കോഴിക്കോട്ട് ഹോട്ടൽ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ 2 പേർ ശ്വാസംമുട്ടി മരിച്ചു
അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. ആദ്യം ഇറങ്ങിയ ആൾക്ക് ബോധം നഷ്ടപ്പെട്ടു. പിന്നാലെ രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു.
കോഴിക്കോട്: കോവൂരിൽ ഹോട്ടലിലെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. റിനീഷ് കൂരാച്ചുണ്ട്,
അശോകൻ കിനാലൂർ എന്നിവരാണ് മരിച്ചത്. കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്. വൈകിട്ട് 4 മണിയോടെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയതായിരുന്നു ഇരുവരും. അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ രണ്ടടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. ടാങ്കിലേക്ക് ആദ്യം ഇറങ്ങിയ ആൾക്ക് ബോധക്ഷയം ഉണ്ടായി. ഇയാളെ രക്ഷിക്കാൻ പിന്നാലെയിറങ്ങിയ രണ്ടാമത്തെയാൾക്കും ബോധം നഷ്ടപ്പെട്ടു. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.