ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ് ചെയ്തു

ജീവനക്കാരുടെ പേര്‌, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 

38 revenue officers suspended in welfare pension fraud

തിരുവനന്തപുരം : ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ. റവന്യൂ, സർവ്വേ വകുപ്പിൽ 38 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം. കർശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവർക്കെതിരെ സ്വീകരിക്കും. ജീവനക്കാരുടെ പേര്‌, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റിൽ 5000 മുതൽ 50000 രൂപ വരെ സാമൂഹ്യ പെൻഷനായി കൈപ്പറ്റിയവരുണ്ട്‌.  വിവിധ വകുപ്പുകളിലായി 1458 ജീവനക്കാർ പെൻഷൻ വാങ്ങിയെന്നാണ്‌ ധനവകുപ്പ്‌ നേരത്തെ കണ്ടെത്തിയത്‌. 

സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ ഗുരുതര തട്ടിപ്പ്‌ കണ്ടെത്തിയത്‌. കോളേജ്‌ അസിസ്‌റ്റന്‍റ് പ്രൊഫസർമാർ, ഹയർ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്‍റെ നിർദേശം.

രണ്ട്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ്‌ ജോലി എടുക്കുന്നത്‌. ഒരാൾ പാലക്കാട്‌ ജില്ലയിലെ സർക്കാർ കോളേജിൽ ജോലി ചെയ്യുന്നു. ഹയർ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ്‌ പെൻഷൻ വാങ്ങുന്നത്‌. ആരോഗ്യ വകുപ്പിലാണ്‌ ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ്‌ രണ്ടാം സ്ഥാനത്ത്‌. 224 പേർ. മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും, ആയൂർവേദ വകുപ്പിൽ (ഇന്ത്യൻ സിസ്‌റ്റം ഓഫ്‌ മെഡിസിൻ) 114 പേരും, മൃഗസംരണക്ഷ വകുപ്പിൽ 74 പേരും, പൊതു മരാമത്ത്‌ വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്‌. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46 പേരും, ഹോമിയോപ്പതി വകുപ്പിൽ 41 പേരും. കൃഷി, റവന്യു വകുപ്പുകളിൽ 35 പേർ വീതവും, ജുഡീഷ്യറി ആൻഡ്‌ സോഷ്യൽ ജസ്‌റ്റീസ്‌ വകുപ്പിൽ 34 പേരും, ഇൻഷ്വറൻസ്‌ മെഡിക്കൽ സർവീസ്‌  വകുപ്പിൽ 31 പേരും, കോളേജിയറ്റ്‌ എഡ്യുക്കേഷൻ വകുപ്പിൽ 27 പേരും, ഹോമിയോപ്പതിയിൽ 25 പേരും ക്ഷേമ പെൻഷൻ കൈപറ്റുന്നു. 

മറ്റ്‌ വകുപ്പുകളിലും സ്ഥാപനങ്ങിലും പെൻഷൻ പറ്റുന്നവരുടെ എണ്ണം ചുവടെ: വിൽപന നികുതി 14 വീതം, പട്ടികജാതി ക്ഷേമം 13, ഗ്രാമ വികസനം, പൊലീസ്‌, പിഎസ്‌സി, ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ 10 വീതം, സഹകരണം എട്ട്‌,  ലജിസ്ലേച്ചർ സെക്രട്ടറിയറ്റ്‌, തൊഴിൽ പരിശീലനം, പൊതുഭരണം, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഏഴു വീതം, വനം വന്യജീവി ഒമ്പത്‌, സോയിൽ സർവെ, ഫിഷറീസ്‌ ആറു വീതം, തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവാസായവും വാണിജ്യവും, ഫയർഫോഴ്‌സ്‌, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ്‌ ജനറൽ ഓഫീസ്‌ നാലു വീതം, സാമൂഹിക ക്ഷേമം, രജിസ്‌ട്രേഷൻ, മ്യുസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്‌സൈസ്‌, ആർക്കിയോളജി  മൂന്നു വീതം, തൊഴിൽ, ലീഗൽ മെട്രോളജി, മെഡിക്കൽ എക്‌സാമിനേഷൻ ലബോട്ടറി, എക്‌ണോമിക്‌സ്‌ ആൻഡ്‌ സ്‌റ്റാറ്റിറ്റിക്‌സ്‌, ലാ കോളേജുകൾ രണ്ടു വീതം, എൻസിസി, ലോട്ടറീസ്‌, ജയിൽ, തൊഴിൽ കോടതി, ഹാർബർ എൻജിനിയറിങ്‌, ഇലക്‌ട്രിക്കൽ ഇൻസ്‌പക്‌ട്രേറ്റ്‌, ഡ്രഗ്‌സ്‌ കൺട്രോൾ, വിന്നോക്ക വിഭാഗ വികസനം, കയർ വകിസനം ഒന്നു വീതം. വിവിധ തലങ്ങളിലുള്ള പരിശോധനകൾ തുടരാനാണ്‌ ധന വകുപ്പ്‌ തീരുമാനം. അനർഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും, അർഹരായവർക്ക്‌ മുഴുവൻ കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികൾ തുടരുമെന്ന്‌ ധന വകുപ്പ്‌ വൃത്തങ്ങൾ വ്യക്തമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios