില്‍പ്പത്രം എഴുതാതെ പിതാവ് മരിച്ചാല്‍ പെണ്‍മക്കള്‍ക്ക് കുടുംബ സ്വത്തില്‍ നാമ മാത്ര അവകാശം മാത്രം നല്‍കിയിരുന്ന നിയമത്തിനെതിരായായിരുന്നു മേരി റോയിയുടെ പോരാട്ടം. സമ്പന്നമായ സിറിയന്‍ ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച മേരി വിവാഹ ജീവിതത്തിലുണ്ടായ താളപ്പിഴയെ തുടര്‍ന്നാണ് കുടുംബ സ്വത്തിന്‍റെ അവകാശത്തിനായി ശ്രമിച്ചത്. കുടുംബ വീട്ടില്‍ താമസിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള മേരിയുടെ പോരാട്ടമാണ് പിന്നീട് അനവധി ക്രൈസ്തവ വനിതകളുടെ സംരക്ഷണത്തിന് വഴിയൊരുക്കിയ നിര്‍ണ്ണായക കോടതി തീരുമാനത്തിലേക്ക് എത്തിയത്. തുല്യതാ അവകാശം സുപ്രിം കോടതി വിധിച്ചുവെങ്കിലും ആ വിധി നടപ്പാക്കി കിട്ടുവാനും മേരി റോയ്ക്ക് കോടതികള്‍ കയറി ഇറങ്ങേണ്ടി വന്നു. 

സഹോദരനെതിരെയുള്ള പോരാട്ടമല്ല ക്രൈസ്തവ സമുദായത്തിലെ സ്ത്രീകളുടെ അവകാശ പോരാട്ടമാണ് തന്‍റേതെന്നാണ് മേരി റോയ് എന്നും ഇതിനെ വിശേഷിപ്പിച്ചിരുന്നത്. കോട്ടയത്തെ അയ്മനത്തെ റാവു ബഹാദൂര്‍ ജോണ്‍ കുര്യന്‍റെ കൊച്ചുമകളായി സമ്പന്ന കുടുംബത്തില്‍ ജനിച്ച മേരി റോയിയുടെ വിദ്യാഭ്യാസം ദില്ലിയിലും ഊട്ടിയിലും ചെന്നൈയിലുമായിരുന്നു. കേന്ദ്ര കാര്‍ഷിക വകുപ്പിന്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പിതാവ്. പിന്നീട് കൊല്‍ക്കത്തയില്‍ വച്ചാണ് ജീവിത പങ്കാളിയായി മാറിയ രാജീബ് റോയിയെ കണ്ടുമുട്ടുന്നത്. അധിക നാള്‍ നീളാതെ പോയ ആ ദാമ്പത്യം ഉണ്ടാക്കിയ അനിശ്ചിതത്വമാണ് മേരി റോയിയെ അവകാശ പോരാട്ടത്തിന്‍റെ വഴിയിലേക്ക് നയിച്ചത്. കുടുബ സ്വത്തില്‍ സ്തീകള്‍ക്ക് തുല്യാവകാശം ഉറപ്പാക്കുന്നത് സമുദായത്തില്‍ വ്യാപകമായ സ്തീധന സമ്പ്രദായത്തെ ഇല്ലാതാക്കാന്‍ കൂടിയായി പിന്നീട് മാറിയെന്നും മേരി റോയ് പറഞ്ഞിട്ടുണ്ട്. കേസ് നടത്തി അവകാശം കിട്ടിയ കുടുംബ വീട് സഹോദരന് തന്നെ തിരിച്ചു നല്‍കി തന്‍റെ പോരാട്ടം സ്വന്തം സ്വത്തിന് വേണ്ടിയായിരുന്നില്ലെന്ന് കൂടി മേരി റോയ് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി. അരുന്ധതി റോയ് എന്ന വിഖ്യാത എഴുത്തുകാരിയുടെ അമ്മ എന്ന പ്രശസ്തിക്കപ്പുറമായിരുന്ന മേരി റോയിയുടെ വ്യക്തിത്വം. വിദ്യാഭ്യാസ രംഗത്തെ കുടുംബ പാരമ്പര്യം തുടര്‍ന്ന മേരി റോയ് ആദ്യം കോട്ടയത്ത് കോര്‍പ്പസ് ക്രിസ്റ്റി എന്ന സ്കൂളിനു തുടക്കമിട്ടു. പിന്നീട് പള്ളിക്കൂടമെന്ന സ്കൂളിലൂടെ സാമ്പ്രദായിക രീതികളെ മാറ്റിമറിച്ചുള്ള വിദ്യാഭ്യാസ ശൈലിക്കും മേരി റോയ് തുടക്കമിട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios