നിപയിൽ ആശ്വാസം, 13പേരുടെ പരിശോധനാ ഫലം വന്നു, ആശങ്കപ്പെടാനില്ലെന്ന് മന്ത്രി
രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. രോഗവ്യാപനത്തിന് സാധ്യത കുറവാണെങ്കിലും ലക്ഷണമുള്ള മുഴുവൻ ആളുകളുടെയും സാമ്പിളുകൾ പരിശോധിക്കും.
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ വണ്ടൂരിൽ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 13 ഫലങ്ങളും നെഗറ്റീവ്. ഹൈ റിസ്ക് ഗണത്തിൽ ഉൾപ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളാണ് നെഗറ്റീവ് ആയത്. കഴിഞ്ഞദിവസം മലപ്പുറത്ത് നിപ സ്ഥിരീകരിച്ചെന്നും പ്രോട്ടോകോൾ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. 175 പേർ സമ്പർക്ക പട്ടികയിൽ 13 സാമ്പിളുകൾ നെഗറ്റീവായി. 26 പേർ ഹൈറിസ്ക് കാറ്റഗറിയിലാണ്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി അറിയിച്ചു. രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. രോഗവ്യാപനത്തിന് സാധ്യത കുറവാണെങ്കിലും ലക്ഷണമുള്ള മുഴുവൻ ആളുകളുടെയും സാമ്പിളുകൾ പരിശോധിക്കും. മരിച്ച യുവാവ് ബാംഗ്ലൂരിലാണ് പഠിച്ചത്. കർണാടക സർക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് യുവാവിന് മങ്കിപോക്സെന്ന് സംശയം.
മഞ്ചേരി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. യുവാവ് തുടക്കം മുതൽ മുൻകരുതലുകൾ എടുത്തിരുന്നു. പരിശോധനഫലം വന്നിട്ടില്ല. ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്നും നിപ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും വീണാ ജോർജ് അറിയിച്ചു.