അമ്മയും മക്കളും സഞ്ചരിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിൻ്റെ സൈഡ് ഇടിച്ചു; മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
ഇടത് വശം ചേർന്ന് പോവുകയായിരുന്ന സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിൻ്റെ സൈഡ് ഇടിക്കുകയായിരുന്നു
കൊച്ചി: അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി കെഎസ്ആർടിസി ബസ് ഇടിച്ചു മരിച്ചു. പാമ്പാക്കുട അഡ്വഞ്ചർ സ്കൂളിലെ വിദ്യാർത്ഥിനി ആരാധ്യയാണ് മരിച്ചത്. പെരിയപ്പുറം കൊച്ചു മലയിൽ അരുൺ-അശ്വതി ദമ്പതികളുടെ മകളാണ് ആരാധ്യ. കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡിൽ ഉപ്പുകണ്ടം പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. അമ്മ അശ്വതിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇളയ കുട്ടിയും വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ആരാധ്യ പഠിക്കുന്ന പാമ്പാക്കുട അഡ്വഞ്ചർ സ്കൂളിലെ അധ്യാപികയാണ് അമ്മ അശ്വതി. അച്ഛൻ അരുൺ വിദേശത്താണ്. സ്കൂളിലെ ഡാൻസ് പ്രോഗ്രാമിന് ഡ്രസ്സ് എടുക്കാൻ കൂത്താട്ടുകുളത്തേക്ക് വന്നതായിരുന്നു ആരാധ്യ. അശ്വതിയുടെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ്സിന്റെ സൈഡ് ഭാഗം ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തെറിച്ചുവീണ ആരാധ്യയുടെ മുകളിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. ആരാധ്യയുടെ മൃതശരീരം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്ത് ജോലി ചെയ്യുന്ന അരുൺ നാട്ടിൽ എത്തിയ ശേഷമാകും ആരാധ്യയുടെ സംസ്കാരച്ചടങ്ങുകൾ നടത്തുക.