Asianet News MalayalamAsianet News Malayalam

സ്ഥാനമാറ്റത്തിന്‍റെ ഉത്തരവിലും 'കരുതൽ', സാധാരണ സ്ഥലം മാറ്റം മാത്രമായി ഉത്തരവ്, നടപടിയുടെ ഭാഗമെന്ന് പരാമർശമില്ല

പൊലീസ് തലപ്പത്തെ രണ്ട് ഉന്നത ഉദ്യോഗസ്ഥലെ സ്ഥലം മാറ്റുന്നുവെന്ന തരത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്

action against adgp mr ajithkumar Just like a normal transfer of ips officers; government order does not mention that action is based on dgp's report
Author
First Published Oct 6, 2024, 11:25 PM IST | Last Updated Oct 6, 2024, 11:28 PM IST

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റികൊണ്ടിറക്കിയ സര്‍ക്കാര്‍ ഉത്തരവിലും സംരക്ഷണം. ഡിജിപിയുടെ റിപ്പോര്‍ട്ടിന്‍റെ ഭാഗമായുള്ള നടപടിയെക്കുറിച്ച് ഒന്നും പരാമര്‍ശിക്കാതെ പൊലീസ് തലപ്പത്തെ ഉദ്യോഗസ്ഥരുടെ സാധാരണ സ്ഥലം മാറ്റം മാത്രമായുള്ള ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയത്. 
പൊലീസ് തലപ്പത്തെ രണ്ട് ഉന്നത ഉദ്യോഗസ്ഥലെ സ്ഥലം മാറ്റുന്നുവെന്ന തരത്തിലാണ് ഉത്തരവ്. അജിത് കുമാറിനെ മാറ്റിയത് എന്തിനാണെന്നോ നടപടിയുടെ ഭാഗമാണെന്നോ ഒന്നും തന്നെ ഉത്തരവിൽ പറയുന്നില്ല.

എഡിജിപിക്കെതിരെ നടപടിയെന്ന് പറയുമ്പോഴും വെറും സ്ഥാനമാറ്റം മാത്രമായി സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്‍റേതെന്ന പ്രതിപക്ഷ ആരോപണത്തിന് ബലം പകരുന്ന തരത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം എന്ന രീതിയിലാണ് ഉത്തരവിറക്കിയിട്ടുള്ളത്.  അഡീഷനൽ സെക്രട്ടറി എം അഞ്ജനയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഒരു മാസം നീണ്ട വിവാദക്കൊടുങ്കാറ്റിനിടെയും തൻറെ വിശ്വസ്തനെ മുഖ്യമന്ത്രി കരുതലോടെയാണ് മാറ്റുന്നത്. എന്തിനാണ് മാറ്റമെന്ന് പോലും വിശദീകരിക്കാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ അജിത്  കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പിറക്കിയത്. സായുധ പൊലീസ് ബറ്റാലയിൻ എഡിജിപി സ്ഥാനത്ത് അജിത് കുമാറിനെ നിലനിർത്തിയിട്ടുമുണ്ട്. വാര്‍ത്താക്കുറിപ്പിലും കാരണം വിശദീകരിച്ചിരുന്നില്ല. ഇതുതന്നെയാണ് ഇപ്പോഴിറങ്ങിയ ഉത്തരവിലും ആവര്‍ത്തിക്കുന്നത്.

പേരിനൊരു നടപടി മാത്രമാണ് അജിത് കുമാറിനെതിരെ ഉണ്ടായെന്നത് വ്യക്തമാക്കുന്നതാണ് വാര്‍ത്താക്കുറിപ്പും സര്‍ക്കാര്‍ ഉത്തരവും. ഇത്ര കോലാഹലമുണ്ടായിട്ടും ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് വന്നിട്ടുപോലും സ്ഥാനമാറ്റം മാത്രമാണുണ്ടായത്. അജിത് കുമാറിനെ മാറ്റി പകരം ഇൻറലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ചുമതല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ വാർത്താകുറിപ്പ്. എഡിജിപിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടി എന്ന് മാത്രമാണ് പറയുന്നത്. എന്താണ് റിപ്പോർട്ടെന്നോ, എന്തിന്‍റെ പേരിലാണ് സ്ഥാനമാറ്റമെന്നോ പരാമർശിക്കാതെയാണ് കരുതലോടെയുള്ള മാറ്റം.

സായുധ പൊലീസ് ബറ്റാലിയനിലേക്ക് അജിത് കുമാറിനെ മാറ്റിയെന്നും വാർത്താകുറിപ്പിലുണ്ട്. പക്ഷെ കഴിഞ്ഞ രണ്ടുവർഷമായി അജിത് കുമാർ ആ പദവിയിൽ തുടരുകയാണ്. ഫലത്തിൽ രണ്ട് പദവിയിൽ ഒന്ന് മാറ്റി സേനയിൽ തന്നെ അജിത് കുമാറിനെ നിലനിർത്തുകയായിരുന്നു. ആർഎസ്എസ് നേതാക്കളെ ഊഴം വെച്ച കണ്ടതിൽ എഡിജിപിയുടെ വിശീദകരണം തള്ളിക്കൊണ്ടുള്ള ഡിജിപിയുടെ റിപ്പോർട്ടാണ് മാറ്റത്തിന്‍റെ കാരണം. അവധി ദിവസമായിട്ടും രാത്രി മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തിയാണ് അന്തിമ തീരുമാനമെടുത്തത്. നാളെക്കുള്ളിൽ നടപടിയില്ലെങ്കിൽ നിയമസഭയിൽ കടുത്ത നിലപാടെടുക്കാനായിരുന്നു സിപിഐ നീക്കം.

പ്രതിപക്ഷവും നാളെ വിവാദവിഷയങ്ങൾ നാളെ മുതൽ സഭയിൽ കത്തിക്കാനും തയ്യാറെടുക്കുന്നു. പാർട്ടിക്കുള്ളിൽ നിന്ന് വരെ വിമർശനങ്ങൾ ഉയരുക കൂടി ചെയ്തതോടെയാണ് മുഖ്യമന്ത്രി ഒടുവിൽ മാറ്റാൻ തീരുമാനിച്ചത്. ഡിജിപി തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് മാസങ്ങൾ മാത്രം ബാക്കിയുള്ള മനോജ് എബ്രഹാമിനാണ് പകരം ചുമതല. മനോജ് ഡിജിപിയായാൽ അജിത് കുമാറിന് വീണ്ടും ക്രമസമാധാനച്ചുമതലയിലേക്ക് മടങ്ങാനും സാധ്യതയേറെ. ഒരു സ്ഥാനമാറ്റത്തിനാണെങ്കിൽ എന്തിന് ഒരുമാസത്തോളം കാത്തിരുന്നു എന്നതാണ് പ്രധാനചോദ്യം. പേരിനുള്ള നടപടിയോടെയും എഡിജിപി വിവാദം ഒട്ടും തീരില്ല. അതേസമയം, മനോജ് കുമാര്‍ ക്രമസമാധാന ചുമതലയിലേക്ക് പോകുന്നതോടെ ഒഴിവു വരുന്ന എഡിജിപി ഇന്‍റലിജന്‍സ് വിഭാഗം എഡിജിപിയായെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ പുറത്തിറങ്ങും.

എഡിജിപിയ്ക്കെതിരെ ഒടുവിൽ നടപടി; ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

'ഇത് വെറും പ്രഹസനം, നാളെ നിയമസഭയിൽ കാണാം'; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ

 

Latest Videos
Follow Us:
Download App:
  • android
  • ios