ആഹാ... ഇത് കേരളത്തിന്‍റെ മികച്ച നേട്ടം! 3 സർവകലാശാലകൾക്ക് 100 കോടി വീതം, മൊത്തം 405 കോടി അനുവദിച്ച് കേന്ദ്രം
ഉന്നത വിദ്യാഭ്യാസ രംഗത്തെ റാങ്കിംഗും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പും കണക്കിലെടുത്താണ് കേന്ദ്രം തുക അനുവദിച്ചത്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സഹായത്തിൽ കേരളത്തിന് മികച്ച നേട്ടം. കേരളത്തിലെ മൂന്ന് സർവ്വകലാശാലകൾക്ക് നൂറു കോടി വീതം കേന്ദ്ര സഹായം അനുവദിച്ചു. മൊത്തം കേരളത്തിന് 405 കോടിയുടെ കേന്ദ്ര സഹായമാണ് അനുവദിച്ചത്. പി എം ഉഷ പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്. കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്കാണ് നൂറുകോടി വീതം നൽകുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ റാങ്കിംഗും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പും കണക്കിലെടുത്താണ് കേന്ദ്രം തുക അനുവദിച്ചത്.
നേട്ടത്തെക്കുറിച്ച് മന്ത്രി ആർ ബിന്ദു പറഞ്ഞത്
നാക് പരിശോധനകളിലും എന്‍. ഐ.ആര്‍.എഫ്. അടക്കമുള്ള ഉന്നതവിദ്യാഭ്യാസ റാങ്കിങ്ങുകളിലും തിളങ്ങിനില്‍ക്കുന്ന കേരളത്തിനുള്ള വലിയ അംഗീകാരം കൂടിയായി ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പി.എം. ഉഷ പദ്ധതിക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജ് കേരളത്തിനായി അംഗീകരിച്ചത്. മള്‍ട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റീസ് വിഭാഗത്തില്‍ മൂന്നു സര്‍വകലാശാലകള്‍ക്ക് നൂറു കോടി രൂപ വീതമാണ് ലഭ്യമാക്കിയിരിക്കുന്നത്. കേരള സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല എന്നിവയ്ക്കാണ് നൂറു കോടി രൂപ വീതം നല്‍കുന്നത്. ഉന്നതവിദ്യാഭ്യാസ കുതിപ്പില്‍ കൂടുതല്‍ പിന്തുണയര്‍ഹിക്കുന്ന മലബാറിന് പ്രത്യേക പരിഗണന നല്‍കുകയെന്ന നയത്തിന്റെ ഭാഗമായാണ് കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് ഇത്രയും തുക ലഭ്യമാക്കിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ് ഏജന്‍സിയായ എന്‍.ഐ. ആര്‍.എഫ്. 2024 പട്ടികയിലും ഇതിനെ അതിശയിക്കുന്ന മിന്നുന്ന മുന്നേറ്റം കേരളമുണ്ടാക്കി. എന്‍.ഐ.ആര്‍.എഫ്. 2024 പട്ടികയില്‍ രാജ്യത്തെ മികച്ച നൂറു സര്‍വകലാശാലകളില്‍ കേരളത്തില്‍നിന്ന് നാല് സര്‍വകലാശാലകള്‍ ഇടം പിടിച്ചു. സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ കേരള സര്‍വകലാശാല 9, കൊച്ചി സര്‍വകലാശാല 10, എം.ജി. സര്‍വകലാശാല 11 എന്നീ റാങ്കുകള്‍ നേടി. രാജ്യത്തെ ഏറ്റവും മികച്ച 200 കോളജുകളില്‍ 42 എണ്ണം കേരളത്തില്‍ നിന്നാണിപ്പോള്‍. ആദ്യത്തെ നൂറില്‍ 16 കോളജുകള്‍ കേരളത്തിലുള്ളവയാണ്. രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് രാജ്യത്തെ മികച്ച ഇരുപതാമത്തേയും തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളജ് ഇരുപത്തിരണ്ടാമത്തേയും കോളജുകളായി ഉയര്‍ന്നു. ആഗോള പ്രശസ്ത റാങ്കിങ് ഏജന്‍സിയായ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ റാങ്കിങ്ങില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് രാജ്യത്ത് മൂന്നാം സ്ഥാനവും ഏഷ്യയില്‍ 134 ാം സ്ഥാനവും കരസ്ഥമാക്കിയതും ഇതേ മികവിന്റെ അടിസ്ഥാനത്തിലാണ്. വിദേശ രാജ്യങ്ങളിലേതിന് സമാനമായി ഫലപ്രാപ്തിയിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്ന നാലു വര്‍ഷ ബിരുദ പ്രോഗ്രാം നടപ്പായതോടെ സംസ്ഥാനത്തെ സര്‍വകലാശാല, കോളജ് വിദ്യാഭ്യാസം ലോക നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം