ആലുവ പൊലീസ് സ്റ്റേഷനു മുന്നിലെ ആൽ മരത്തിൽ കയറി ട്രാൻസ് ജൻഡർ യുവതിയുടെ ആത്മഹത്യാ ഭീഷണി
ഇതര സംസ്ഥാനക്കാരായ ലൈംഗിക തൊഴിലാളികൾ ഇക്കഴിഞ്ഞ 17 ന് അന്നയേയും മറ്റും അക്രമിച്ചിരുന്നു. ഈ കേസിൽ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി.
കൊച്ചി: എറണാകുത്ത് പൊലീസ് സ്റ്റേഷന് മുന്നിൽ ആൽമരത്തിൽ കയറി ട്രാൻസ്ജെൻഡർ യുവതിയുടെ ആത്മഹത്യ ഭീഷണി. രാത്രി പന്ത്രണ്ടരയോടെ മരത്തിൽ കയറിയ അന്ന രാജുവിനെ രാവിലെ എട്ട് മണിയോടെയാണ് അനുനയിപ്പിച്ച് ഫയർഫോഴ്സിന് താഴെ ഇറക്കാനായത്. കഴിഞ്ഞ മാസം പതിനേഴിന് ഇതര സംസ്ഥാനക്കാരായ ട്രാൻസ് ജെൻഡർ ലൈംഗിക തൊഴിലാളികൾ അന്ന രാജുവിനെയും സുഹൃത്തുക്കളെയും ആലുവയിൽ വച്ച് ആക്രമിച്ചിരുന്നു. സംഭവത്തിൽ കേസെടുത്തെങ്കിലും , പ്രതികളെ പിടികൂടിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ മരത്തിന് മുകളിൽ കയറി അന്ന രാജു ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ തങ്ങളെ പൊലീസ് അപമാനിച്ചെന്നും ഇവർ ആരോപിക്കുന്നു.
അർദ്ധരാത്രി മുതൽ ആത്മഹത്യ ഭീഷണി മുഴക്കിയ അന്ന രാജുവിനെ സുഹൃത്തുക്കളും ആലുവ പൊലീസും അനുനയിപ്പിച്ച് താഴെ ഇറക്കാൻ പലകുറി നോക്കി. ഒടുവിൽ കേസിൽ തുടർനടപടി എടുക്കാമെന്ന് ഉറപ്പുനൽകിയശേഷമാണ് അന്ന വഴങ്ങിയത്. ക്ഷീണിതയായ യുവതിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഏണി വച്ച് കയറി താഴെ ഇറക്കി ആശുപത്രിയിലേക്ക് മാറ്റി.
ഉര്‍ഫി ജാവേദ് ട്രാന്‍സ്‌ജെന്‍ഡറാണ് : വെളിപ്പെടുത്തലുമായി നടന്‍ ഫൈസന്‍ അന്‍സാരി
ആലുവ ടൗണിലും പരിസരത്ത് ഇതര സംസ്ഥാനക്കാരായ ട്രാൻസ്‌ജെണ്ടേഴ്സും മലയാളികളായ ട്രാൻസ് ജെണ്ടേഴ്സും തമ്മിൽ സംഘർഷം പതിവാണ്. ഇന്നലെ രാത്രിയും എടയപ്പുറത്ത് ഒരു ട്രാൻസ് ജെന്‍ടർ യുവതിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി.