25 കോടി കഴിഞ്ഞു, ഇനി 12 കോടി; ഓണം ബമ്പർ ആവേശത്തിനിടെ പൂജാ ബമ്പർ, ടിക്കറ്റ് വില 300
300 രൂപയാണ് പൂജാ ബമ്പറിന്‍റെ ടിക്കറ്റ് വില.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ BR 100ന്റെ ടിക്കറ്റ് പ്രകാശനം നടന്നു. 25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പിനോട് അനുബന്ധിച്ച് ആയിരുന്നു പ്രകാശനം. 12 കോടി രൂപ ഒന്നാം സമ്മാനമായി എത്തുന്ന പൂജാ ബമ്പർ നാളെ മുതൽ വിപണിയിലെത്തും. 300 രൂപയാണ് ടിക്കറ്റിന്റെ വില. 2024 ഡിസംബര്‍ നാലിന് നറുക്കെടുപ്പ് നടക്കും.
പൂജ ബമ്പർ സമ്മാനഘടന ഇങ്ങനെ
12 കോടി രൂപയാണ് പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജ ബമ്പറിന്റെ മറ്റൊരു സവിശേഷത. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.
ആദ്യമായിട്ടാണ് സാർ.. കയ്യും കാലും വിറയ്ക്കുന്നു..; 25 കോടി വിറ്റ ഏജന്‍റ് നാഗരാജ്
അതേസമയം, ഇന്ന് നറുക്കെടുത്ത തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം TG 434222 എന്ന നമ്പറിനാണ് ലഭിച്ചത്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ഏജന്‍റായ നാഗരാജ് വിറ്റ ടിക്കറ്റിന് ആണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഭാഗ്യശാലി ആരാണ് എന്ന് ഇതുവരെ അറിയാനായിട്ടില്ല. 25 കോടിയാണ് ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം. നികുതിയും ഏജന്‍റ് കമ്മീഷനും പോയിട്ട് ബാക്കി 12.8 കോടി രൂപയാകും ഭാഗ്യശാലിക്ക് ലഭിക്കുക. ആരാകും ആ ഭാഗ്യശാലി എന്നറിയാന്‍ അക്ഷമരായി കാത്തിരിക്കുകയാണ് കേരളക്കര ഇപ്പോള്‍.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം