ആനപ്പേടിയിൽ ആറളം ഫാം; 8വർഷത്തിനിടെ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 12പേർ
ആനമതിൽ നിർമാണമാണ് ഏക പോംവഴി. പത്തര കിലോമീറ്റർ ആനമതിൽ പണിയാൽ 51 കോടിരൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് ധനവകുപ്പിന് മുന്നിലാണ്.ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല
കണ്ണൂർ: എട്ട് വർഷത്തിനിടയിൽ 12 പേരെ ആന ചവിട്ടിക്കൊന്ന ആറളം ഫാമിൽ ജനജീവിതം ഇപ്പോൾ ദുസ്സഹമാണ്. കാട്ടാനകളെ പേടിച്ച് പലരും വീട് പുറത്തിറങ്ങാൻ ഭയക്കുകയാണ്. ആനകളെ തുരത്താൻ ഇന്ന് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ച് വനംവകുപ്പ് നടപടി തുടങ്ങും. എന്നാൽ ആനമതിൽ നിർമ്മാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ആകാത്തതിനാൽ ഇനിയും വൈകുമെന്ന് ഉറപ്പായി.
ആറളം ഫാിൽ ജനവാസമേഖലയേത് കാട് ഏത് എന്ന് ചോദിച്ചാൽ എളുപ്പം തിരിച്ചറിയാൻ കഴിയില്ല. ആൾതാമസമുള്ള ബ്ലോക്കുകളെല്ലാം കാടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ചവിട്ടേറ്റ് രഘു മരിച്ചത് വീടിന് ഏതാനും മീറ്റർ അകലെയാണ്. ഈ കാട് വെട്ടിത്തെളിക്കാൻ പണം അനുവദിച്ചിട്ടും ഉദ്യോഗസ്ഥർ അനങ്ങിയില്ല.
ഫാമിലെ പ്രധാന ജനവാസമേഖലയിലെല്ലാം ഇപ്പോൾ കാട്ടാനയുണ്ട്. 50 ൽ കൂടുതൽ ആനകൾ ഉണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. കശുവണ്ടി സീസണായതിനാൽ ആനകൾ കൂട്ടത്തോടെ ഫാമിൽ വിലസുകയാണ്.
പ്രതിഷേധം കണക്കിലെടുത്ത് ആനകളെ തുരത്താൻ ഇന്ന് മുതൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നാണ് ഫോറസ്റ്റേ റേഞ്ച് ഓഫീസർ അറിയിക്കുന്നത്. എന്നാൽ ഇങ്ങനെ തുരത്തിലായും ഫലം ഉണ്ടാകുമോ എന്നതിൽ ഉദ്യോഗസ്ഥർക്ക് ഉറപ്പൊന്നും നൽകാനാകില്ല. ആനമതിൽ നിർമാണമാണ് ഏക പോംവഴി. പത്തര കിലോമീറ്റർ ആനമതിൽ പണിയാൽ 51 കോടിരൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് ധനവകുപ്പിന് മുന്നിലാണ്. ഭരണാനുമതി ലഭിച്ച് ടെണ്ടർ വിളിച്ച് വേണം നിർമ്മാണം. തുടങ്ങാൻ അതിന് മാസങ്ങൾ വേണ്ടിവരും. ചുരുക്കത്തിൽ ഫാമിലെ ആനപ്പേടിയ്ക്ക് ഉടൻ ശമനമാകില്ലെന്ന് ഉറപ്പാണ്.