75 ലക്ഷത്തിന്റെ ഭാഗ്യം അതിഥി തൊഴിലാളിക്ക്, 'ഭയം', മലയാളികള്‍ക്കൊപ്പം സുരക്ഷ തേടി പൊലീസ് സ്റ്റേഷനില്‍
75 ലക്ഷം രൂപ ഒന്നാം സമ്മാനം നേടിയ വിവരം അറിഞ്ഞതോടെ ഇയാള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുമായി പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തി.
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പശ്ചിമ ബംഗാള്‍ സ്വദേശിക്ക്. ബംഗാള്‍ സ്വദേശിയായ അശോക് ആണ് തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യവാന്‍. 75 ലക്ഷം രൂപ ഒന്നാം സമ്മാനം നേടിയ വിവരം അറിഞ്ഞതോടെ ഇയാള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുമായി പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തി. മാസങ്ങളായി ഇയാള്‍ പുലാമന്തോളിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്നു. അശോക് എന്ന വിളിപ്പേരു മാത്രമേ എല്ലാവര്‍ക്കും അറിയാവൂ. മെഷീന്‍ ഉപയോഗിച്ച് കാടുവെട്ടുന്ന ജോലിയാണ് ചെയ്യുന്നത്. പുലാമന്തോളിലെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റെടുത്തത്. ഇടയ്ക്ക് ടിക്കറ്റെടുക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
തിങ്കളാഴ്ചത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് രാവിലെ സുഹൃത്തുക്കളായ രണ്ട് മലയാളികളെയും കൂട്ടിയാണ് അശോക് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇയാള്‍ക്ക് മലയാളം വശ്യമില്ലാത്തതിനാലാണ് കൂടെ മലയാളികളായ രണ്ടുപേരെയും കൂട്ടിയത്. മലയാളി സുഹൃത്തുക്കളാണ് കാര്യം പൊലീസിന് വിശദമാക്കിയത്. ടിക്കറ്റ് ബാങ്കിലെത്തിക്കാന്‍ സുരക്ഷ വേണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് സീനിയര്‍ സിപിഒ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ബാങ്ക് വരെ കൂട്ടിനയച്ചു. പെരിന്തല്‍മണ്ണയിലെ ദേശസാല്‍കൃത ശാഖയില്‍ ലോട്ടറി ടിക്കറ്റ് ഏല്‍പിച്ച ഉടനെ ഇയാള്‍ നാട്ടിലേക്ക് വണ്ടി കയറിയെന്നാണ് വിവരം.
എല്ലാ തിങ്കളാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് വിന്‍വിന്‍ ലോട്ടറിയുടെ നറുക്കെടുപ്പ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ. നാലാം സമ്മാനം അയ്യായിരം രൂപ. കൂടാതെ രണ്ടായിരം, ആയിരം, 500, 100 എന്നിങ്ങനെയും സമ്മാനങ്ങളുണ്ട്. 40 രൂപയാണ് ഭാഗ്യക്കുറിയുടെ വില.
ശബരിമല തീര്‍ത്ഥാടക സംഘത്തില്‍ നിന്ന് കൂട്ടംതെറ്റി യുവാവ്; തുണയായത് റാന്നി പൊലീസ്