'സാങ്കേതിക വിപ്ലവങ്ങളിലേക്ക് നയിച്ച രാജീവ്'; പിണറായിയും മോദിയുമെല്ലാം ഇന്ന് ഗുണഫലം അനുഭവിക്കുന്നു: ആന്‍റണി

പിളരുകയും പിന്നീട് ലയിക്കുകയും ചെയ്ത് എ.കെ ആന്‍റണി കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത് 1982ല്‍. പിന്നെയും രണ്ടുവര്‍ഷം കഴിഞ്ഞ് എറണാകുളത്തെ വാടകവീട്ടിലിരിക്കുമ്പോള്‍ ഡല്‍ഹിയില്‍നിന്നൊരു ഫോണ്‍വന്നു...

a k antony remembering rajiv gandhi btb

രാജ്യത്ത് ഐടി വിപ്ലവത്തിന് തുടക്കമിട്ട ഭരണാധികാരിയെന്ന വിശേഷണം ഉള്‍പ്പടെ രാജീവ് ഗാന്ധിയെ അനുസ്മരിക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. പഞ്ചായത്തിരാജ് നഗരപാലിക നിയമം, സംവരണം ഉള്‍പ്പടെയുള്ള സാമൂഹ്യനീതി, സ്ത്രീശാക്തീകരണ പദ്ധതികള്‍, വോട്ടവകാശത്തിനുള്ള പ്രായം, വിദ്യാഭ്യാസ മേഖലയിലെ ഉന്നമനം തുടങ്ങി രാജീവിലെ ഭരണാധികാരി ഓര്‍മ്മിക്കപ്പെടുന്നത് രാജ്യത്തിന്‍റെ വിവിധങ്ങളായ വളര്‍ച്ചയിലൂടെയാണ്. എന്നാല്‍ തീര്‍ത്തും വ്യക്തിപരമായൊരു ഓര്‍മ പങ്കുവയ്ക്കുകയാണ് രാജീവിന്‍റെ രക്തസാക്ഷിത്വദിനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എ.കെ ആന്‍റണി.

പിളരുകയും പിന്നീട് ലയിക്കുകയും ചെയ്ത് എ.കെ ആന്‍റണി കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത് 1982ല്‍. പിന്നെയും രണ്ടുവര്‍ഷം കഴിഞ്ഞ് എറണാകുളത്തെ വാടകവീട്ടിലിരിക്കുമ്പോള്‍ ഡല്‍ഹിയില്‍നിന്നൊരു ഫോണ്‍വന്നു. മറുവശത്ത് രാജീവ് ഗാന്ധിയായിരുന്നു. അടിയന്തരമായി ഡൽഹിയിലേക്ക് എത്താന്‍ പറഞ്ഞു. മൂന്നുനാല് ദിവസം കഴിഞ്ഞ് എത്താമെന്ന് ആന്‍റണിയുടെ മറുപടി. പറ്റില്ല, അടിയന്തരമായി തന്നെ വരണം എന്ന് രാജീവ്.. അങ്ങനെ പിറ്റേന്ന് പുലര്‍ച്ചെ തന്നെ ഡല്‍ഹിയിലേക്ക് പറന്നു. കേരള ഹൗസിൽ താമസിച്ചതിനു ശേഷം രാവിലെ രാജീവിനെ വിളിച്ചു. സഫ്ദര്‍ജംഗ് റോഡിലെ ഒന്നാംനമ്പര്‍ വസതിയേലേക്ക് എത്താന്‍ പറഞ്ഞു.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വസതി. രാജീവ് ഒന്നും പറയാതെ അകത്തേക്ക് വിളിച്ചുകൊണ്ടുപോയി.  നേരെ കയറിയത് ഇന്ദിരാഗാന്ധിയുടെ മുറിയിലേക്ക്. ഇന്ദിരാഗാന്ധി ആന്‍റണിയോട് പറഞ്ഞു, "എന്‍റെ കൂടെ പാര്‍ട്ടിയുടെ ജനറൽ സെക്രട്ടറി പ്രവർത്തിക്കണം". അന്ന് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയും പാര്‍ട്ടിയുടെ പ്രസിഡന്‍റും ഇന്ദിരയാണ്. അങ്ങനെ ഇന്ദിരാഗാന്ധിയുടെ മരണം വരെ, മാസങ്ങള്‍ മാത്രം എ.കെ ആന്‍റണി അവരുടെ കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി. അന്ന് രാജീവ് ഗാന്ധിയും എഐസിസി ജനറല്‍സെക്രട്ടറിയാണ്. രാജീവ് പിന്നീട് പ്രസിഡന്‍റ് പദവിയിലെത്തിയപ്പോള്‍ മൂന്നുവര്‍ഷം അദ്ദേഹത്തിന്‍റെയും ജനറല്‍ സെക്രട്ടറിയായി ആന്‍റണി പ്രവര്‍ത്തിച്ചു.

പറഞ്ഞു വരുമ്പോൾ ആന്‍റണിയെ ഡൽഹിക്കാരനാക്കി മാറ്റിയത് രാജീവ് ഗാന്ധിയാണ്. ആന്‍റണി പറയുന്നതിങ്ങനെ "എന്‍റെ സുഹൃത്തുക്കൾക്ക് പലർക്കും ഡൽഹിയാത്ര വലിയ ഇഷ്ടമായിരുന്നു. അപ്പോഴും എനിക്ക് ഡൽഹിയോട് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല.. ഡൽഹിയിൽ പോകാനേ മടിയായിരുന്നു.. അടിയന്തര യോഗത്തിന് വല്ലതും പോയാൽ തന്നെ വൈകുന്നേരമാകുമ്പോഴേക്കും ഞാൻ കേരളത്തിലേക്ക് തിരിക്കുമായിരുന്നു. അങ്ങനെ, ഡൽഹി ഒട്ടും ഇഷ്ടമല്ലാതിരുന്ന എനിക്ക് ഡല്‍ഹി പ്രിയപ്പെട്ടതാക്കിയത് രാജീവ് ഗാന്ധിയാണ്"

രാജീവ് ഗാന്ധിയുടെ അത്രയും മനുഷ്യസ്നേഹിയായ, ജീവകാരുണ്യ മനോഭാവമുള്ള  മറ്റൊരു നേതാവിനെയും തന്‍റെ ഇക്കാലത്തെ ജീവിതത്തിനിടയില്‍ കണ്ടിട്ടില്ലെന്ന് പറയുന്നു എ കെ ആന്‍റണി.  കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ജാതിയും മതവും ദേശവും രാഷ്ട്രീയവും ഒന്നും നോക്കിയിരുന്നില്ല. മരിക്കുന്നതിന് മൂന്നുദിവസം മുമ്പ് കേരളത്തിലായിരുന്നു രാജീവ് ഗാന്ധിയുടെ പര്യടനം. അദ്ദേഹത്തോടൊപ്പം ഹെലികോപ്റ്ററിൽ ഒപ്പം പോയതും ആന്‍റണിയായിരുന്നു. കണ്ണൂരിലെ അവസാനയോഗത്തിന് മുമ്പ് കോഴിക്കോട് വച്ച് ആന്‍റണി യാത്രപറഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു. രാജീവ് അനുസ്മരണത്തില്‍ ആന്‍റണി പറഞ്ഞുനിര്‍ത്തിയത് ഇങ്ങനെ..

"ഇപ്പോഴും ഓർക്കുമ്പോൾ ഉൾക്കൊള്ളാൻ കഴിയാത്തൊരു ട്രാജഡിയാണത്. ജീവിതത്തില്‍ പിടിച്ചുലച്ച രണ്ട് രക്തസാക്ഷിത്വങ്ങള്‍, ഇന്ദിരയും രാജീവും.. രണ്ടാമതൊരു തവണ കൂടി രാജീവ് പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ത്യയുടെ സ്ഥിതി ഇതാവുമായിരുന്നില്ല. അത്ര വലിയ കാഴ്ചപ്പാടായിരുന്നു രാജീവ് ഗാന്ധിക്ക്. കമ്പ്യൂട്ടർ വിപ്ലവവും ടെലികോം വിപ്ലവവും ടെക്നോളജി മിഷനും അങ്ങനെ ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യയെ നയിച്ചത് അദ്ദേഹമായിരുന്നു. അതിന്‍റെ ഗുണഫലമാണ് പിണറായിയും മോദിയും എല്ലാം ഇന്ന് അനുഭവിക്കുന്നത്. അന്നെല്ലാം അതിനെ പലരും പരിഹസിച്ചു. ഇന്നതിന്‍റെ ആനുകൂല്യം കൈപ്പറ്റുന്നു. രാജ്യത്തിന്‍റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന മഹാത്മാഗാന്ധിയുടെ വാക്കുകളെ സാക്ഷാത്കരിച്ചത് രാജീവ് ഗാന്ധിയായിരുന്നു"

രാജീവ് ഗാന്ധിയുടെ മുഴുവൻ പേര് നിങ്ങൾക്കറിയുമോ? ഫിറോസ് ഗാന്ധിയുടെ എതിർപ്പും നെഹ്റുവിന്‍റെ നടക്കാതെ പോയ ആഗ്രഹവും

Latest Videos
Follow Us:
Download App:
  • android
  • ios