'ബസിൽ കയറിയത് കത്തിയുമായി, കുത്തണമെന്ന് ഉറപ്പിച്ചു'; മലപ്പുറത്ത് യുവതിയെ ആക്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ
ഗൂഡല്ലൂർ സ്വദേശി സീതയെയാണ് വയനാട് മൂലങ്കാവ് സ്വദേശി സനിൽ കുത്തിയത്. യുവാവിന്റെ നില ഗുരുതരമാണ്. ഇന്നലെ 11.15 ഓടെയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നടുക്കുന്ന സംഭവം.
മലപ്പുറം: മലപ്പുറം വെന്നിയൂരിൽ ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചതിന് ശേഷം സ്വയം കഴുത്തറുത്ത യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗൂഡല്ലൂർ സ്വദേശി സീതയെയാണ് വയനാട് മൂലങ്കാവ് സ്വദേശി സനിൽ കുത്തിയത്. ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നടുക്കുന്ന സംഭവമുണ്ടായത്.
യുവാവ് കോട്ടയത്തും യുവതി ആലുവയിലുമാണ് ജോലി ചെയ്യുന്നത്. ഇരുവരും രണ്ടു വർഷത്തോളമായി പരിചയക്കാരാണെന്ന് പൊലീസ് അറിയിച്ചു.
മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിൽ യുവതിക്ക് കുത്തേറ്റു; പ്രതി സ്വയം കഴുത്തറുത്തു
യുവതിയെ ആക്രമിക്കണം എന്ന ഉദ്ദേശത്തോടെയാണ് യുവാവ് എടപ്പാൾ വെച്ച് ബസിൽ കയറിയത്. രണ്ടു പേരുടെയും ബന്ധുക്കളോ സുഹൃത്തുക്കളോ ബസിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. ബസ്സിൽ കയറിയ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായി യാത്രക്കാർ പറയുന്നു. ഇരുവരേയും പിന്നീട് സീറ്റ് മാറ്റിയിരുത്തി. ദീർഘദൂര ബസ് ആയതുകൊണ്ടുതന്നെ ലൈറ്റ് ഓഫാക്കിയപ്പോൾ ബാഗിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് സനൽ യുവതിയെ കുത്തുകയായിരുന്നു. യുവതിക്ക് നെഞ്ചിൽ പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തു. എന്നാൽ യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയാണ്. അതിനു ശേഷം മാത്രമേ പറയാൻ കഴിയൂവെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് യുവാവ് ചികിത്സയിലുള്ളത്.
'നിരന്തരം ശല്യം, ഫോട്ടോ ഉപയോഗിച്ച് ഭീഷണി, മകൾ നാട്ടിലേക്ക് തിരിച്ചത് സനലിനെ ഭയന്ന്': കുത്തേറ്റ സീതയുടെ കുടുംബം