20 രൂപക്ക് മൂന്നക്ക നമ്പര്‍ എഴുതാം, ശരിയായാൽ സമ്മാനം 5000, നോക്കുക സര്‍ക്കാര്‍ ലോട്ടറി ഫലം, ഒരാൾ അറസ്റ്റിൽ
20 രൂപയ്ക്ക് മൂന്നക്ക നമ്പര്‍ എഴുതാം, ശരിയായാൽ 5000 രൂപ സമ്മാനം, മാനദണ്ഡം സര്‍ക്കാര്‍ ലോട്ടറി, നടത്തിപ്പുകാരൻ അറസ്റ്റിൽ
ആലപ്പുഴ: സംസ്ഥാന ലോട്ടറി ടിക്കറ്റിന് സമാന്തരമായി മൂന്നക്ക എഴുത്ത് ലോട്ടറി നടത്തിയയാൾ അറസ്റ്റിൽ. ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡ് തപാൽപറമ്പ് ഫാസിയ മൻസിലിൽ നവാസിനെ (49) ആണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പുലയൻവഴി ജംഗ്ഷനുസമീപം ലോട്ടറി കടയുടെ മറവിൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇടപാട് നടത്തിയിരുന്നത്.
തട്ടിപ്പിന് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും 23,190 രൂപയും വിവിധ നമ്പറുകൾ എഴുതിയ കുറിപ്പുകളും പിടിച്ചെടുത്തു. രണ്ടുമാസത്തിലധികമായി ഇയാൾ ലോട്ടറിക്കട കേന്ദ്രീകരിച്ച് എഴുത്ത് ലോട്ടറി നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കേരള ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറിന്റെ അവസാന മൂന്നക്കങ്ങൾ മുൻകുട്ടി എഴുതി നൽകുന്നതാണ് രീതി. 20 രൂപ കൊടുത്താൽ മൂന്നക്ക നമ്പർ ആർക്കും എഴുതി നൽകാം.
എഴുതി നൽകുന്ന നമ്പർ ശരിയാണെങ്കിൽ 5,000 രൂപ വരെ സമ്മാനം ലഭിക്കും. നേരിട്ടെത്തി എഴുതി നൽകാൻ ബുദ്ധിമുട്ടുള്ളവർക്ക് ഗൂഗിൾപേ വഴി പണം അയച്ചശേഷം ഇഷ്ടമുള്ള നമ്പറുകൾ വാട്സ് ആപ്പിലൂടെ ബുക്ക് ചെയ്യാം. സമ്മാനം ലഭിച്ചാൽ തുക ഗൂഗിൾ പേ വഴി അയച്ചുനൽകും. സൗത്ത് സി ഐ ശ്രീജിത്ത്, എസ് ഐമാരായ ആനന്ദ്, ജോമോൻ ജോസഫ്, സി പി ഒമാരായ വിപിൻദാസ്, ശ്യാം എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം