Asianet News MalayalamAsianet News Malayalam

തിരുവോണം ബംപറടിച്ച ടിക്കറ്റ് തിരഞ്ഞെടുത്തതിൻ്റെ കാരണം വെളിപ്പെടുത്തി അൽത്താഫ്; ടിക്കറ്റ് വിറ്റ നാഗരാജിനെ കണ്ടു

നാഗരാജിൻ്റെ കടയിൽ നിന്ന് ടിക്കറ്റ് എടുത്തത് നമ്പറിൻ്റെ പ്രത്യേകത കൊണ്ടാണെന്നും തൻ്റെ വാഹനങ്ങൾക്കെല്ലാം ഇനി ഈ നമ്പർ തന്നെ എടുക്കുമെന്നും അൽത്താണ്

Thiruvonam bumper lottery winner Althaf reveals why he chose the number that won 25 crore
Author
First Published Oct 10, 2024, 7:38 PM IST | Last Updated Oct 10, 2024, 7:45 PM IST

കൽപ്പറ്റ: ജീവിതത്തോട് മൽപ്പിടിത്തം 25 കോടിയുടെ ഓണം ബമ്പര്‍ ലോട്ടറിയടിച്ച കര്‍ണാടക സ്വദേശിയായ അല്‍ത്താഫ് വയനാട്ടിലെത്തി. ടിക്കറ്റ് വിറ്റ സുൽത്താൻ ബത്തേരിയിലെ ഏജൻ്റ് നാഗരാജിനെ നേരിൽ കണ്ട് സന്തോഷം പങ്കിട്ട ശേഷം അദ്ദേഹം വീട്ടിലേക്ക് പോയി. നേരത്തെ ബാങ്കിലെത്തി ടിക്കറ്റ് സമർപ്പിച്ച ശേഷമാണ് അദ്ദേഹം നാഗരാജിനെ കാണാൻ പോയത്. താൻ നാഗരാജിൻ്റെ കടയിൽ നിന്ന് ടിക്കറ്റ് എടുത്തത് നമ്പറിൻ്റെ പ്രത്യേകത കൊണ്ടാണെന്നും തൻ്റെ വാഹനങ്ങൾക്കെല്ലാം ഇനി ഈ നമ്പർ തന്നെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഇതുവഴി പോയപ്പോൾ ഒരു ലോട്ടറി കട കണ്ട് വെറുതെ കയറിയതാണ്. ഓണം ബംപർ ടിക്കറ്റ് കണ്ടപ്പോൾ നമ്പറുകൾ നോക്കി. ടിജി 434 222 എന്ന നമ്പർ കണ്ടപ്പോൾ നല്ല നമ്പറാണെന്ന് തോന്നി. അത് എടുക്കുകയായിരുന്നു. ഇനി താൻ ഉപയോഗിക്കാൻ പോകുന്ന എല്ലാ വാഹനങ്ങൾക്കും ഈ നമ്പർ തന്നെ എടുക്കും,' - അൽത്താഫ് പ്രതികരിച്ചു. ഓണം ബംപർ വിജയി തൻ്റെ കടയിൽ വന്നല്ലോ, അത് വലിയ കാര്യമാണെന്നും ഏറെ സന്തോഷമുണ്ടെന്നും നാഗരാജ് പ്രതികരിച്ചു.

കല്‍പ്പറ്റ എസ്ബിഐയിൽ അല്‍ത്താഫിന്‍റെ പേരിൽ അക്കൗണ്ട് തുടങ്ങി. മാധ്യമങ്ങള്‍ക്ക് മുന്നിൽ വെച്ച് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് അല്‍ത്താഫ് ബാങ്ക് മാനേജര്‍ക്ക് കൈമാറി. ബാക്ക് അക്കൗണ്ട് പാസ് ബുക്ക് മാനേജര്‍ അല്‍ത്താഫിന് നൽകി. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം അല്‍ത്താഫിനെ മടക്കി. തിങ്കളാഴ്ച വരെ ബാങ്ക് ലോക്കറിൽ ലോട്ടറി സൂക്ഷിക്കും. പിന്നീട് ലോട്ടറി വകുപ്പിന് കൈമാറുമെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു.

കര്‍ണാടക പാണ്ഡ്യപുര സ്വദേശിയാണ് അല്‍ത്താഫ്. ഏഷ്യാനെറ്റ് ന്യൂസാണ് അല്‍ത്താഫിനാണ് ലോട്ടറിയടിച്ചതെന്ന വിവരം ആദ്യം പുറത്തുവിടുന്നത്. 15 വർഷമായി ലോട്ടറി എടുക്കുന്നുണ്ടെന്നും മകളുടെ കല്യാണം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്നുമാണ് അല്‍ത്താഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. വാടക വീട്ടില്‍ നിന്ന് മാറി പുതിയ വീട് വയ്ക്കണമെന്ന ആഗ്രഹവും അല്‍ത്താഫ് പങ്കുവച്ചു. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. 

Latest Videos
Follow Us:
Download App:
  • android
  • ios