'മുൻ ഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മര്‍ദിച്ചു', ഏറെ വിവാദമായ കേസിൽ അഞ്ചര വർഷത്തിനുശേഷം കുറ്റപത്രം കോടതിയിൽ
പൊലീസ് ഡ്രൈവർ ജാതി അധിക്ഷേപം നടത്തിയെന്ന ഡിജിപിയുടെ മകളുടെ പരാതി പൊലീസ് എഴുതി തള്ളി
തിരുവനന്തപുരം: മുൻ ഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ പൊലീസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സംഭവമുണ്ടായി അഞ്ചര വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. പൊലീസ് ഡ്രൈവർ ജാതി അധിക്ഷേപം നടത്തിയെന്ന ഡിജിപിയുടെ മകളുടെ പരാതി പൊലീസ് എഴുതി തള്ളി. പൊലീസ് ഡ്രൈവർ ഗവാസ്ക്കറിനെയാണ് മുൻ ഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ സ്നിഗ്ധ മർദ്ദിച്ചത്. കനകുന്നിൽ പ്രഭാത സവാരിക്ക് എത്തിയപ്പോൾ കഴുത്തിന് പിന്നിൽ മർദ്ദിച്ച എന്നായിരുന്നു പരാതി. വീട്ടുകാരുടെ ഭാഗത്തുനിന്നും നേരിട്ട പീഡനങ്ങള്‍ സംബന്ധിച്ച് സുധേഷ് കുമാറിനോട് നേരത്തെ പരാതി പറഞ്ഞതിനെ പ്രതികാരമായിരുന്നു മർദ്ദനമെന്നായിരുന്നു പൊലീസ് ഡ്രൈവറുടെ പരാതി. മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്.
സംസ്ഥാന പൊലീസിലെ ദാസ്യവൃത്തിയെ കുറിച്ച് ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു ഇത്. പൊലീസുകാരൻ ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ ഡ്രൈവർ ജാതിപ്പേര് അധിക്ഷേപിച്ചുവെന്ന പരാതി ഡിജിപിയുടെ മകളും നൽകി. ഇതിൽ ഡ്രൈവർ ഗവാസക്കറെക്കതിരെയും കേസെടുത്തു. രണ്ട് കേസുകളും ക്രൈം ബ്രാഞ്ചിന് സർക്കാർ കൈമാറി. ഗവാസ്ക്കറുടെ മേൽ സമ്മര്‍ദ്ദം ചെലുത്തി പരാതി പിൻവലിക്കാൻ പല ശ്രമങ്ങളും നടന്നെങ്കിലും പരാതി പിൻവലിക്കാതെ കുറ്റപത്രം നൽകണമെന്നാവശ്യപ്പെട്ട് ഗവാസ്ക്കർ ഹൈക്കോടതിയെ സമീപിച്ചു. രണ്ടു വർഷം മുമ്പ് അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് എസ് പി കുറ്റപത്രം ക്രൈം ബ്രാഞ്ച് മേധാവിയുടെ അനുമതിക്കായി നൽകി. ഈ റിപ്പോർട്ട് നിയമോപദേശത്തിന് അയച്ചു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമുള്ള വകുപ്പുകള്‍ നിലനിൽക്കില്ലെന്നായിരുന്നു നിയമോപദേശം.
ഡിജിപിയുടെ കുടുംബത്തോടൊപ്പം സ്വകാര്യ യാത്രക്ക് പോയതിനാൽ ഡ്യൂട്ടി തടസ്സപ്പെടുത്തിതായി കണക്കാൻ കഴിയില്ലെന്നായിരുന്നു നിയമോപദേശം. കൈകൊണ്ട് മർദ്ദിച്ച വകുപ്പ് മാത്രമാണ് അപ്പോള്‍ ബാക്കിയായത്. കൈകൊണ്ട് മർദ്ദിച്ചതിന് മൂന്നു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പു ചുമത്താൻ കോടതിയുടെ മുൻ കൂർ അനുമതി വാങ്ങണം. ഇത് വാങ്ങാതെയും ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് റിപ്പോർട്ട് വൈകിപ്പിച്ചു. ഹൈക്കോടതി വീണ്ടും ഇടപ്പെട്ടതോടെയാണ് അനുതി വാങ്ങി ഒടുവിൽ കുറ്റപത്രം കോടതിയിൽ നൽകിയത്. ഡിജിപിയുടെ മകളുടെ പരാതിയില്‍ ഗവാസ്ക്കറിനെതിരെ എടുത്ത കേസിൽ തെളിവുകളില്ലെന്നും തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ ക്രൈം ബ്രാഞ്ച് എസ്പി ഷൗക്കത്തലി അറിയിച്ചു. വിജിലൻസ് മേധാവിയായിരുന്ന സുധേഷ് കുമാർ ഒരു വർഷം മുമ്പാണ് വിരമിച്ചത്.