തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായവരുടെ ചിത്രം കുട്ടിയെ കാണിച്ച് പൊലീസ് സംഘം, തിരിച്ചറിയാനായില്ല?
വിദേശത്തേക്ക് കൊണ്ടുപോകാൻ പണം വാങ്ങി കുട്ടിയുടെ അച്ഛൻ റെജി തട്ടിച്ചതിലെ പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം
കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തമിഴ്നാട്ടിലെ പുളിയറയിൽ നിന്ന് പിടിയിലായവരുടെ ചിത്രം കുട്ടിയെ കാണിച്ചു. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ വീട്ടിലെത്തി ചിത്രം കാണിച്ചത്. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞില്ലെന്നാണ് സ്ഥലത്തുണ്ടായിരുന്നവരിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
നേരത്തെ കുട്ടിയുടെ അച്ഛന്റെ മൊഴിയെടുത്ത് മടങ്ങിയവരാണ് വീണ്ടും കുട്ടിയുടെ വീട്ടിലേക്ക് പോയത്. വിദേശത്തേക്ക് കൊണ്ടുപോകാൻ പണം വാങ്ങി കുട്ടിയുടെ അച്ഛൻ റെജി തട്ടിച്ചതിലെ പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം. നഴ്സിങ് റിക്രൂട്ട്മെന്റിന് വേണ്ടി കുട്ടിയുടെ അച്ഛൻ റെജി പണം വാങ്ങിയെന്നും എന്നാൽ ജോലി ലഭിക്കാത്തതിലുള്ള വിരോധമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.
ആര്യങ്കാവ് അതിർത്തി കടന്നാൽ എത്തുന്ന സ്ഥലമാണ് പുളിയറ. പ്രതികൾ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ് എന്നാണ് വിവരം. പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നീല കാറും പ്രതികളെയും പത്തനംതിട്ട ജില്ലയിലെ അടൂര്‍ കെഎപി ക്യാംപിലെത്തിച്ചു.