കുട്ടിക്കളിയല്ലിത് ! കലോത്സവ വേദികളിലുള്ളത് 6000 കുട്ടി വൊളണ്ടിയർമാർ, 1400 പേർ ഷിഫ്റ്റിൽ ;നയിക്കാൻ കേരള പൊലീസ്
ഗതാഗതം, ഹരിതപ്രോട്ടോകോൾ,പ്രോഗ്രാം കമ്മിറ്റി എന്നിവയിലാണ് കുട്ടികളുടെ സേവനം പ്രധാനമായുമുള്ളത്. പ്രത്യേക പരിശീലനത്തിനുശേഷമാണ് ഇവരെ കലോത്സവവേദികളിലെ വോളണ്ടിയർമാരായി തെഞ്ഞെടുത്തത്.
തിരുവനന്തപുരം : സ്കൂൾ കലോത്സവ വേദിയിലെ മത്സരങ്ങൾ പോലെ തന്നെ ഊർജസ്വലമാണ് വേദിയിലെ വിവിധ കമ്മറ്റികളിലായുള്ള കുട്ടികളുടെ പ്രവർത്തനങ്ങൾ. ക്രമസമാധാന കമ്മിറ്റിയുടെ ഭാഗമായി കേരള പോലീസിന്റെ നേതൃത്വത്തിൽ 6000 കുട്ടികളാണ് എസ്.പി. സി, എൻ. എസ്. എസ്, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് , എൻ. സി. സി, ജെ. ആർ. സി തുടങ്ങിയവയിൽ നിന്നു വോളണ്ടിയർമാരായി പ്രവർത്തിക്കുന്നത്. ഇതിൽ നിന്ന് 1400 കുട്ടികളാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ദിവസവും ക്രമാസമാധാന കമ്മറ്റിയുടെ കീഴിൽ മാത്രം സേവനത്തിലുള്ളത്. ഇവരെ നയിക്കുന്നതിനായി 200 അധ്യാപകരുമുണ്ട്.
ഗതാഗതം, ഹരിതപ്രോട്ടോകോൾ,പ്രോഗ്രാം കമ്മിറ്റി എന്നിവയിലാണ് കുട്ടികളുടെ സേവനം പ്രധാനമായുമുള്ളത്. പ്രത്യേക പരിശീലനത്തിനുശേഷമാണ് ഇവരെ കലോത്സവവേദികളിലെ വോളണ്ടിയർമാരായി തെഞ്ഞെടുത്തത്. ഭക്ഷണക്കമ്മിറ്റിക്കായി നൂറ്റിയൻപത് കുട്ടികൾ, വെൽഫെയർ കമ്മറ്റിക്കായി വിവിധ കൗണ്ടറുകളിലായി അറുപതു കുട്ടികളെയും റിസപ്ഷൻ കമ്മിറ്റിയിൽ ഉദ്ഘാടന , സമാപന ചടങ്ങുകൾക്കായി ഇരുനൂറ് കുട്ടികളെയും നിയോഗിച്ചിട്ടുണ്ട്. പൂർണമായും ഹരിതപ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തുന്ന കലോത്സവത്തിനായി കുട്ടികൾ 'പ്ലാസ്റ്റിക് അറസ്റ്റ്' എന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
വേദികളിലേക്ക് കടക്കും മുൻപ് പ്ലാസ്റ്റിക് കുപ്പികളിൽ സ്റ്റിക്കറുകൾ ഒട്ടിക്കുകയും അവ നഷ്ടമായാൽ 10 രൂപ പിഴ ഈടാക്കുന്ന സംവിധാനമാണിത്. ഇതിനുപുറമേ മാതൃകാപരമായി സ്കൂളുകളിൽ നിന്നു സന്നദ്ധസേനാസംഘങ്ങളും കലോത്സവവേദിയിലുണ്ട്.പട്ടം സെൻ്റ് മേരീസ് സ്കൂളിൽ നിന്നുമെത്തിയ വിദ്യാർത്ഥികൾ പരിസരശുചിത്വം ഉറപ്പാക്കുന്നതിനായി കാർപെറ്റ്, കസേര , പേപ്പർ തുണ്ടു മുതൽ പ്ലാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ നീക്കം ചെയ്യാൻ മുൻപന്തിയിൽ തന്നെയുണ്ട്.