50414 കോടി! 'കേരളത്തിന് വാരിക്കോരി ധനസഹായവും പദ്ധതികളും നൽകിയ പ്രധാനമന്ത്രി', മന്‍മോഹനെ അനുസ്മരിച്ച് കെപിസിസി

13 കേന്ദ്ര അക്കാദമിക് സ്ഥാപനങ്ങളും 10 കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രതിരോധ മന്ത്രാലയത്തിന്റെ 6 സ്ഥാപനങ്ങളും കേരളത്തിനു ലഭിച്ചെന്നും സുധാകരൻ ചൂണ്ടികാട്ടി

50414 crores KPCC remembers Ex Prime Minister Manmohan Singh who gave many financial aid and schemes to Kerala

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ അനുസ്മരിക്കാൻ കെ പി സി സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുശോചന യോഗം സംഘടിപ്പിച്ചു. കേരളത്തിന് വാരിക്കോരി ധനസഹായവും പദ്ധതികളും നല്കിയ പ്രധാനമന്ത്രിയായിരുന്നു ഡോ മന്‍മോഹന്‍ സിങെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി പറഞ്ഞത്. അതൊരു സുവര്‍ണകാലമായിരുന്നു. 2004-2014 ല്‍ യു പി എ സര്‍ക്കാര്‍ കേരളത്തിനു നല്കിയത് 50414 കോടി രൂപയാണ്. 13 കേന്ദ്ര അക്കാദമിക് സ്ഥാപനങ്ങളും 10 കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രതിരോധ മന്ത്രാലയത്തിന്റെ 6 സ്ഥാപനങ്ങളും കേരളത്തിനു ലഭിച്ചെന്നും സുധാകരൻ ചൂണ്ടികാട്ടി.

'വാജ്പേയിക്ക് സ്ഥലം കണ്ടെത്തിയല്ലോ'; മൻമോഹൻ സിംഗിന്റെ സ്മാരക വിവാദത്തിൽ കേന്ദ്രത്തിനെതിരെ കെ.സി വേണു​ഗോപാൽ

എല്ലാ ജില്ലകള്‍ക്കും അരഡസന്‍ പദ്ധതികളെങ്കിലും കിട്ടി. മൊത്തം 89 പദ്ധതികള്‍ അദ്ദേഹം കേരളത്തിനു നൽകി. മന്‍മോഹൻ സിങ്  മന്ത്രിസഭയില്‍ കേരളത്തിൽ നിന്ന് 8 മന്ത്രിമാര്‍ ഉണ്ടായിരുന്നു. എ കെ ആന്റണിയും വയലാര്‍ രവിയും കാബിനറ്റ് മന്ത്രിമാരായി. ഡോ. ശശി തരൂര്‍, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, പ്രൊഫ. കെ വി തോമസ് എന്നിവര്‍ സഹമന്ത്രിമാരായി. പ്രൊഫ. പിജെ കുര്യനെ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍മാനായി നിയമിച്ചു. ചോദിച്ചതും അതിനപ്പുറവും അദ്ദേഹം കേരളത്തിനു നൽകി. സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ചുള്ള വികസന പ്രവര്‍ത്തനമാണ് നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു.

ചരിത്രത്തില്‍ ആദ്യമായി പ്രതിരോധ വ്യവസായം കേരളത്തില്‍ ആരംഭിച്ചത് ഡോ മന്‍മോഹൻ സിങിന്‍റെ കാലത്തായിരുന്നെന്ന് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ പത്തുവര്‍ഷത്തെ ഭരണംകൊണ്ട് ഇന്ത്യ ലോകത്തിലെ 5 പ്രധാനപ്പെട്ട സാമ്പത്തിക ശക്തികളിലൊന്നായി. സൈനിക ശാസ്ത്രസാങ്കേതിക മേഖലകളില്‍ ലോകത്തെ  നാലോ അഞ്ചോ സ്ഥാനത്തെത്തി. എല്ലാവരേയും കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന വിനയാന്വിതനും മിതഭാഷിയുമായിരുന്നു അദ്ദേഹം. നോട്ട് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ മാത്രമാണ് മന്‍മോഹൻ സിങ് കയര്‍ത്തു സംസാരിക്കുന്നതു കണ്ടത്. ആസൂത്രിതമായ കവര്‍ച്ച, നിയമവിധേയമായ കൊള്ളയടി, സമ്പൂര്‍ണ ദുരന്തം എന്നാണ് അദ്ദേഹം നോട്ടുനിരോധനത്തെ വിശേഷിപ്പിച്ചത്.  അപ്രതീക്ഷിതമായി അദ്ദേഹം ധനമന്ത്രിയായപ്പോള്‍ കോണ്‍ഗ്രസ് അംഗംപോലും ആയിരുന്നില്ല. സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും അചഞ്ചലമായ പാര്‍ട്ടിക്കൂറ് അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നെന്നും ആന്റണി പറഞ്ഞു.

മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, പ്രഫ പിജെ കുര്യന്‍, എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ എന്‍.ശക്തന്‍, വി.പി.സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ.എം.ലിജു,  ടി.യു.രാധാകൃഷ്ണന്‍, ജി.എസ്.ബാബു, അബ്ദുള്‍ മുത്തലിബ്, അഡ്വ.ജി.സുബോധന്‍, പി.എ.സലീം, അഡ്വ.പഴകുളം മധു, അഡ്വ.കെ.പി.ശ്രീകുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വി.എസ്.ശിവകുമാര്‍, ചെറിയാന്‍ ഫിലിപ്പ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ, പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, കെ.മോഹന്‍ കുമാര്‍, മണക്കാട് സുരേഷ്, റ്റി.ശരത്ചന്ദ്രപ്രസാദ്, ആറ്റിപ്ര അനില്‍, അഡ്വ.ആര്‍.വി.രാജേഷ്, വിനോദ് കൃഷ്ണ,  പി.സുഭാഷ്ചന്ദ്ര ബോസ്, അഡ്വ.പ്രാണകുമാര്‍, കമ്പറ നാരായണന്‍, ചെമ്പഴന്തി അനില്‍, ജലീല്‍ മുഹമ്മദ്,  ഗായത്രി വി നായര്‍, ആര്‍. ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios