'ഞാനിടാം, നീയിടുമോ?'; ഉഷാറായ ഓണം ബമ്പര്‍ പങ്കുകച്ചവടം, സമ്മാനമടിച്ചാല്‍ ആരുടെ കയ്യില്‍ പണം ?
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റെക്കോര്‍ഡ് വിൽപ്പനയാണ് ബമ്പർ ടിക്കറ്റിന് ലഭിച്ചിരിക്കുന്നത്.
ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. സെപ്റ്റംബർ 20 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് 25 കോടി നേടിയ ആ ഭാഗ്യ നമ്പർ ഏതാണെന്ന് അറിയാനാകും. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തുന്ന ബമ്പർ എടുക്കാൻ ലോട്ടറി ഷോപ്പുകളിൽ എല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം മുതൽ 500 രൂപയാണ് തിരുവോണം ബമ്പറിന്റെ ടിക്കറ്റ് വില. അതുകൊണ്ട് തന്നെ ഭൂരിഭാഗവും ഷെയർ ഇട്ടാണ് ടിക്കറ്റ് എടുക്കുന്നത്. 100, 200, 250 എന്നിങ്ങനെ പോകുന്നു ഷെയർ ഇടുന്ന തുകകൾ. എന്നാൽ ഇത്തരത്തിൽ ഷെയർ ഇട്ട് ടിക്കറ്റ് എടുക്കുന്നവർക്കാണ് സമ്മാനം അടിക്കുന്നതെങ്കിൽ എന്ത് ചെയ്യും?.
ലോട്ടറി നിയമ പ്രകാരം കൂട്ടം ചേർന്ന് ടിക്കറ്റുകൾ എടുക്കുന്നതിൽ യാതൊരുവിധ തടസങ്ങളും ഇല്ല. എന്നാൽ സമ്മാനത്തുക കൈമാറുക ഒരാളുടെ അക്കൗണ്ടിലേക്ക് മാത്രമാകും. അതായത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറാൻ ലോട്ടറി വകുപ്പിന് സാധിക്കില്ല എന്ന് വ്യക്തം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ..
- ഒന്നിൽ കൂടുതൽ പേർ ഷെയർ ഇട്ട് ടിക്കറ്റ് എടുക്കുക ആണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തിയിരിക്കണം.
- 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കിയിരിക്കണം.
- ഈ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാകും പണം കൈമാറുക. ആ വ്യക്തിയുടെ വിശദാംശങ്ങൾ മാത്രമെ ലോട്ടറി വകുപ്പിന് സമർപ്പിക്കാൻ പാടുള്ളൂ.
- മുകളിൽ പറഞ്ഞവയ്ക്ക് പുറമെ ജോയിന്റ് അക്കൗണ്ട് തുടങ്ങിയ ശേഷം തുക കൈപ്പറ്റാൻ ഒരാളെ ഏർപ്പാട് ചെയ്യാവുന്നതാണ്. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേരുള്ള എല്ലാവരുടേയും വിശദാംശങ്ങൾ ലോട്ടറി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.
അതേസമയം, കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റെക്കോര്‍ഡ് വിൽപ്പനയാണ് ബമ്പർ ടിക്കറ്റിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 71.5 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. നാളെ ഉച്ചയോടെ 80 ലക്ഷം അടുപ്പിച്ച് ടിക്കറ്റുകൾ വിറ്റുപോകുമെന്നാണ് കരുതപ്പെടുന്നത്. ഇതര സംസ്ഥാനക്കാരടക്കം നിരവധി പേർ ടിക്കറ്റെടുത്ത് പോകുന്നുണ്ടെന്ന് കച്ചവടക്കാരും പറയുന്നു. കേരള- തമിഴ്നാട് ബോർഡറുകളിലും ടിക്കറ്റെടുക്കാൻ തിരക്കനുഭവപ്പെടുന്നുണ്ട്.
തിരുവോണം ബമ്പർ: പോയാൽ 500, അടിച്ചാൽ 25 കോടി; ഇതുവരെ വിറ്റത് 71.5 ലക്ഷം ടിക്കറ്റുകൾ, സർവകാല റെക്കോർഡ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..