'പദയാത്ര നോട്ടീസിലെ പിഴവ് മനപൂർവം', ഐടി സെല്ലും സംസ്ഥാന അധ്യക്ഷനും തമ്മിലെ ഉടക്കിൽ 'പുലിവാല് പിടിച്ച്' ബിജെപി
സംസ്ഥാന അധ്യക്ഷനും മീതെ സോഷ്യല്‍മീഡിയ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ സുരേന്ദ്രന്‍ അനുകൂലികള്‍ക്കും കല്ലുകടിയായി
തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായി ഉടക്കിലായ ഐടി സെല്ല്, ബിജെപിക്ക് തലവേദനയാകുന്നു. കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ നോട്ടീസിലും പ്രചരണഗാനത്തിലും അബദ്ധങ്ങള്‍ വന്നത് മനപൂര്‍വമെന്നാണ് ഔദ്യോഗിക പക്ഷത്തിന്‍റെ വിലയിരുത്തല്‍. കെ സുരേന്ദ്രന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ വിഷയങ്ങള്‍ പോലും ഏറ്റെടുക്കാതെ വന്നതോടെ ഐടി സെല്‍ കണ്‍വീനറെ മാറ്റണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. പദയാത്രയിലെ നോട്ടീസിലും പ്രചരണ ഗാനത്തിലും ഐടി സെല്‍ മനപൂര്‍വം പിഴവ് വരുത്തിയെന്നാണ് ബിജെപി ഔദ്യോഗിക പക്ഷം വിശദീകരിക്കുന്നത്. വേണ്ട കാര്യങ്ങള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നില്ലെന്നും വേണ്ടാത്ത പുലിവാല് പാര്‍ട്ടിക്ക് ഉണ്ടാക്കിയും കൊടുക്കുന്നുവെന്നുമാണ് എസ് ജയശങ്കര്‍ കണ്‍വീനറായ ഐടി സെല്ലിനെക്കുറിച്ച് ബിജെപിയുടെ സംസ്ഥാനത്തെ ഔദ്യോഗിക പക്ഷ നേതാക്കള്‍ വിലയിരുത്തുന്നത്.
കെ സുഭാഷ് സംഘടനാ സെക്രട്ടറിയായി വന്നതോടെയാണ് ഐടി സെല്ലിലുണ്ടായിരുന്ന സ്വാധീനം സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന് നഷ്ടമായത്. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ വാര്‍ത്താസമ്മേളനം നടത്തിയാല്‍ പോലും ബിജെപി കേരളം എന്ന ഫേസ് ബുക്ക് പേജില്‍ പലപ്പോഴും കൊടുത്തിരുന്നില്ല. കെ സുരേന്ദ്രന്‍ രാഷ്ട്രീയ വിഷയങ്ങളില്‍ എത്ര ആരോപണങ്ങളുന്നയിച്ചാലും ഐടി സെല്ല് ഏറ്റുപിടിക്കില്ല. മൂന്നുവര്‍ഷം കൊണ്ട് സോഷ്യല്‍ മീഡിയയിലെ എല്ലാ പ്ലാറ്റ്ഫോമിലും പാര്‍ട്ടി പിന്നില്‍പോയി. ഫേസ് ബുക്ക് പോസ്റ്റുകള്‍ക്ക് തുച്ഛമായ ലൈക്കുകള്‍ മാത്രമാണ് ലഭിക്കുന്നത്. ക്രിയാത്മകമായ ഒരു ഇടപെടലും നടക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നതോടെ എസ് ജയശങ്കറിനെ മാറ്റണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, സംഘടനാ സെക്രട്ടറി കെ സുഭാഷിനാണ് ഐടി സെല്ലിന്‍റെ നിയന്ത്രണം.
ഇതില്‍ പാര്‍ട്ടി അധ്യക്ഷന് ഇടപെടാനും കഴിയാത്ത അവസ്ഥയാണുള്ളത്. സമാന്തര ഗ്രൂപ്പുണ്ടാക്കി ആര്‍ സുഭാഷ് ഐടി സെല്ല് പിടിച്ചെടുത്ത അവസ്ഥയിലാണ്. സംസ്ഥാന അധ്യക്ഷനും മീതെ സോഷ്യല്‍മീഡിയ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ സുരേന്ദ്രന്‍ അനുകൂലികള്‍ക്കും കല്ലുകടിയായി. തനിക്ക് പങ്കാളിത്തമുള്ള ഒരു കമ്പനിയെ ഐടി സെല്ലിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ചതിന് പിന്നില്‍ ഒരു ആര്‍എസ്എസ് നേതാവിന് പങ്കുണ്ടെന്നാണ് പാര്‍ട്ടിയിലെ അടക്കംപറച്ചില്‍. രാധാ മോഹന്‍ അഗര്‍ വാളിനാണ് സോഷ്യല്‍ മീഡിയ ചുമതല. തമിഴ്നാടിനെ അപേക്ഷിച്ച് ഏറെ പിന്നിലാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങളെന്ന അഗര്‍വാളിന്‍റെ ട്വീറ്റ് നേരത്തെ തന്നെ പാര്‍ട്ടിയില്‍ ചര്‍ച്ചയായിരുന്നു.