കലോത്സവം ആവേശകരമായ രണ്ടാം ദിവസത്തിൽ; സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോഴിക്കോടും കണ്ണൂരും തൃശൂരും

57 മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് കോഴിക്കോടും കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം നിൽക്കുന്നത്. ഉദ്ഘാടനം ദിവസം സമയക്രമം പാലിക്കാതെയാണ് പല മത്സരങ്ങളും അവസാനിച്ചത്.

63rd kerala state school kalolsavam first day round up tight fight between three districts for golden cup

തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ രണ്ടാം ദിവസത്തിൽ. സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കോഴിക്കോടും കണ്ണൂരും തൃശൂരും. സമയക്രമം പാലിക്കാനാവാത്തത് ഇക്കുറിയും പ്രതിസന്ധിയായി. ജനപ്രിയ ഇനങ്ങളാണ് ഇന്ന് വേദികളിലുള്ളത്. ഒഴിവു ദിനമായതിനാൽ വേദികളിൽ കാണികൾ നിറയുമെന്നാണ് പ്രതീക്ഷ. 

57 മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് കോഴിക്കോടും കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം നിൽക്കുന്നത്. ഉദ്ഘാടനം ദിവസം സമയക്രമം പാലിക്കാതെയാണ് പല മത്സരങ്ങളും അവസാനിച്ചത്. വേദി ഒന്നിലെ ഹയർ സെക്കന്‍ററി വിഭാഗം സംഘനൃത്തം, വേദി അഞ്ചിലെ പൂരക്കളി, വേദി ഏഴിലെ ഹൈസ്കൂൾ വിഭാഗം നങ്യാർകൂത്ത് എന്നിവയാണ് വൈകി അവസാനിച്ച മത്സരങ്ങൾ. 

വേദി മൂന്നായ ടാഗോർ തിയേറ്ററിൽ ഹയർ സെക്കന്‍ഡറി വിഭാഗം നാടക മത്സരമാണ് ഇന്നത്തെ മുഖ്യ ആകർഷണം. വേദി രണ്ടിൽ ഉച്ചയ്ക്ക് ശേഷം ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ നാടോടിനൃത്ത മത്സരം നടക്കും. 

ആദ്യ ദിനത്തിന് മിഴിവേകി നൃത്തയിനങ്ങൾ

ഒന്നാം ദിനത്തില്‍ കാണികളെ ആവേശഭരിതരാക്കി ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങിയ നൃത്തയിനങ്ങളിലെ മത്സരങ്ങളാണ് വിവിധ വേദികളിലായി നടന്നത്. ആദ്യമത്സരമായ മോഹിനിയാട്ടം പ്രധാന വേദിയായ എം ടി നിളയില്‍ (സെന്‍ട്രല്‍ സ്റ്റേഡിയം) രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു. 14 ജില്ലകളില്‍ നിന്നും അപ്പീല്‍ ഉള്‍പ്പടെ 23 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. നിറഞ്ഞ സദസിനു മുന്നിലാണ് മോഹിനികള്‍ ആടിത്തിമിര്‍ത്തത്. 

വഴുതക്കാട് ഗവ. വിമണ്‍സ് കോളേജിലെ പെരിയാര്‍ വേദിയിലെ എച്ച് എസ് എസ് വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരത്തില്‍ 5 ക്ലസ്റ്ററിലായി 11 അപ്പീലുകള്‍ ഉള്‍പ്പടെ 25 വിദ്യാര്‍ത്ഥിനികളാണ് അരങ്ങിലെത്തിയത്. അഭിനേത്രിയും നര്‍ത്തകിയുമായ  ശ്രുതി ജയന്‍,  നര്‍ത്തകിമാരായ  സാബവി ജഗദീഷ് , രേഷ്മ ജി  എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. നിറഞ്ഞ സദസ്സിലെ വാശിയേറിയ മത്സരത്തില്‍ ഓരോ മത്സരാര്‍ത്ഥികളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.

കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കല്ലടയാര്‍ വേദിയില്‍ ഹയര്‍ സെക്കന്ററി വിഭാഗം കഥകളി (ഗ്രൂപ്പ്) മത്സരം അരങ്ങേറി. 10 ഗ്രൂപ്പുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. നിറഞ്ഞ സദസിന് മുന്നില്‍ ഓരോ ഗ്രൂപ്പുകളും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചു. കഥകളി വേഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകരുടെ പ്രോത്സാഹനം മത്സരാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു. പച്ച, മിനുക്ക് എന്നീ കഥകളി വേഷങ്ങളില്‍ പ്രതിഭ തെളിയിച്ച കോട്ടക്കല്‍ സി എം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ചിനോഷ് ബാലന്‍, കലാമണ്ഡലം വൈശാഖ് എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. ടാഗോര്‍ തിയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈ സ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരം കാണികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. വിവിധ ക്ലസ്റ്ററുകളിലായി 23 വിദ്യാര്‍ത്ഥിനികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഓരോ മത്സരാര്‍ത്ഥികളും ഗംഭീരമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. പ്രശസ്ത കുച്ചിപ്പുടി കലാകാരി മധുരിമ നാര്‍ള, രേഖ സതീഷ്,  രേഷ്മ യു രാജു  എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

വ്യത്യസ്തവും വാശിയേറിയതുമായ സംഘനൃത്ത വിഭാഗം കാണികള്‍ക്ക് കൗതുകമേകി. എം.ടി നിള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സംഘ നൃത്തത്തില്‍ 4 ക്ലസ്റ്ററുകളിലായി 24 ടീമുകള്‍ പങ്കെടുത്തു. ചടുലവും വ്യത്യസ്തവുമായ അവതരണത്തിലൂടെ എല്ലാ ടീമുകളും ശ്രദ്ധ പിടിച്ചുപറ്റി. ഓരോ ടീമുകളും വിവിധ കഥകളെയയും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളേയുമാണ് നൃത്തത്തിലൂടെ അവതരിപ്പിച്ചത്. വൈശാലി കല്ലിങ്ങല്‍, കലാമണ്ഡലം ഗിരിജ രാമദാസ്, കലാമണ്ഡലം ബിന്ദു മോഹനന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ടാഗോര്‍ തീയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ മാര്‍ഗംകളി മത്സരം മത്സരാര്‍ത്ഥികളിലും കാണികളിലും ആവേശമുണര്‍ത്തി. 15 ടീമുകളെ നാല് ക്ലസ്റ്ററുകളായി തിരിച്ച് നടത്തിയ മത്സരത്തില്‍ പ്രശസ്ത കലാകാരന്‍മായ ഫ്രാന്‍സിസ് വടക്കന്‍, സ്റ്റീന രാജ്, പ്രൊഫസര്‍ വി. ലിസി മാത്യു എന്നിവര്‍ വിധികര്‍ത്താക്കളായി. രണ്ടാം വേദിയായ 'പെരിയാറില്‍ ' ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പന മത്സരത്തില്‍ 4 ക്ലസ്റ്ററുകളിലായി  22 ഗ്രൂപ്പുകള്‍ മത്സരത്തില്‍ പങ്കെടുത്തു. റഹ്‌മാന്‍ വാഴക്കാട് , ഒ.എം. കരുവാരകുണ്ട്, മുനീറ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

മാറ്റത്തിന്‍റെ ചരിത്രമെഴുതി കലോത്സവം, മംഗലംകളി ആടിത്തിമിര്‍ക്കുമ്പോൾ കാസര്‍ക്കോട്ടെ കുട്ടികൾക്ക് അഭിമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios