'നാലഞ്ച് ദിവസമായി ബോബിയെ നിരീക്ഷിക്കുന്നു'; സംഖ്യ ഗൂഗിൾ പേ ചെയ്‌തെന്ന് ജലീല്‍

ചില കപട ചാരിറ്റി മാഫിയക്കാരെ പോലെ ആശുപത്രികളുമായി കമ്മീഷന്‍ കരാര്‍ ഉറപ്പിച്ചല്ല ബോബിയെന്ന മനുഷ്യസ്‌നേഹിയുടെ പര്യടനമെന്നും ജലീല്‍.

abdul rahim release blood money collection campaign kt jaleel says about boby chemmanur

മലപ്പുറം: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള ധനസമാഹരണത്തിന് ആഹ്വാനം ചെയ്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെ അഭിനന്ദിച്ച് കെടി ജലീല്‍. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന കാലത്തിന് ഗ്രഹണം സംഭവിച്ചിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ബോബിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് ജലീല്‍ പറഞ്ഞു. ബോബിയുടെ 'സഹജീവി രക്ഷാപര്യടനം' ഇന്ത്യയുടെ എന്നല്ല, ലോക ചരിത്രത്തില്‍ തന്നെ ഒരുപക്ഷെ ആദ്യത്തേതാകാം. നാലഞ്ച് ദിവസമായി ബോബിയെ നിരീക്ഷിക്കുന്നുണ്ട്. തനിക്ക് നല്‍കാനാകുന്ന ഒരു സംഖ്യ ബോബി പറഞ്ഞ നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്ത ശേഷമാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും ജലീല്‍ വ്യക്തമാക്കി. 

ചില കപട ചാരിറ്റി മാഫിയക്കാരെ പോലെ ആശുപത്രികളുമായി കമ്മീഷന്‍ കരാര്‍ ഉറപ്പിച്ചല്ല ബോബിയെന്ന മനുഷ്യസ്‌നേഹിയുടെ പര്യടനമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. റഹീമിനെ രക്ഷിക്കാന്‍ ബോബി ഇറങ്ങിത്തിരിച്ചത് വെറുംകയ്യോടെയല്ല. തന്റെ വകയായി ഒരു കോടി നല്‍കിയ ശേഷമാണ് 'ബ്ലഡ്മണി' ശേഖരിക്കാനുള്ള അദ്ദേഹത്തിന്റെ യാത്ര. ബോബി ഏറ്റെടുത്ത വെല്ലുവിളി വിജയത്തിലേക്ക് നീങ്ങുകയാണ്. പൊതുപ്രവര്‍ത്തകര്‍ക്കും മത-സാമൂഹ്യ-രാഷ്ട്രീയ നേതാക്കള്‍ക്കും അനുകരിക്കാവുന്ന മാതൃകയാണ് ബോബിയുടേതെന്നും ജലീല്‍ പറഞ്ഞു. 


കെടി ജലീലിന്റെ കുറിപ്പ്: കഴുമരച്ചുവട്ടില്‍ റഹീമും, രക്ഷകനായി ബോബിയും. ബോബി ചെമ്മണ്ണൂര്‍ കിറുക്കനാണെന്ന് ആക്ഷേപിക്കുന്നവരുണ്ട്. ചില കിറുക്കന്‍മാര്‍ ഇല്ലായിരുന്നെങ്കില്‍ നന്‍മയുടെ ഉറവകള്‍ എന്നേ വറ്റിപ്പോകുമായിരുന്നു. അബദ്ധത്തില്‍ താന്‍ കാരണം സംഭവിച്ച ഒരു മരണം. അതിന് ജീവന്‍ പകരമായി നല്‍കാനാണ് സൗദ്യാറേബ്യയിലെ കോടതി വിധി. അതിനെ മറികടക്കാന്‍ രണ്ടു വഴികളേ ഉള്ളൂ. മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഘാതകന് മാപ്പ് നല്‍കുക. അതല്ലെങ്കില്‍ വധിക്കപ്പെട്ട വ്യക്തിയുടെ കുടുംബം പറയുന്ന നഷ്ടപരിഹാരത്തുക നല്‍കി ശിക്ഷയില്‍ നിന്ന് മുക്തി നേടുക. സ്വദേശിയായാലും വിദേശിയായാലും ഈ നിയമം എല്ലാവര്‍ക്കും സൗദിയില്‍ ബാധകമാണ്. കരുതിക്കൂട്ടി ഒരാളുടെ ജീവനെടുത്താലും മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.

അറിയാതെ പറ്റിയ 'അബദ്ധത്തിന്' ജീവന്‍ പകരം നല്‍കേണ്ട അവസ്ഥയില്‍ നീറി നീറി മരണം മുന്നില്‍ കാണുന്ന മലയാളിയായ റഹീം. 34 കോടി ഇന്ത്യന്‍ രൂപയാണ് മരണപ്പെട്ടയാളുടെ രക്ഷിതാക്കള്‍ അവരുടെ മകന്റെ ജീവന് നിശ്ചയിച്ച വില. ആ വില റഹീമിന്റെയും ജീവന്റെ വിലയാണ്. റഹീമിനെ രക്ഷിക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ഇറങ്ങിത്തിരിച്ചത് വെറുംകയ്യോടെയല്ല. തന്റെ വകയായി ഒരുകോടി രൂപക്ക് റസീപ്റ്റ് എഴുതിയ ശേഷമാണ് 'ബ്ലഡ്മണി' ശേഖരിക്കാനുള്ള അദ്ദേഹത്തിന്റെ യാത്ര. നാട്ടിലെ ചില കപട ചാരിറ്റി മാഫിയക്കാരെപ്പോലെ ഹോസ്പിറ്റലുകളുമായി കമ്മീഷന്‍ കരാറുപ്പിച്ചല്ല ബോബി ചെമ്മണ്ണൂരെന്ന മനുഷ്യസ്‌നേഹിയുടെ പര്യടനം. സ്വയം മാതൃകയായ ശേഷം ബോബി ഏറ്റെടുത്ത വെല്ലുവിളി വിജയത്തിലേക്ക് നീങ്ങുകയാണ്. പൊതുപ്രവര്‍ത്തകര്‍ക്കും മത-സാമൂഹ്യ-രാഷ്ട്രീയ നേതാക്കള്‍ക്കും അനുകരിക്കാവുന്ന മാതൃകയാണ് ബോബി ചെമ്മണ്ണൂരിന്റേത്. 

നാലഞ്ച് ദിവസമായി ബോബിയെ ഞാന്‍ നിരീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ സംരഭത്തില്‍ പങ്കാളിയാകണം എന്ന തോന്നലാണ് കാരണം. എനിക്ക് നല്‍കാനാകുന്ന ഒരു സംഖ്യ ബോബി പറഞ്ഞ നമ്പറിലേക്ക് ഗൂഗില്‍ പേ ചെയ്ത ശേഷമാണ് ഞാനീ കുറിപ്പ് എഴുതുന്നത്. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന കാലത്തിന് ഗ്രഹണം സംഭവിച്ചിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ബോബിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കടുത്ത ചൂട് വകവെക്കാതെയുള്ള അദ്ദേഹത്തിന്റെ 'സഹജീവി രക്ഷാപര്യടനം' ഇന്ത്യയുടെ എന്നല്ല, ലോകചരിത്രത്തില്‍ തന്നെ ഒരുപക്ഷെ ആദ്യത്തേതാകാം. 

'സ്‌നേഹം കൊണ്ട് ലോകം കീഴടക്കുക' എന്ന ബോച്ചെയുടെ വാക്കുകള്‍ ഇസ്ലാമിക ചരിത്രത്തിലെ ഒരു സംഭവത്തിലേക്കാണ് എന്റെ മനസ്സിനെ കൊണ്ടുപോയത്. ഖലീഫ ഉമറിന്റെ ഭരണകാലം. മൂന്നുപേര്‍ ചേര്‍ന്ന് ഒരു യുവാവിനെ ഭരണാധികാരിയുടെ മുന്നില്‍ ഹാജരാക്കി, പരാതി ബോധിപ്പിച്ചു: 'ഇയാള്‍ ഞങ്ങളുടെ പിതാവിനെ കൊന്നു'. ഖലീഫ ഉമര്‍ പ്രതിയെ നോക്കി. 'ശരിയാണ്, പക്ഷെ അറിഞ്ഞു കൊണ്ട് ചെയ്തതല്ല. അബദ്ധത്തില്‍ പറ്റിയതാണ്'. അയാള്‍ മറുപടി നല്‍കി. കേസ് വിചാരണക്കെത്തി. കൊല്ലപ്പെട്ട വ്യക്തിയുടെ മക്കള്‍ ക്ഷമിക്കാന്‍ തയ്യാറായില്ല. കുടുംബം മാപ്പ് നല്‍കിയില്ലെങ്കില്‍ കൊലപാതകത്തിന് വധശിക്ഷയാണ് നിയമം. 

ഖലീഫ ഉമര്‍ പ്രതിയോട് ചോദിച്ചു: 'അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ?'. പ്രതി പറഞ്ഞു: 'എനിക്ക് വീട്ടുകാരെ കണ്ട് യാത്ര പറയാന്‍ മൂന്ന് ദിവസം സമയം തരണം'. പ്രതിക്ക് പോകണമെങ്കില്‍ മദീനയിലുള്ള ഒരാള്‍ ജാമ്യം നില്‍ക്കണം. പ്രതി മടങ്ങി വന്നില്ലെങ്കില്‍ ജാമ്യക്കാരന്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. അതാണ് നാട്ടുവ്യവസ്ഥ.അപരചിതനായ ഒരാള്‍ക്ക് വേണ്ടി ജാമ്യം നില്‍ക്കാന്‍ ആരും തയ്യാറായില്ല. ആ സമയം പ്രായമായ ഒരു മനുഷ്യന്‍ ഉമറിന്റെ കോടതിയില്‍ എഴുന്നേറ്റ് നിന്നു. ജാമ്യക്കാരനെ കണ്ട് ഉമര്‍ ഞെട്ടി. 
ഖലീഫ ചോദിച്ചു: 'അബൂ ദര്‍റ്, താങ്കളോ..?' 'അതെ ഖലീഫ, അയാള്‍ക്കുവേണ്ടി ഞാന്‍ ജാമ്യം നില്‍ക്കാം'. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഇഷ്ടഭാജനമായ സഹപ്രവര്‍ത്തകനാണ് ജാമ്യക്കാരന്‍. രണ്ടാം ഖലീഫ ഉമര്‍ മുന്നറിയിപ്പു നല്‍കി: 'പ്രതി മടങ്ങി വന്നില്ലെങ്കില്‍ ശിക്ഷ താങ്കള്‍ അനുഭവിക്കേണ്ടി വരും'. ''അറിയാം'. അദ്ദേഹം പ്രതിവചിച്ചു.

അബൂ ദര്‍റിന്റെ ജാമ്യത്തില്‍ പ്രതി നാട്ടിലേക്ക് പോയി. ആദ്യ രണ്ട് ദിവസവും മൂന്നാം ദിവസവും കഴിഞ്ഞു. അവധി കഴിഞ്ഞിട്ടും പ്രതി മടങ്ങി വരാതെ ആയപ്പോള്‍ ജാമ്യം നിന്ന അബൂ ദര്‍റിനെ തൂക്കിലേറ്റാന്‍ തീരുമാനമായി. കഴുമരത്തിലേക്ക് അബൂ ദര്‍റ് നടന്നുപോകുകയാണ്. കൂടി നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഹൃദയമിടിപ്പ് കൂടി. പ്രവാചക ശിഷ്യനെയാണ് വധിക്കാന്‍ പോകുന്നത്.  ഖലീഫയും ഒന്ന് പതറാതിരുന്നില്ല. പക്ഷെ നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യര്‍. ആ സമയത്താണ് ദൂരെ നിന്നും ഒരാള്‍ ഓടിക്കിതച്ച് വരുന്നത് ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. അടുത്തെത്തിയപ്പോള്‍ ആളെ മനസ്സിലായി. തൂക്കിലേറ്റപ്പെടേണ്ട യുവാവാണത്. എല്ലാവരും സ്തബ്ധരായി. ആര്‍ക്കും ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥ. കിതച്ചുവന്ന പ്രതിയോട് ഖലീഫ ചോദിച്ചു: 'എന്തുകൊണ്ടാണ് വൈകിയത്..?'
'കുട്ടിക്ക് അസുഖമായിരുന്നു. അല്പസമയം അവനെ തലോടി അവന്റെ  അടുത്തിരുന്നു '
'വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അവസരം ഉണ്ടായിട്ടും നിങ്ങള്‍ എന്തിനാണ് മടങ്ങി വന്നത്?', ഉമര്‍ വീണ്ടും ചോദിച്ചു.

പ്രതിയുടെ ഉത്തരം കേള്‍ക്കാന്‍ കൂടി നിന്നവര്‍ കാതുകള്‍ കൂര്‍പ്പിച്ചു. അബൂ ദര്‍റിന്റെ മുഖത്തേക്ക് നോക്കി പ്രതി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: 'എന്നെ വിശ്വസിച്ച ഒരാളെ വഞ്ചിക്കരുതെന്ന് ഞാന്‍ ആഗ്രഹിച്ചു'. അബൂ ദര്‍റിന് നേരെത്തിരിഞ്ഞ് ഖലീഫ ചോദിച്ചു.
'അപരിചിതനായ ഒരാള്‍ക്ക് വേണ്ടി താങ്കള്‍ ജാമ്യം നിന്നു. അയാള്‍ മടങ്ങി വരുമെന്ന് എന്തുറപ്പാണ് താങ്കള്‍ക്ക്  ഉണ്ടായിരുന്നത്..?'
'ഞാന്‍ ജീവിച്ചിരിക്കെ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥയുണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു'
ഒരു പരിചയവുമില്ലാത്ത രണ്ടു മനുഷ്യരുടെ വിശ്വാസവും മനുഷ്യത്വവും കണ്ട് കോടതിയിലുണ്ടായിരുന്നവരുടെ കണ്ണുകള്‍ നിറഞ്ഞു. 
ശിക്ഷ നടപ്പിലാക്കുന്നത് കാണാന്‍ എത്തിയ കൊല്ലപ്പെട്ട വ്യക്തിയുടെ മക്കളും ആ കൂട്ടത്തിലുണ്ടായിരുന്നു. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്ത അവര്‍ തൊണ്ടയിടറി വിളിച്ചു പറഞ്ഞു: 'പ്രതിക്ക് ഞങ്ങള്‍ മാപ്പു നല്‍കിയിരിക്കുന്നു'. ഇതുകേട്ട ഖലീഫ ചോദിച്ചു: 'ഇപ്പോഴെന്തേ ഒരുമനം മാറ്റം'. അവര്‍ മൊഴിഞ്ഞു: ''വിശ്വാസികളുടെ നേതാവെ, ഞങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്ത് ആരും ആരെയും വിശ്വസിക്കാത്തവരായി ഉണ്ടാവരുതെന്ന് ഞങ്ങള്‍ അഗ്രഹിക്കുന്നു'. ഉത്തരം കേട്ട ഖലീഫ ഉമര്‍ അവരെ ആലിംഗനം ചെയ്ത് വിതുമ്പി.

അബൂദര്‍റിന്റെ സ്ഥാനത്ത് ലോകമെങ്ങുമുള്ള മലയാളികളാണ് ഇന്ന് കൊലമരച്ചുവട്ടില്‍ നില്‍ക്കുന്നത്. പ്രതിയായ യുവാവിന്റെ സ്ഥാനത്ത് റഹീമും. നന്മമനസ്സിന്റെ വാഹകനായി ബോബി ചെമ്മണ്ണൂരും കൂട്ടിനുണ്ട്. മാപ്പ് കൊടുക്കാന്‍ ഹൃദയവിശാലതയുള്ളവരെ ചുറ്റുവട്ടത്തൊന്നും കാണുന്നില്ല. ലോകം മുഴുവന്‍ പകരം കൊടുത്താലും ഒരു ജീവന്‍ നമുക്ക് തിരിച്ചു കിട്ടില്ല. ബോബിയുടെ ജീവന്‍ രക്ഷായജ്ഞത്തില്‍ എല്ലാവരും പങ്കാളികളാവുക. ബോചെയുടെ മഹാമനസ്‌കതക്കും മാനവികതക്കും മുന്നില്‍ എന്റെ കൂപ്പുകൈ.

അവധിക്കാലം ആഘോഷിക്കാൻ പോയി, എത്തിപ്പെട്ടത് ലോകത്തിലെ ഏറ്റവും കഠിനമായ ജയിലിൽ 
 

Latest Videos
Follow Us:
Download App:
  • android
  • ios