'മോശം പെരുമാറ്റം, മര്‍ദ്ദിക്കാന്‍ ശ്രമം', വനിതാ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും എതിരെ പരാതി
സംഭാഷണം ഫോണിൽ റെക്കോഡ് ചെയ്തത് നശിപ്പിക്കണം എന്നാവശ്യപ്പെട്ട് ബസ് നിർത്തിയിട്ടതായും ഷിബു പരാതിയില്‍ പറയുന്നുണ്ട്.
കൊല്ലം: കൊല്ലത്ത് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ യാത്രക്കാരനോട് മോശമായി പെരുമാറിയതായി പരാതി. ഇന്നലെ വൈകിട്ടാണ് സംഭവം. കൊട്ടാരക്കര ഡിപ്പോയിൽ നിന്നും തെങ്കാശിക്ക് പോയ ബസിലെ വനിതാ കണ്ടക്ടർ മോശമായി പെരുമാറിയെന്നും ഡ്രൈവര്‍ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് പരാതി. പത്തനാപുരം സ്വദേശി ഷിബു എബ്രഹാമിനാണ് ദുരനുഭവം ഉണ്ടായത്. യാത്രക്കാരോട് ജീവനക്കാർ കയര്‍ത്ത് സംസാരിക്കുന്നത് ഫോണിൽ റെക്കോഡ് ചെയ്തത് ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബസ് റോഡിൽ നിര്‍ത്തിയിട്ടു. സംഭവത്തിൽ പൊലീസിനും കെ എസ് ആര്‍ ടി സി എം ഡി ക്കും ഷിബു എബ്രഹാം പരാതി നൽകി. അതേസമയം തിരുവനന്തപുരം കാട്ടാക്കടയിൽ ബസ് കൺസെഷൻ കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനും മകൾക്കും കെഎസ്ആര്‍ടിസി ജീവനക്കാരുടെ അതിക്രമം നേരിടേണ്ടി വന്നു. കോഴ്സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ചത്. തടയാൻ എത്തിയ മകളേയും ആക്രമിച്ചു.
രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. മകൾക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസെഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ. പുതിയ കൺസെഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നു പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനന്‍റെ മറുപടിക്ക് പിന്നാലെ വാക്കേറ്റമായി. വെറുതെയല്ല കെ എസ് ആർ ടി സി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതും ജീവനക്കാർക്ക് ഇഷ്ടപ്പെട്ടില്ല. ഇതിന് പിന്നാലെ ജീവനക്കാർ ചേർന്ന് പ്രേമനന്‍റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ടു. ആക്രമണത്തിൽ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇടിച്ച് പ്രേമന് പരിക്കേറ്റു.