പുതുപ്പള്ളിയില്‍ സിപിഎമ്മിന്‍റെ ആദ്യ പ്രതികരണം; എല്‍ഡിഎഫ് ജയിച്ചാൽ ലോകാത്ഭുതമെന്ന് എ കെ ബാലൻ
കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച മണ്ഡലമല്ലേ, അതുണ്ടാകുമോയെന്ന് നോക്കാമെന്നും എ കെ ബാലൻ പറഞ്ഞു.
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാൽ അത് ലോകാത്ഭുതമെന്ന് എ കെ ബാലൻ. ഇപ്പോൾ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോയെന്നും എ കെ ബാലന്‍ ചോദിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച മണ്ഡലമല്ലേ, അതുണ്ടാകുമോയെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വന്‍ ലീഡുമായി മുന്നേറുകയാണ്. ആദ്യ മണിക്കൂറിൽ ആറായിരത്തിലേറെ വോട്ടുകൾക്ക് ചാണ്ടി ഉമ്മൻ ലീഡുയർത്തി. അയർക്കുന്നത്ത് എന്താകും സ്ഥിതിയെന്ന അങ്കലാപ്പ് യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടായിരുന്നുവെങ്കിലും ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡ് പിടിച്ചു. രണ്ടാം റൗണ്ടിൽ തന്നെ സമ്പൂർണ്ണാധിപത്യത്തിലേക്ക് ചാണ്ടിയെത്തുന്ന കാഴ്ചയാണ് ആദ്യ മണിക്കൂറിൽ തന്നെയുണ്ടായത്.
8 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണൽ വൈകിയാണ് ആരംഭിച്ചത്. ആദ്യം പോസ്റ്റൽ വോട്ടുകളെണ്ണിയപ്പോൾ 4 വോട്ടിന് ചാണ്ടി ലീഡ് പിടിച്ചു. പത്ത് വോട്ടുകളിൽ ഏഴെണ്ണം ചാണ്ടിക്കും 3 വോട്ടുകൾ ജെയ്ക്ക് സി തോമസിനും ലഭിച്ചു. അസന്നിഹിത വോട്ടുകളിലും ചാണ്ടി കൃത്യമായ ലീഡുയർത്തി. ഒരു ഘട്ടത്തിൽ പോലും ജെയ്ക്കിന് മുന്നിലേക്ക് എത്താനായില്ല. കഴിഞ്ഞ തവണ ജെയ്ക്ക് സി തോമസും എൽഡിഎഫും മുന്നേറിയ അയർക്കുന്നത്ത് ഇത്തവണ ചാണ്ടി വലിയ തരംഗമുണ്ടാക്കി.