ലാഭ വിഹിതത്തിന്റെ പകുതി നൽകാമെന്ന് വാഗ്ദാനം; മടങ്ങി വരാൻ സിക്കിം ലോട്ടറി, അനുമതി നല്‍കാനാകില്ലെന്ന് കേരളം
ലോട്ടറി തട്ടിപ്പിനെതിരെ സിബിഐ അന്വേഷണം നടക്കുന്നതിനാൽ അനുമതി നൽകാനാകില്ലെന്ന് കേരളം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
തിരുവനന്തപുരം: ലോട്ടറി വില്പനക്ക് അനുമതി നൽകിയാൽ ലാഭവിഹിതത്തിൻ്റെ പകുതി നൽകാമെന്ന സിക്കിം സർക്കാറിൻ്റെ വാഗ്ദാനം തള്ളി കേരളം. ലോട്ടറി തട്ടിപ്പിനെതിരെ സിബിഐ അന്വേഷണം നടക്കുന്നതിനാൽ അനുമതി നൽകാനാകില്ലെന്ന് കേരളം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി നിൽപ്പന നിർത്തലാക്കിയിട്ട് 20 വർഷമാകുന്നു. ഇതര സംസ്ഥാന ലോട്ടറികള്‍ കേന്ദ്ര ചട്ട ലംഘിക്കുന്നത് ചൂണ്ടിക്കാട്ടി കേരളം കേന്ദ്ര സർക്കാരിനെ സമീപച്ചതോടെയാണ് വിൽപ്പന നിർത്തിവച്ചത്. വി എസ് സർക്കാരിൻ്റെ സമയത്ത് ലോട്ടറി തട്ടിപ്പ് അന്വേഷണം സിബിഐക്ക് വിട്ടു. പക്ഷേ, സിക്കിം ലോട്ടറി വിൽപ്പന കേന്ദ്രം നിരോധിച്ചിട്ടില്ല. പഴയ നികുതി ഘടന മാറി ജിഎസ്ടി വന്നതോടെ ഫെഡറൽ നിയമപ്രകാരം ലോട്ടറി വിൽപ്പന അനുവദിക്കണമെന്നാണ് സിക്കിം സർക്കാരിൻ്റെ ആവശ്യം. സിക്കിം ലോട്ടറിക്ക് വലിയ മാർക്കറ്റുണ്ടായിരുന്ന കേരളമാണ് വീണ്ടും ലക്ഷ്യമിടുന്നത്. ലോട്ടറി വിൽപ്പനയ്ക്ക് അനുമതി തേടി സിംക്കിം സർക്കാർ പല പ്രാവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെയാണ് സമീപിച്ചു. ഏറ്റവും ഒടുവിൽ ലോട്ടറിയുടെ ലാഭം കേരളവുമായി പങ്കിടാമെന്ന ഫോർമുലയാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിൽ കേന്ദ്രം കേരളത്തോട് അഭിപ്രായം തേടി.
നിലവിൽ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് 32 കേസുകള്‍ സിബിഐ അന്വേഷിക്കുന്നത്. ഇതിൽ ചില കുറ്റപത്രങ്ങള്‍ നൽകി. മറ്റ് ചിലതിൽ അന്വേഷണം തുടരുകയാണ്. അന്വേഷണം അവസാനിക്കാത്ത സാഹചര്യത്തിൽ സിക്കിം ലോട്ടറി വിൽപ്പന അനുവദിക്കില്ലെന്നാണ് സംസ്ഥാനം നൽകിയ മറുപടി. നിലവിൽ സംസ്ഥാന ഭാഗ്യക്കുറി മാത്രമാണ് വിൽപ്പന നടത്തുന്നത്. 11,000 കോടിയുടെ വിൽപ്പനയാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത്. ലോട്ടറി അച്ചടിയും സമ്മാന തുക ഏജൻ്റ് കമ്മീഷനും കഴിഞ്ഞാൽ ലോട്ടറിയിൽ നിന്നും പത്ത് ശതമാനം മാത്രമാണ് സർക്കാർ വരുമാനമെന്നാണ് നികുതി വകുപ്പ് പറയുന്നത്. മറ്റൊരു ലോട്ടറി കൂടിയെത്തിയാൽ സംസ്ഥാന ലോട്ടറി വിൽപ്പന കുത്തനെ കുറയാനും ഉള്ള വരുമാനം നഷ്ടമാകാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ് സംസ്ഥാനം എതിർക്കുന്നത്.