മണ്ഡല മഹോത്സവത്തിന് വ്യാഴാഴ്ച സമാപനം; മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് തുറക്കും
മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
ശബരിമല: നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീർഥാടനത്തിനു വ്യാഴാഴ്ച സമാപനം. മണ്ഡലപൂജ ദിവസമായ വ്യാഴാഴ്ച രാത്രി 11 മണിക്കു ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
സദ്യയുമായി ദേവസ്വം ബോർഡ്
ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ചു ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ സന്നിധാനത്തു സേവനമനുഷ്ഠിക്കുന്നവർക്കായി വിഭവസമൃദ്ധമായ സദ്യ ഒരുക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വിളക്കുകൊളുത്തി സദ്യയ്ക്കു തുടക്കം കുറിച്ചു. ദേവസ്വം ബോർഡ് അംഗം എ. അജികുമാർ, മേൽശാന്തി അരുൺകുമാർ നമ്പൂതിരി, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രണ്ടാംദിനവും സന്നിധാനത്ത് ആനന്ദക്കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര
തുടർച്ചയായ രണ്ടാംദിവസവും സന്നിധാനത്തെ ആഘോഷത്തിലാക്കി കർപ്പൂരാഴി ഘോഷയാത്ര. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച സന്ധ്യയിൽ കർപ്പൂരാഴി ഘോഷയാത്ര നടന്നത്. മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര തിങ്കളാഴ്ച സന്നിധാനത്തു സംഘടിപ്പിച്ചിരുന്നു. സന്ധ്യക്കു ദീപാരാധനയ്ക്കുശേഷം 6.40ന് കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി അരുൺകുമാർ നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്രത്തിനു വലംവച്ചു നീങ്ങിയ ഘോഷയാത്ര ഫ്‌ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിൽ സമാപിച്ചു.
പുലിവാഹനമേറിയ മണികണ്ഠനൊപ്പം ദേവതാരൂപങ്ങളും വർണക്കാവടിയും കെട്ടുകാഴ്ചകളും ഘോഷയാത്രക്ക് കൊഴുപ്പേകി. അയ്യപ്പദർശനത്തിന് ഫ്‌ളൈ ഓവറിൽ വരിനിന്ന ഭക്തർക്കും ആനന്ദക്കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര മാറി. എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, സന്നിധാനം സ്പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ, ജിഎസ്ഒ ഉമേഷ് ഗോയൽ, എ.എസ്.ഒ. സതീഷ്‌കുമാർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, സന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥർ, ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു.
ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണം; ദേവസ്വം ബോർഡ് സൈബർ പൊലീസിന് പരാതി നൽകി