'ഫാ. ഷൈജു കുര്യനെ പുറത്താക്കണം';ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസന ആസ്ഥാനത്ത് പ്രതിഷേധം
ആരോപണ വിധേയരായ വൈദികരെ നിലയ്ക്കല്‍ ഭദ്രാസത്തില്‍നിന്നും തുടച്ചുനീക്കണമെന്നും അതുവരെ ശക്തമായ പ്രതിഷേധം തുടരുമെന്നും വിശ്വാസി കൂട്ടായ്മ വ്യക്തമാക്കി
പത്തനംതിട്ട: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസന ആസ്ഥാനത്ത് പ്രതിഷേധവുമായി വിശ്വാസി കൂട്ടായ്മ. ബിജെപിയില്‍ ചേര്‍ന്ന മുന്‍ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെ എതിര്‍ക്കുന്ന വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഫാ. ഷൈജു കുര്യനെതിരെ പലതരത്തിലുള്ള ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും നിലയ്ക്കല്‍ ഭദ്രാസനത്തില്‍നിന്നു തന്നെ പുറത്താക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഫാ. ഷൈജു കുര്യനെ ചുമതലകളില്‍നിന്ന് മാത്രം നീക്കിയാല്‍ പോരെന്നും ഭദ്രാസനത്തില്‍നിന്നു തന്നെ നീക്കണമെന്നുമാണ് ആവശ്യം. ഫാ. ഷൈജു കുര്യന് എതിരായ നടപടി എന്തിന്‍റെ പേരിലെന്ന് നേതൃത്വം വിശദീകരിക്കണമെന്നും വിശ്വാസി കൂട്ടായ്മ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരുമായി ബിഷപ്പ് ജോഷ്വാ മാര്‍ നിക്കോദിമോസ് ചര്‍ച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരമായില്ല. ആരോപണം മാത്രമാണ് നിലവിലുള്ളതെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നശേഷമെ തുടര്‍നടപടി എടുക്കാനാകുവെന്നുമാണ് നിലയ്ക്കല്‍ ഭദ്രാസനത്തിന്‍റെ വിശദീകരണം.
എന്നാല്‍, കാര്യങ്ങളില്‍ വ്യക്തത വരുത്തുകയും ഫാ. ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനത്തില്‍നിന്ന് പുറത്താക്കുന്നതുവരെയും ശക്തമായ പ്രതിഷേധം തുടരുമെന്ന് വിശ്വാസ കൂട്ടായ്മയിലെ അംഗമായ വര്‍ഗീസ് മണ്ണില്‍ വ്യക്തമാക്കി. നിലയ്ക്കല്‍ ബിഷപ്പ് സ്ഥാനത്തുനിന്ന് ജോഷ്വാ മാര്‍ നിക്കോദിമോസിനെയും മാറ്റണമെന്നും അതുവരെയും പ്രതിഷേധം തുടരുമെന്നും ഇവര്‍ വ്യക്തമാക്കി. ആരോപണ വിധേയരായ വൈദികരെ നിലയ്ക്കല്‍ ഭദ്രാസത്തില്‍നിന്നും തുടച്ചുനീക്കണമെന്നും പെരുന്നാളിന് ഉള്‍പ്പെടെ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. വിശ്വാസികള്‍ക്കിടയില്‍ വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഫാ. ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ സെക്രട്ടറി സ്ഥാനത്തുനിന്ന് ഉള്‍പ്പെടെ നീക്കം ചെയ്തത്. നിലവിലെ എല്ലാ ചുമതലകളില്‍നിന്നും ഫാ. ഷൈജു കുര്യനെ നീക്കം ചെയ്തതിനൊപ്പം പരാതികൾ അന്വേഷിക്കാൻ കമ്മീഷനേയും നിയോഗിച്ചിരുന്നു.ഭദ്രാസന കൗൺസിലിന്റേതാണ് തീരുമാനം. ഓർത്തഡോക്സ് സഭ അധ്യക്ഷൻ നിയോഗിക്കുന്ന കമ്മീഷനാണ് പരാതികൾ അന്വേഷിക്കുക. രണ്ടു മാസത്തിനുള്ളിൽ കമ്മീഷൻ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകുവാനും തീരുമാനമായിരുന്നു.
അതേസമയം നടപടിയിൽ പ്രതികരണവുമായി ഫാ. ഷൈജു കുര്യൻ രംഗത്തെത്തിയിരുന്നു. തന്റെ അഭ്യർത്ഥന പ്രകാരമാണ് സഭാനേതൃത്വം അവധി അനുവദിച്ചതെന്ന് ഷൈജു കുര്യൻ പ്രതികരിച്ചു. താൻ കൂടി ആവശ്യപെട്ടിട്ടാണ് അന്വേഷണമെന്നും ഷൈജു കുര്യൻ പറഞ്ഞു. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേർ ബിജെപിയില്‍ അംഗത്വം എടുത്തിരുന്നു.നേരത്തെ ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിൽ പരസ്യപ്രതിഷേധുമായി ഓർത്തഡോക്സ് സഭാ വിശ്വാസികൾ രംഗത്തെത്തിയിരുന്നു. റാന്നിയിലെ അരമനയ്ക്ക് മുന്നിൽ പ്രതിഷേധവുമായി വൈദികർ ഉൾപ്പെടെ എത്തിയതോടെ ഭദ്രാസന കൗൺസിൽ യോഗം മാറ്റിയിരുന്നു.