ആ ഭാഗ്യവാൻ സെയ്‌ദലവിയല്ല; കൊച്ചിക്കാരൻ ജയപാലൻ, ഓണം ബമ്പര്‍ അടിച്ചത് ഓട്ടോഡ്രൈവർക്ക്
ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറി
കൊച്ചി: സസ്പെൻസുകൾ അവസാനിച്ചു. തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറി.
നേരത്തെ ഓണം ബമ്പര്‍ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി നേരത്തെ ഒരു പ്രവാസി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം. ഈ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് യഥാർത്ഥ വിജയിയെ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ജയപാലന് നേരത്തെയും ലോട്ടറിയടിച്ചിട്ടുണ്ട്. അതേക്കുറിച്ച് ജയപാലൻ പറയുന്നത് ഇങ്ങനെ
'ആ ടിക്കറ്റ് എന്റെ കയ്യില്‍ ഇല്ല'; വെളിപ്പെടുത്തലുമായി സെയ്തലവിയുടെ സുഹൃത്ത്
നേരത്തെ ഒമ്പതാം തിയ്യതി 5000 രൂപ അടിച്ചിരുന്നു. 10 ന് ആ ടിക്കറ്റ് മാറാനായാണ് പോയത്. അന്ന് അടിച്ച പൈസക്ക് ഒരു ബമ്പറും 5 ടിക്കറ്റ് വേറെയും എടുത്തു. ഫാൻസി നമ്പറായി തോന്നിയത് കൊണ്ടാണ് ആ ടിക്കറ്റ് തന്നെയെടുത്തതെന്നും ജയപാലൻ പറഞ്ഞു.
കുറച്ച് കടമുണ്ട്. അത് തീർക്കണം. രണ്ട് സിവിൽ കേസുണ്ട്. അതും തീർക്കണം. പിന്നെ മക്കളുണ്ട്. പെങ്ങൾമാർക്കും കുറച്ച് പൈസ കൊടുക്കണം. അതൊക്കെ തന്നെയാണ് ആഗ്രഹമെന്ന് ജയപാലൻ പറയുന്നു. ആദ്യം പറഞ്ഞ് കേട്ടപ്പോൾ വിശ്വാസമായില്ലെന്ന് മകനും കണ്ണീരോട് പറയുന്നു. വീട് പണി കഴിഞ്ഞതോടെ കടത്തിൽ മുങ്ങിയിരിക്കുകയായിരുന്നു. വലിയ ആശ്വാസവും ഭാഗ്യമാണ് ഈ ലോട്ടറിയെന്നും ജയപാലന്റെ അമ്മയും പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.