മാനേജ്മെന്‍റിന്‍റെ അനാസ്ഥ, കൊച്ചിയില്‍ പത്താം ക്ലാസ്സ് പരീക്ഷ എഴുതാനാവാതെ 29 കുട്ടികൾ
സ്കൂളിൽ മാനേജ്മെന്റിന്റെ വീഴ്ചയെ തുടർന്നാണ് പരീക്ഷ എഴുതാൻ സാധിക്കാത്തതെന്ന് മാതാപിതാക്കൾ ആരോപിച്ചു.
കൊച്ചി: കൊച്ചിയില്‍ സ്കൂള്‍ മാനേജ്മെന്റ് വീഴ്ച കാരണം 29 വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാവില്ലെന്ന് പരാതി. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാന്‍ സാധിക്കാത്തത്. തോട്ടുംപടി മൂലംകുഴി സ്കൂളിന് മുന്നിൽ വിദ്യാർത്ഥികളും മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്. രജിസ്ട്രേഷന്‍ അപ്രൂവ് ആയില്ലെന്നാണ് മാനേജ്മെന്‍റ് അറിയിച്ചതെന്നും സ്കൂളിൽ മാനേജ്മെന്റിന്റെ വീഴ്ചയെ തുടർന്നാണ് പരീക്ഷ എഴുതാൻ സാധിക്കാത്തതെന്നും സ്കൂളിൽ കവാടം ഉപരോധിക്കുന്ന മാതാപിതാക്കൾ ആരോപിച്ചു.
അതിനിടെ കൊച്ചിയിലെ അരൂജാസ് സ്കൂളിനെതിരെ കൂടുതല്‍ ആരോണങ്ങളുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. ഫീസ് നല്‍കാന്‍ വൈകുന്ന വിദ്യാര്‍ത്ഥികളെ സ്കൂളിലെ ഗ്രൗണ്ടില്‍ പൊതുവെയിലില്‍ നിര്‍ത്തിയിരുന്നെന്നാണ് രക്ഷിതാക്കള്‍ വെളിപ്പെടുത്തുന്നത്. കുട്ടികളുടെ ഭാവി തുലാസിലായ സംഭവമാണ് നടന്നത്. സാധാരണപാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചിരുന്നില്ലെന്നും സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവെച്ചുവെന്നും രക്ഷിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും വാക്കുകള്‍
'ഞങ്ങള്‍ക്ക് ഒന്നുമറിയില്ലായിരുന്നു. ഹോള്‍ടിക്കറ്റ് സൈന്‍ ചെയ്യാനായി വിളിച്ചിട്ട് ഇവര്‍ ഇപ്പോള്‍ പറയുന്നത് പരീക്ഷയെഴുതാന്‍ കഴിയല്ലെന്നാണ്. സ്കൂളിന് അഫിലിയേഷനില്ലെന്നത് മാനേജ് മെന്‍റ് മറച്ചുവെച്ചു. ഹോള്‍ട്ടിക്കറ്റ് തരാന്‍ എന്നുപറഞ്ഞ് ബുധനാഴ്ച വിളിച്ചു. പക്ഷേ ഹോള്‍ട്ടിക്കറ്റ് തന്നില്ല. എന്തോ ഒപ്പ് വെക്കാനുണ്ടെന്ന് പറഞ്ഞ് രക്ഷിതാക്കളെ വിളിച്ച് കൊണ്ടുവരാന്‍ പറഞ്ഞു. രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന് പറയുന്നത്. രജിസ്ട്രേഷന്‍ അപ്രൂവ് ആയിട്ടില്ലെന്നാണ് പറഞ്ഞത്. രണ്ട് മോഡല്‍ പരീക്ഷകള്‍ നടത്തിയിരുന്നു. ഒരുവര്‍ഷം നഷ്ടപ്പെടുമെന്നസ്ഥിതിയാണ്'.