കൊവിഡ് ചട്ടങ്ങള്‍ കാറ്റിൽപ്പറത്തി പത്തനംതിട്ടയിലെ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ്; 10 അഭിഭാഷകർക്ക് കൂടി കൊവിഡ്
തെരഞ്ഞെടുപ്പിൽ പങ്കെടുത്ത രണ്ട് അഭിഭാഷകർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. 332 പേരാണ് തെരഞ്ഞെടുപ്പിൽ ആകെ പങ്കെടുത്തത്.
പത്തനംതിട്ട: പത്തനംതിട്ടയിൽ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത 10 അഭിഭാഷകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് നടത്തരുതെന്ന ഡിഎംഒയുടെ നിർദേശം ലംഘിച്ച് നടന്ന തെരഞ്ഞെടുപ്പ് വിവാദമായിരുന്നു. തെരഞ്ഞെടുപ്പിൽ പങ്കെടുത്ത രണ്ട് അഭിഭാഷകർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. 332 പേരാണ് ആകെ തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്.
ആരോഗ്യ വകുപ്പിന്റെയും ഇന്റലിജൻസിന്റേയും നിർദേശങ്ങളും കൊവിഡ് ചട്ടങ്ങളും കാറ്റിൽപ്പറത്തിയാണ് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ് നടത്തിയത്. സെപ്റ്റംബർ 29 നാണ് പത്തനംതിട്ട ബാർ അസോസിയേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതറിഞ്ഞ് ജില്ലാ മെഡിക്കൽ ഓഫീസർ എ എൽ ഷീജ സെപ്റ്റംബർ 18 ന് തന്നെ നടപടികൾ നിർത്തിവക്കണമെന്നാവശ്യപ്പെട്ട് ബാർ അസോസിയേഷന് രേഖാമൂലം കത്ത് നൽകി. ആറ് ആഴ്ചത്തേക്ക് തെരഞ്ഞെടുപ്പ് നടത്തരുതെന്നായിരുന്നു ഡിഎംഒയുടെ നിർദേശം. എന്നാൽ ഡിഎംഒയുടെ ആവശ്യം മുഖവിലക്കെയടുക്കാതെ നടത്തിയ തെരഞ്ഞെടുപ്പിൽ 332 അഭിഭാഷകരാണ് പങ്കെടുത്തത്.
നൂറിലധികം അഭിഭാഷകർ വിജയാഹ്ലാദ പ്രകടനവും നടത്തി. ആഘോഷത്തിൽ പങ്കെടുത്തവരായിരുന്നു നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ട് പേർ. തെരഞ്ഞെടുപ്പ് നടത്തരുതെന്നാവശ്യപ്പെട്ട് സംസ്ഥാന ഇന്റലിജസും റിപ്പോർട്ട് നൽകിയിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ഒരു വിഭാഗം അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു.