'ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കേരളം റെക്കോര്‍ഡ് സൃഷ്ടിച്ച വര്‍ഷം'; 'വസന്തോത്സവ'ത്തിന് തുടക്കം

ജനങ്ങള്‍ക്ക് ഒത്തുചേര്‍ന്ന് സന്തോഷം പങ്കിടാനും ഒരുമയുടെ സന്ദേശം കൈമാറാനും ആഘോഷ പരിപാടികള്‍ അവസരമൊരുക്കുമെന്ന് മന്ത്രി

2024 Year in which Kerala sets record in number of domestic tourists Vasantotsavam begins in thiruvananthapuram

തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കം. പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. 'ഇലുമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാര്‍മണി' എന്ന ആശയത്തിലാണ് ആഘോഷ പരിപാടി.

ജനങ്ങള്‍ക്ക് ഒത്തുചേര്‍ന്ന് സന്തോഷം പങ്കിടാനും ഒരുമയുടെ സന്ദേശം കൈമാറാനും ആഘോഷ പരിപാടികള്‍ അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് കനകക്കുന്നിലെ ദീപാലങ്കാരവും ഇന്‍സ്റ്റലേഷനുകളും ഉത്സവ ചാരുത പകരും. തിരുവനന്തപുരത്തിനു പുറമേ കോഴിക്കോട്, കൊച്ചി നഗരങ്ങളിലും ടൂറിസം വകുപ്പ് പുതുവര്‍ഷ ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. ടൂറിസം സീസണ്‍ ആയതിനാല്‍ നഗരത്തില്‍ ആളുകള്‍ ഒത്തുചേരുന്ന സുപ്രധാന സ്ഥലങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇത് വഴിയൊരുക്കും. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കേരളം റെക്കോര്‍ഡ് സൃഷ്ടിച്ച വര്‍ഷമാണ് 2024 എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ മുഖ്യാതിഥിയായ ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.എ റഹിം എം.പി, ഐ.ബി സതീഷ് എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍ ഡോ. റീന കെ.എസ്, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ പി. വിഷ്ണുരാജ്, ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ എന്നിവര്‍ സംബന്ധിച്ചു.

കേരളത്തിന് പുറത്തുനിന്നെത്തിക്കുന്ന പൂക്കള്‍ ഉള്‍പ്പെടെ ക്യൂറേറ്റ് ചെയ്ത പുഷ്പമേളയാണ് ജനുവരി 3 വരെ നടക്കുന്ന വസന്തോത്സവത്തിന്‍റെ പ്രധാന ആകര്‍ഷണം. കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പമേള ഒരുക്കിയിട്ടുള്ളത്. അപൂര്‍വ്വമായ പുഷ്പങ്ങള്‍ അടക്കം നയനമനോഹരമായ രീതിയില്‍ ക്രമീകരിച്ച് വസന്തോത്സവത്തെ ആകര്‍ഷകമാക്കും.
 
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിന്‍മടങ്ങ് സൗന്ദര്യത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റുകൊണ്ടുള്ള ലൈറ്റ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്. കനകക്കുന്നിലെ പ്രവേശന കവാടത്തില്‍ 2025 നെ വരവേറ്റുകൊണ്ടുള്ള ആകര്‍ഷകമായ ദീപാലങ്കാരമാണുള്ളത്. നടവഴികളും മരങ്ങളും കൊട്ടാരമതിലുകളും ദീപാലങ്കാരത്തിന്‍റെ ഭാഗമാകും. പടുകൂറ്റന്‍ ഗ്ലോബ്, ലണ്ടനിലെ ക്രിസ്മസിനെ ഓര്‍മിപ്പിക്കും വിധം യൂറോപ്യന്‍ സ്ട്രീറ്റ്, കുട്ടികള്‍ക്കായി സിന്‍ഡ്രല്ല, പോളാര്‍ ബിയര്‍, ദിനോസര്‍, വിവിധ ലൈറ്റുകള്‍ കൊണ്ടുള്ള രൂപങ്ങള്‍ എന്നിവയുമുണ്ട്.

മനോഹരമായ പൂച്ചെടികളുടെ ഉദ്യാനം, ബോണ്‍സായിയുടെ അപൂര്‍വ ശേഖരം, കട്ട് ഫ്ളവര്‍ ഡിസ്പ്ലേ, വിവിധ ഇനം ചെടികളുടെ അപൂര്‍വ ശേഖരങ്ങളുമായി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നഴ്സറികളുടെയും സ്റ്റാളുകള്‍ എന്നിവ വസന്തോത്സവത്തിലുണ്ട്. ഫ്ളോറിസ്റ്റുകള്‍ക്കായി മത്സരങ്ങളും നടക്കും. ഔഷധസസ്യ പ്രദര്‍ശനം, ബയോ ഡൈവേഴ്സിറ്റി എക്സിബിഷന്‍, ഭക്ഷ്യമേള, അമ്യൂസ്മെന്‍റ് പാര്‍ക്ക്, വ്യാപാരമേള, വിവിധ കലാപരിപാടികള്‍ എന്നിവയാണ് വസന്തോത്സവത്തിന്‍റെ മറ്റ് ആകര്‍ഷണങ്ങള്‍. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്.

ബംഗ്ലാദേശ് അതിർത്തിയിൽ പോയി ഒളിച്ചാലും കേരള പൊലീസ് പിടിക്കും; സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios