150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; നവവധു

മൊഴി കൊടുക്കാൻ ചെന്നപ്പോൾ പൊലീസുകാർ രാഹുലിന്റെ തോളിൽ കൈയിട്ട് ഇരിക്കുകയായിരുന്നുവെന്നും കേബിള്‍ കഴുത്തില്‍ കുരുക്കി കൊല്ലാൻ ശ്രമിച്ചുവെന്ന മൊഴി രേഖപ്പെടുത്തിയില്ലെന്നും നവവധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

150 Pavan and the car demanded, no one looked back even as he tried to kill serious allegation of the new bride who was abused by her husband in Kozhikode

കൊച്ചി:കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂരമായ പീഡനം നേരിട്ടെന്ന് പറവൂർ സ്വദേശിയായ നവവധുവിന്‍റെ വെളിപ്പെടുത്തൽ.സ്ത്രീധനത്തിന്‍റെ പേരിലാണ് മര്‍ദനം ആരംഭിച്ചതെന്നും ഭര്‍ത്താവ് അമിത ലഹരിയിലായിരുന്നുവെന്നും തന്നെ കൊല്ലാൻ ശ്രമിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ലെന്നും യുവതി വെളിപ്പെടുത്തി.സ്ത്രീധനത്തിന്‍റെ പേരിലാണ് മര്‍ദനം ആരംഭിച്ചത്. 150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ് തര്‍ക്കം തുടങ്ങിയതെന്ന് നവവധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്തോ കൂടിയ സാധനം കഴിച്ചിട്ടാണ് വന്നത്. മദ്യമായിരുന്നില്ല. മറ്റെന്തോ ലഹരി വസ്തു കഴിച്ചിട്ടാണ് വന്നത്.

കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ആദ്യം തര്‍ക്കമുണ്ടായത്. പിന്നീട് വീട്ടിലെത്തിയപ്പോഴും തര്‍ക്കം തുടര്‍ന്നു. പിന്നീട് ഉപദ്രവിക്കാൻ തുടങ്ങി. വീടിന്‍റെ മുകളിലെ മുറിയില്‍ വെച്ചായിരുന്നു മര്‍ദനം. ആദ്യം കരണത്തടിച്ചു. പിന്നീട് മുഷ്ടികൊണ്ട് തലക്കടിച്ചു. നെറ്റിയിലും ഇടിച്ചു. മൊബൈല്‍ ചാര്‍ജറിന്‍റെ കേബിള്‍ വെച്ച് കഴുത്തില്‍ മുറുക്കി കൊല്ലാൻ ശ്രമിച്ചു. രണ്ടു മൂന്ന് തവണ കൊല്ലാൻ ശ്രമിച്ചു. ശബ്ദം കേട്ടിട്ടും വീട്ടിലുണ്ടായിരുന്നവര്‍ ഇടപെട്ടില്ല.

ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴും കള്ളം പറഞ്ഞു. തനിക്കൊന്നും പറയാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. കല്യാണം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിലാണ് സംഭവം. കല്യാണത്തിന് മുമ്പ് നമുക്ക് പറ്റുന്ന രീതിയിലെ ചെയ്യാൻ കഴിയുകയുള്ളുവെന്ന് പറഞ്ഞപ്പോള്‍ അതൊന്നും പ്രശ്നമില്ലെന്നും പെണ്‍കുട്ടിയാണ് വലുതെന്നുമാണ് ഭര്‍ത്താവും വീട്ടുകാരും പറഞ്ഞത്. 


കല്യാണം കഴിഞ്ഞശേഷം ഫോണ്‍ അധികം ഉപയോഗിക്കാൻ തന്നിരുന്നില്ല. വിരുന്നുസല്‍ക്കാരത്തിന് തന്‍റെ വീട്ടുകാര്‍ വന്നപ്പോള്‍ താഴേക്ക് ഇറങ്ങിചെല്ലാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താൻ. തന്നെകണ്ടിട്ട് വീട്ടുകാര്‍ കാര്യം ചോദിച്ചു. ബാത്ത് റൂമില്‍ വീണ് പരിക്ക് പറ്റിയതാണെന്നാണ് പറഞ്ഞത്. എന്നാല്‍ സംശയം തോന്നി വീണ്ടും ചോദിച്ചപ്പോഴാണ് മര്‍ദനമേറ്റ കാര്യം പറഞ്ഞത്. പിന്നീട് തന്‍റെ വീട്ടുകാര്‍ക്കൊപ്പം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ച ശേഷം നേരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍, കേബിള്‍ കുരുക്കി കൊല്ലാൻ ശ്രമിച്ചത് പൊലീസ് എഫ്ഐആറില്‍ വന്നിട്ടില്ല. ഞങ്ങള്‍ പൊലീസില്‍ എത്തുന്നതിന് മുമ്പ് അവിടെ രാഹുലും സുഹൃത്തുക്കളും എത്തിയിരുന്നു. അവിടെ ചെന്നപ്പോള്‍ പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നതാണ് കണ്ടത്. അതിനാല്‍ തന്നെ പന്തീരാങ്കാവ് പൊലീസില്‍ നിന്ന് അനുകൂല സമീപനമായിരുന്നില്ല. കൊല്ലുമെന്ന് പറഞ്ഞാണ് മര്‍ദിച്ചതെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഗാര്‍ഹിക പീഡനം, ആയുധം കൊണ്ട് ആക്രമിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പന്തീരാങ്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ പ്രതിയെ  അറസ്റ്റ് ചെയ്തിട്ടില്ല. പരാതിയില്‍ പറയുന്ന പോലെയുളള അതിക്രമങ്ങള്‍ യുവതി നേരിട്ടോ എന്ന് ഡോക്ടറുടെ മൊഴി ലഭിച്ചാലെ വ്യക്തമാകൂ. കമ്മീഷണറുടെ നിര്‍ദേശമനുസരിച്ച് കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാണ് പന്തീരാങ്കാവ് പൊലീസിന്‍റെ തീരുമാനം. പ്രതിയ്ക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് പറവൂർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമര്‍ദനം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടി, മുഖ്യമന്ത്രിക്ക് പരാതി

 

Latest Videos
Follow Us:
Download App:
  • android
  • ios