Asianet News MalayalamAsianet News Malayalam

അഭിമാന പദ്ധതി, രണ്ടര വർഷം കൊണ്ട് 6,38,322 തൊഴിലവസരങ്ങൾ; എംഎസ്എംഇ രംഗത്ത് ചരിത്ര നേട്ടവുമായി കേരളം

സംരംഭക വർഷം പദ്ധതിയിലൂടെ 93,000ത്തിലധികം വനിതാ സംരംഭകർ കേരളത്തിലുണ്ടായി എന്നതും ശ്രദ്ധേയമാണെന്ന് മന്ത്രി

638322 jobs and 300227 enterprises in two and a half years Keralam historical achievement in MSME
Author
First Published Oct 1, 2024, 2:26 PM IST | Last Updated Oct 1, 2024, 2:29 PM IST

തിരുവനന്തപുരം: സംരംഭക വർഷം പദ്ധതിയിലൂടെ 3,00,227 സംരംഭങ്ങളെന്ന ചരിത്രനേട്ടം കേരളം കൈവരിച്ചുവെന്ന് മന്ത്രി പി രാജീവ്. എംഎസ്എംഇ മേഖലയിൽ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ) ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ട അഭിമാന പദ്ധതി 6,38,322 തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നും 19,446.26 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നെന്നും മന്ത്രി അറിയിച്ചു. 

2022 മാർച്ച് 30ന് ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ 93,000ത്തിലധികം വനിതാ സംരംഭകർ കേരളത്തിലുണ്ടായി എന്നതും ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു.  എല്ലാ പഞ്ചായത്തുകളിലും സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കാനായി 1153 എക്സിക്യുട്ടീവുകളെ നിയമിച്ചു. 1034 ഹെൽപ് ഡെസ്കുകൾ ആരംഭിക്കുകയും ചെയ്തു. ഒപ്പം എംഎസ്എംഇ സംരംഭം ആരംഭിക്കുന്നതിന് 4 ശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകിയതും സംരംഭക ലോകത്തേക്ക് ആളുകളെ ആകർഷിച്ചെന്ന് മന്ത്രി പറഞ്ഞു. 

കേരളത്തിലെ എംഎസ്എംഇകളിൽ നിന്നും തെരഞ്ഞെടുത്ത 1000 എംഎസ്എംഇകളെ നാലു വർഷത്തിനുള്ളിൽ ശരാശരി 100 കോടി വിറ്റുവരവുള്ള ബിസിനസുകളായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ 'മിഷൻ 1000' പദ്ധതി മുന്നോട്ടുപോകുകയാണെന്നും മന്ത്രി വിശദീകരിച്ചു. എംഎസ്എംഇകൾക്ക്  അപകട സാധ്യതകളിൽ നിന്ന് സാമ്പത്തിക പരിരക്ഷ നൽകുന്നതിന് എംഎസ്എംഇ ഇൻഷുറൻസ് പദ്ധതിയും വ്യവസായ വകുപ്പ് ആരംഭിച്ചു. കേരളത്തിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്കും നൽകുന്ന സേവനങ്ങൾക്കും ഒരു ആഗോള ഗുണനിലവാരം കൊണ്ടുവരാനും അതു വഴി ഈ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ ഉള്ള വിപണന സാധ്യത കൂട്ടുന്നതിനുമായി കേരളാ ബ്രാന്‍റ് എന്ന പദ്ധതിയും സർക്കാർ ആരംഭിച്ചു. 

രാജ്യത്ത് ഒരു വർഷം ആരംഭിക്കുന്ന എംഎസ്എംഇകളിൽ 30 ശതമാനം അടച്ചുപൂട്ടുമ്പോൾ കേരളത്തിൽ 15 ശതമാനം മാത്രമാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. എല്ലാ ജില്ലകളിലും ആരംഭിച്ചിരിക്കുന്ന ടെക്നോളജി ക്ലിനിക്കുകൾ വഴി സംരംഭകരുടെയും സംരംഭങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വ്യവസായ വകുപ്പ് ഇടപെടുന്നുണ്ട്. മൂന്ന് ലക്ഷം സംരംഭങ്ങൾ കടന്ന് സംരംഭക വർഷം മുന്നേറുമ്പോൾ കേരളത്തിന്‍റെ ഈ നേട്ടം ആഘോഷിക്കാമെന്നും ഇനിയും മുന്നോട്ടുപോകാമെന്നും മന്ത്രി പറഞ്ഞു. 

'കാപ്പിയും കട്‍ലറ്റും പതിവാ, ഷോക്കായിപ്പോയി': 52 വർഷം രുചി വിളമ്പിയ ചങ്ങനാശ്ശേരിയിലെ ഇന്ത്യൻ കോഫി ഹൗസ് ഇനി ഓർമ
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios