കനകേലു കെപിസിസി ഉപദേശകനായ ശേഷം സംഭവിക്കുന്നത് ഇതാണ്! ഫേസ്ബുക്ക് ഫാക്ട്ചെക്ക് പങ്കുവച്ച് വിമർശനവുമായി എഎ റഹീം
ഈ വ്യാജ പോസ്റ്റിനെ ഫേസ്ബുക്ക് മറച്ചു വെക്കുന്നത്, നിങ്ങളുടെ മുഖംമൂടി നഷ്ടപ്പെടുന്നതിന്റെ ലക്ഷണമാണെന്നും ഒന്ന് നന്നായിക്കൂടെ കോൺഗ്രസേ എന്നും റഹീം ചോദിച്ചിട്ടുണ്ട്
തിരുവനന്തപുരം: സുനിൽ കനകേലു കെ പി സി സി ഉപദേശകനായി ചുമതലയേറ്റതിന് ശേഷം ആസൂത്രിതമായ വ്യാജ പ്രചാരണങ്ങൾ സംഘടിപ്പിക്കുകയാണെന്ന വിമർശനവുമായി രാജ്യസഭാ എംപിയും ഡി വൈ എഫ് ഐ അഖിലേന്ത്യാ അധ്യക്ഷനുമായ എ എ റഹീം രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ നെറികെട്ട വ്യാജപ്രചരണങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണ് കോൺഗ്രസെന്നാണ് റഹീമിൻ്റെ വിമർശനം. കോൺഗ്രസിൻ്റെ പേജിൽ കുടുംബശ്രീയുമായി ബന്ധപ്പെട്ട വീഡിയോയുടെ ഫേസ്ബുക്ക് ഫാക്ട്ചെക്ക് പങ്കുവച്ചുകൊണ്ടാണ് റഹീമിൻ്റെ വിമർശനം. പോസ്റ്റ് പങ്കുവച്ച റഹീം, ഈ വ്യാജ പോസ്റ്റിനെ ഫേസ്ബുക്ക് മറച്ചു വെക്കുന്നത്, നിങ്ങളുടെ മുഖംമൂടി നഷ്ടപ്പെടുന്നതിന്റെ ലക്ഷണമാണെന്നും ഒന്ന് നന്നായിക്കൂടെ കോൺഗ്രസേ എന്നും ചോദിച്ചിട്ടുണ്ട്.
റഹീമിൻ്റെ കുറിപ്പ്
നെറികെട്ട വ്യാജപ്രചരണങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണ് കോൺഗ്രസ്സ്. കനകേലു കെ പി സി സി ഉപദേശകനായി ചുമതലയേറ്റതിന് ശേഷം ആസൂത്രിതമായ വ്യാജ പ്രചാരണങ്ങൾ സംഘടിപ്പിക്കുകയാണ്. അത്തരമൊരു വീഡിയോ ഫെയ്‌സ്ബുക്ക് തന്നെ വ്യാജമെന്ന് കണ്ടെത്തി നീക്കം ചെയ്തിരിക്കുകയാണ്.
കുടുംബശ്രീ 25 വർഷം പിന്നിടുമ്പോൾ സംഘടനയുടെ
അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ -ജീവിതഭദ്രത-നമ്മുടെ സന്തോഷം, പുതിയ അറിവുകൾ പുതിയ ആശയങ്ങൾ, ഡിജിറ്റൽ കാലം എന്നീ അഞ്ച് വിഷയങ്ങളിൽ പരിശീലനം നേടിയ റിസോഴ്സ് പേർസൺസിനെ ഉപയോഗിച്ച് നമ്മുടെ കുടുംബശ്രീ പ്രവർത്തകർക്ക് സ്കൂളിന്റെ ഗൃഹാതുരത്വം ഓർമിപ്പിച്ചുകൊണ്ട് പരിശീലനം നൽകുന്ന പദ്ധതിയാണ് 'തിരികെ സ്കൂളിലേക്ക്'. ഒക്ടോബർ 1 മുതൽ ഡിസംബർ 10 വരെ സ്കൂളുകളിലെ അവധി ദിനങ്ങളിൽ രാവിലെ 9:30 മുതൽ വൈകീട്ട് 4:30 വരെ തീർത്തും സ്കൂളിന്റെ അനുഭൂതി ഉളവാക്കി പരിശീലനം നൽകുന്ന വ്യത്യസ്തവും നൂതനവുമായ മുന്നേറ്റമാണ് ഈ പദ്ധതി.
കുടുംബശ്രീയുടെയും നമ്മുടെ സ്ത്രീകളുടെയും ഉന്നമനത്തോട്, മുന്നേറ്റത്തോട് ഉള്ള നിങ്ങളുടെ ഭയമാണോ കെപിസിസിക്ക്.
നിങ്ങളുടെ ഈ വ്യാജ വാർത്ത 'കുതന്ത്രം' കൊണ്ട് കേരളത്തെ പിടിച്ചു കെട്ടാൻ ആവും എന്ന് കരുതണ്ട. ഫേസ്ബുക്ക് fact check തന്നെ നിങ്ങളുടെ വ്യാജ പോസ്റ്റിനെ മറച്ചു വെക്കുന്നത്, നിങ്ങളുടെ മുഖംമൂടി നഷ്ടപ്പെടുന്നതിന്റെ ലക്ഷണമാണ്...
ഒന്ന് നന്നായിക്കൂടെ KPCC...!
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം