ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; ഒരുമാസത്തെ കുടിശ്ശികയും ഈ മാസത്തെ പെൻഷനും നൽകും; വിതരണം ഈ മാസം അവസാനത്തോടെ
അറുപത് ലക്ഷം പെൻഷൻകാര്‍ക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്.
തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. ഓണക്കാല ചെലവിന് കേന്ദ്രം കനിയണം.
ഓണക്കാലത്ത് രണ്ട് മാസത്തെ പെൻഷൻ കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അറുപത് ലക്ഷം പെൻഷൻകാര്‍ക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. അഞ്ച് മാസത്തെ കുടിശികയിൽ രണ്ട് മാസത്തെ ഈ സാമ്പത്തിക വര്‍ഷവും ബാക്കി മൂന്ന് മാസത്തെ അടുത്ത സാമ്പത്തിക വര്‍ഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണന ക്രമത്തിൽ പറഞ്ഞിരുന്നത്.
ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേര്‍ത്ത് നടപ്പ് മാസത്തെ പെൻഷൻ അനുവദിക്കുന്നത്. ഓണക്കാല ചെലവുകൾക്കായി 5000 കോടിയെങ്കിലും വേണമെന്നാണ് ഏകദേശ കണക്ക്. ഡിസംബര്‍ മാസം വരെ കേന്ദ്ര സര്‍ക്കാർ അനുവദിച്ച കടമെടുപ്പ് പരിധിയിൽ ബാക്കിയുള്ളത് 3753 കോടിയാണ്. ഇതിൽ മൂവ്വായിരം കോടി കടമെടുത്ത് ക്ഷേമ പെൻഷൻ കൊടുക്കുകയും അത്യാവശ്യ ചെലവുകൾക്ക് തുക അനുവദിച്ച് തുടങ്ങാനുമാണ് തീരുമാനം.
കേരളത്തിന് അനുവദനീയമായ സാമ്പത്തിക സഹായത്തിൽ ഈ വര്‍ഷം പതിനയ്യായിരം കോടി രൂപയോളം കുറവു വന്നിട്ടുണ്ടെന്നാണ് കണക്ക്. ഇത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയവുമായി നിരന്തരം സംസാരിക്കുന്നണ്ടെന്നാണ് ധനവകുപ്പ് പറയന്നത്. ഓണക്കാല ചെലവുകൾ കടന്ന് കൂടാൻ പെൻഷൻ തുകക്ക് പുറമെ 5000 കോടിയെങ്കിലും വേണമെന്നിരിക്കെ കേന്ദ്ര സഹായം കിട്ടിയില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്.