'ചിന്ത ജെറോമിന്‍റെ ശമ്പളം ഇരട്ടിയാക്കിയത് യുവജനങ്ങളോടുള്ള വെല്ലുവിളി, അഴിമതിയിലും, ധൂർത്തിലും കേരളം ഒന്നാമത്'

ജോലിയില്ലാതെ യുവാക്കൾ വലയുമ്പോൾ മുൻകാല പ്രാബല്യത്തിൽ സിപിഎമ്മുകാരിയായ യുവജന കമ്മീഷൻ അദ്ധ്യക്ഷക്ക് ശമ്പളം ഇരട്ടിയാക്കിയത് യുവജന വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍
 

'Chinta Jerome's salaryhike is a challenge to the youth, Kerala is first in corruption says k surendran

കൊല്ലം:ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനമായ കേരളത്തിൽ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്‍റെ  ശമ്പളം ഇരട്ടിയാക്കി വർദ്ധിപ്പിച്ച നടപടി യുവജനങ്ങളോടുള്ള വെല്ലവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അഴിമതിയിലും, ധൂർത്തിലും വികസന മുരടിപ്പിലും കേരളം ഇന്ന് ഒന്നാം സ്ഥാനത്താണെന്നും കൊല്ലത്ത് ബിജെപി ദക്ഷിണമേഖലാ നേത്യയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ജോലിയില്ലാതെ യുവാക്കൾ വലയുമ്പോൾ മുൻകാല പ്രാബല്ല്യത്തിൽ സിപിഎമ്മുകാരിയായ യുവജന കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് ശമ്പളം ഇരട്ടിയാക്കിയത് യുവജന വഞ്ചനയാണ്.

സമസ്ത മേഖലകളിലും അരാജകത്വം നിലനിൽക്കുന്ന കലുഷിത രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. സംസ്ഥാനം എല്ലാ രംഗത്തും  പുറംതള്ളപ്പെടുകയാണ്. വിദ്യാഭ്യാസത്തിന്‍റെ  കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് ഏറ്റവും പിറകിലാണ്. റഗുലർ കോളേജുകളിൽ എണ്ണായിരത്തോളം ഡിഗ്രി സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ഇവിടെ  ഗവേഷണം നടത്താൻ വിദ്യാർത്ഥികൾ മടിക്കുന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസ രംഗം അധ:പതിച്ചു. ആരോഗ്യ രംഗത്ത് ഇത്രയും തകർച്ച നേരിട്ട കാലമുണ്ടായിട്ടില്ല. കോവിഡ് കാലത്തെ മരണനിരക്കുകൾ സംസ്ഥാന സർക്കാർ മറച്ചുവച്ചു. റവന്യൂ  കമ്മി നികത്താൻ കേന്ദ്രം സഹായിച്ചില്ലെങ്കിൽ കേരളത്തിൽ ട്രഷറികൾ പൂട്ടേണ്ടി വന്നേനെയെന്നും സുരേന്ദ്രൻ പറഞ്ഞു. 

ജനിച്ചു വീഴുന്ന ഓരോ പൗരനും ഒന്നേകാൽ ലക്ഷം രൂപയ്ക്ക് മുകളിൽ കടക്കാരനാകുന്ന വികസന മാതൃക കേരളത്തിൽ മാത്രമാണുള്ളത്. ഭരണഘടനയെ അവഹേളിക്കുന്ന മന്ത്രിമാരുള്ള ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണ്. സജി ചെറിയാൻ കേരളത്തിന് തീരാകളങ്കമാണ്. മുജാഹിദ് സമ്മേളനത്തിൽ കലാപാഹ്വനം നടത്തിയ രാജ്യസഭാഗത്തെ പിന്തുണയ്ക്കുന്ന നിലപാട് ആപൽക്കരമാണ്. സാമുദായിക ചേരിതിരിവിനും കലാപവുമുണ്ടാക്കാനും ശ്രമിച്ച രാജ്യസഭാ അംഗത്തിനെതിരേ നടപടിയുണ്ടാകണം. 

കഴിഞ്ഞ ആറ് വർഷമായി പിണറായി സർക്കാർ  ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് കെ.സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. കേന്ദ്രം പാവപ്പെട്ടവർക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങൾ പോലും കൃത്യമായി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. ജിഎസ്ടി ഗ്രാന്റിനത്തിൽ കേരളത്തിന് ലഭിക്കേണ്ട 700 കോടി കേന്ദ്രം നൽകിയിട്ടും 7,000 കോടി കിട്ടാനുണ്ടെന്ന വ്യാജ പ്രചാരണം നടത്തുന്ന ധനകാര്യ മന്ത്രി ജനങ്ങളുടെ മുന്നിൽ സ്വയം മണ്ടനാകുകയാണെന്നും അദ്ദേഹം പറഞ്ഞു. 

.

Latest Videos
Follow Us:
Download App:
  • android
  • ios