തിരുവോണം ബമ്പർ വിൽപ്പന 70 ലക്ഷത്തിലേക്ക്; പാലക്കാട് മുന്നിൽ, 1-ാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽപ്പന തുടരുന്നു
ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫീസുകളിലേതുൾപ്പെടെ 12,78,720 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ വിൽപ്പന 70 ലക്ഷത്തിലേയ്ക്ക്. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്. ഇതില്‍ ഇന്ന് വൈകുന്നേരം നാല് മണി വരെയുള്ള കണക്കനുസരിച്ച് 69,70,438 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫീസുകളിലേതുൾപ്പെടെ 12,78,720 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,21,350 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,44,390 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പ്പന പുരോഗമിക്കുന്നു.
25 കോടി രൂപയാണ് തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ എന്നിങ്ങനെയാണ് തിരുവോണം ബമ്പറിന്‍റെ സമ്മാനത്തുക. ബുധനാഴ്ച (09.10.2024) ഉച്ചയ്ക്ക് ഒന്നരയ്ക്ക് വി കെ പ്രശാന്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ ഗോര്‍ഖി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പൂജാ ബമ്പറിന്റെ പ്രകാശനവും തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന്റെ ഉദ്ഘാടനവും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍, ജോയിന്റ് ഡയറക്ടര്‍മാരായ മായ.എന്‍.പിള്ള, എം.രാജ് കപൂര്‍ എന്നിവര്‍ സന്നിഹിതരാകും.
അതേസമയം, വ്യാജ ലോട്ടറി വിൽപ്പനക്കെതിരെ പ്രചാരണവും കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഊർജ്ജിതമാക്കി. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുകയാണ്.