ഒന്നും രണ്ടുമല്ല, 30,000 പേർ! സിപിഎമ്മിന്‍റെ സ്പെഷ്യൽ കേഡറുകൾ, ലക്ഷ്യം വളരെ വലുത്; രണ്ടും കൽപ്പിച്ച് പാർട്ടി
ആലപ്പുഴയിൽ നിന്ന് ആകെ പോയൊരു കനൽത്തരി കൊണ്ട് പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പിടിച്ച് നിൽക്കാനാകില്ലെന്ന തിരിച്ചറിവിലാണ് സിപിഎം ഇത്തവണ തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങുന്നത്.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്തുടനീളം സ്പെഷ്യൽ കേഡറുകളെ വിന്യസിക്കാൻ സിപിഎം. ഇതിനായി പ്രത്യേകം തെരഞ്ഞെടുത്ത മുപ്പതിനായിരം പേര്‍ക്കാണ് പാര്‍ട്ടി പരിശീലനം നൽകുന്നത്. ഈ മാസം 28 മുതൽ മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരത്ത് ചേരുന്ന കേന്ദ്ര കമ്മിറ്റിക്ക് പിന്നാലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്കും കടക്കും. കേരളത്തിലാകെ 20 സീറ്റ്, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം കാഴ്ച വച്ചത് 19 -1 എന്ന മട്ടിൽ ദയനീയ പ്രകടനമാണ്.
ആലപ്പുഴയിൽ നിന്ന് ആകെ പോയൊരു കനൽത്തരി കൊണ്ട് പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പിടിച്ച് നിൽക്കാനാകില്ലെന്ന തിരിച്ചറിവിലാണ് സിപിഎം ഇത്തവണ തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങുന്നത്. നവകേരള സദസ് മുൻനിര്‍ത്തി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ബൂത്ത് കമ്മിറ്റികളുണ്ടാക്കിയ ഇടത് മുന്നണി താഴേ തട്ടിൽ സംഘടന സംവിധാനം തെരഞ്ഞെടുപ്പിന് സജ്ജമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ ജനകീയ വിഷയങ്ങളിൽ നിലപാട് വിശദീകരിക്കാനും സര്‍ക്കാര്‍ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും വിപുലമായ പ്രചാരണം നടത്താൻ ഒരുങ്ങുന്നത്.
30000 പേരടങ്ങുന്ന പ്രചാരണ സംഘം രൂപീകരിച്ച് കഴിഞ്ഞു. സംഘാടക ശേഷിയുള്ളവരെ അതാത് ഘടകങ്ങളിൽ നിന്ന് കണ്ടെത്തി പരിശീലനം നൽകുന്നുണ്ട്. എന്തൊക്കെ വിഷയങ്ങൾ സംസാരിക്കണമെന്നും എങ്ങനെ അവതരിപ്പിക്കണമെന്നും മുൻകൂട്ടി തീരുമാനിച്ച ശേഷം അത് ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുകയെന്ന വലിയ ദൗത്യമാണ് സ്പെഷ്യൽ കേഡറുകളെ ഏൽപ്പിച്ചിട്ടുള്ളത്. സൈബര്‍ ഇടങ്ങൾ മുതൽ വീടുകയറി ഇറങ്ങി പ്രാചാരണം വരെ വിപുലവും വ്യത്യസ്തവുമായ പ്രാചാരണ പരിപാടികളാണ് ലക്ഷ്യമിടുന്നത്.
ജനുവരി 28 മുതൽ 30 വരെ സിപിഎം കേന്ദ്ര കമ്മിറ്റി തിരുവനന്തപുരത്തുണ്ട്. അതിന് ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ സജീവമാകും. പരിചയസമ്പന്നരെയും പുതുമുഖങ്ങളേയും ഒരു പോലെ പരീക്ഷിച്ച് വിജയസാധ്യത മാത്രം പരിഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. ലോക്സസഭയിലേക്കുള്ള പോരാട്ടം മാത്രമല്ല മൂന്നാം തുടര്‍ ഭരണം കൂടി ലക്ഷ്യമിട്ട് നീട്ടിയെറിയുകയാണ് പാര്‍ട്ടി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം