താനൂർ ബോട്ടപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഇന്നലെയുണ്ടായ അപകടത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടമായത്

10 lakh financial assistance to tanur boat accident victims family CM Pinarayi Vijayan kgn

താനൂർ: ബോട്ട് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അറിയിച്ചു.

എംഎൽഎമാരും വിവിധ കക്ഷി നേതാക്കളും തമ്മിലുള്ള യോഗം താനൂരിൽ വെച്ച് നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 പേർക്ക് ജീവൻ നഷ്ടമായ ദുരന്തം വലുതാണ്. സംസ്ഥാനത്ത് ഇതിന് മുൻപുണ്ടായ ദുരന്തങ്ങളുടെ ഘട്ടത്തിൽ കരുതൽ നടപടി സ്വീകരിക്കാൻ പരിശോധന നടന്നിരുന്നു. മേലിൽ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാൻ ആവശ്യമായ കരുതൽ ഇപ്പോൾ തന്നെയെടുക്കണം. അതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

താനൂരിൽ ഇന്നലെയാണ് ബോട്ട് അപകടത്തിൽ പെട്ടത്. 40 ഓളം പേർ ബോട്ടിനകത്തുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇവരിൽ 37 പേരെ ജീവനോടെയും അല്ലാതെയും കണ്ടെത്തി. 22 പേർ മരണമടഞ്ഞപ്പോൾ അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. 10 പേരെ രക്ഷിച്ചെടുക്കാനും സാധിച്ചു. ഒരാളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ അപകടം നടന്ന സ്ഥലത്തും സമീപത്തും തിരച്ചിൽ നടക്കുന്നുണ്ട്. അപകട സമയത്ത് ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios