എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം; ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്
പ്രിയങ്ക ഗാന്ധിയുടെ വിജയം മുസ്ലിം വർഗീയ വാദികളുടെ പിൻബലത്തിലാണെന്നായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന.
മലപ്പുറം: വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ നടത്തിയ പരാമർശവുമായി ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിർദ്ദേശം നല്‍കി. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്‍റാണ് വിജയരാഘവന്റെ പ്രസ്താവനയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകിയത്.
വയനാട്ടിൽ രാഹുൽ ഗാന്ധിയും തുടര്‍ന്ന് പ്രിയങ്കയും ജയിച്ചത് വർഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന. കോൺഗ്രസും ലീഗും വിജയരാഘവനെ കടന്നാക്രമിച്ചപ്പോൾ വിജയരാഘവൻ പറഞ്ഞത് പാർട്ടി ലൈൻ തന്നെയാണെന്നായിരുന്നു നേതാക്കൾ കൂട്ടത്തോടെ ഉറപ്പിച്ച് പറഞ്ഞത്. ലീഗിനെ ലക്ഷ്യം വെച്ച് വിജയരാഘവൻ്റെ പരാമർശത്തെ സിപിഎം നേതാക്കൾ ന്യയീകരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാർട്ടിയുടെ നയം മാറ്റത്തിൻ്റെ ഭാഗമായിട്ടാണ് വിലയിരുത്തല്‍.
വിജയരാഘവൻ്റെ പരാമർശം ദേശീയ തലത്തിൽ ബിജെപിയും ആയുധമാക്കിയിരുന്നു. ഇന്ത്യസഖ്യത്തിൽ തന്നെ വിള്ളലുണ്ടാക്കി ബിജെപിക്ക് ആയുധം നൽകുന്നുവെന്നായിരുന്നു കോൺഗ്രസ് വിമർശനം. എന്നാൽ എസ്ഡിപിഐ ജമാ അത്ത് ഇസ്ലാമി പോലുള്ള വർഗ്ഗീയ സംഘടനകളെ കൂട്ട് പിടിച്ച യുഡിഎഫാണ് ബിജെപിക്ക് വളംവെക്കുന്നതെന്നാണ് സിപിഎമ്മിന്‍റെ മറുപടി.
Also Read: നവകേരള സദസ് സമ്പൂർണ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ വിമർശനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം