അബ്ദുല്‍ റഹീമിന്റെ മോചനം: തുക സമാഹരിച്ചത് 3 ബാങ്കുകൾ വഴി, എംബസിക്ക് കൈമാറുന്നതിൽ ബാങ്കുകളുമായി ചര്‍ച്ച
അബ്ദുൽ റഹീമിന്റെ മോചനത്തിനായി സൗദി കോടതിയിലെ തുടർ നടപടികൾക്ക് ഇന്ന് തുടക്കമാകും. ഈദ് അവധി കഴിഞ്ഞ് തുറക്കുന്ന കോടതിയിൽ രേഖകൾ സമർപ്പിക്കാനാണ് ശ്രമം
കോഴിക്കോട്: സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 34 കോടി രൂപ ദയാധനം, ഇന്ത്യന്‍ എംബസിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് റഹീം നിയമസഹായ കമ്മിറ്റി ഇന്ന് ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. മൂന്നു ബാങ്കുകളുടെ അക്കൗണ്ടുകള്‍ വഴിയായിരുന്നു ഇത്രയും വലിയ തുക സമാഹരിച്ചത്. രണ്ടു ദിവസത്തിനകം പണം എംബസിയിലേക്ക് കൈമാറുകയാണ് ലക്ഷ്യം. കോടതിയുടെ അനുമതി കൂടി ലഭിച്ചാല്‍ എംബസി വഴിയാണ് തുക സൗദി കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് നല്‍കുക. കോടതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ശ്രമം നടക്കുന്നുണ്ട്. റഹീം തിരിച്ചു വരുന്നത് വരെ ഫണ്ട് സമാഹരണത്തിനായി രൂപീകരിച്ച ട്രസ്റ്റ് നിലനിര്‍ത്താനാണ് തീരുമാനം. അക്കൗണ്ടില്‍ അധികമായി ലഭിച്ച തുക എന്തു ചെയ്യണമെന്നതില്‍ പിന്നീട് തീരുമാനമെടുക്കും.
അതേസമയം അബ്ദുൽ റഹീമിന്റെ മോചനത്തിനായി സൗദി കോടതിയിലെ തുടർ നടപടികൾക്ക് ഇന്ന് തുടക്കമാകും. ഈദ് അവധി കഴിഞ്ഞ് തുറക്കുന്ന കോടതിയിൽ രേഖകൾ സമർപ്പിക്കാനാണ് ശ്രമം. ഇരു വിഭാഗത്തിന്റെയും അഭിഭാഷകർ ഇന്ന് ഹാജരാകും. മോചനത്തിനായുള്ള ദയാധനം തയാറാണെന്ന കത്ത് നൽകിയിട്ടുണ്ട്. സൗദി കുടുംബത്തിന്റെ സമ്മതപത്രം ഔദ്യോഗികമായി ലഭിക്കുന്നതോടെ നടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. പണം കൈമാറാനുള്ള അക്കൗണ്ട് തുറക്കൽ, മറ്റു നടപടികൾ എന്നിവ ഊർജിതമായി നടക്കുകയാണ്. രേഖകൾ തയാറാക്കലും സൂക്ഷ്മ പരിശോധനയും കഴിഞ്ഞതായി റിയാദിൽ റഹീം നിയമ സഹായ സമിതി ഭാരവാഹികൾ പറഞ്ഞു.