9 പേർ 25 രൂപ വച്ച്, 2 പേർ ബാക്കി തുക, എത്ര കിട്ടിയാലും ഒരുപോലെ വീതിക്കും; ബമ്പറടിച്ച ചേച്ചിമാരുടെ കഥ ബിബിസിയിൽ

എന്തെങ്കിലും തുക കിട്ടിയാല്‍ തുല്യമായി വീതിക്കാമെന്ന് എടുക്കുമ്പോള്‍ തന്നെ പറഞ്ഞിരുന്നു. പെട്ടെന്നൊരു ദിവസം നിനച്ചിരിക്കാതെ കോടീശ്വരിമാർ ആയതിന്റെ സന്തോഷത്തിലാണ് ഇവർ.

kerala lottery monsoon bumper winners 11 women heart touching story btb

തിരുവനന്തപുരം: കേരളത്തിലെ മൺസൂൺ ബമ്പര്‍ വിജയികളായ ഹരിതകർമ സേന അംഗങ്ങളുടെ വാര്‍ത്ത ബിബിസിയിലുമെത്തി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ്മ സേന പ്രവർത്തകർ കൂട്ടായി എടുത്ത ടിക്കറ്റിനാണ് ഇത്തവണ മണ്‍സൂണ്‍ ബമ്പര്‍ അടിച്ചത്.  MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.  250 രൂപയായിരുന്നു ബമ്പർ ടിക്കറ്റ് വില. ഹരിത കര്‍മ്മ സേന അംഗങ്ങളായ ഇവർ അനുഭവിക്കുന്ന കഷ്ടപാടുകളും അവരുടെ പ്രതികരണങ്ങളും സഹിതമാണ് ബിബിസിയിൽ വാര്‍ത്ത വന്നിട്ടുള്ളത്.

250 രൂപയുടെ ടിക്കറ്റാണ് 11 വനിതകള്‍ ചേര്‍ന്ന് എടുത്തത്. 25 രൂപ വീതം ഒമ്പത് വനിതകളും ബാക്കി രണ്ട് പേര്‍ ബാക്കി തുകയും കൊടുത്താണ് ടിക്കറ്റ് എടുത്തതെന്ന് മണ്‍സൂണ്‍ ബമ്പർ അടിച്ച അംഗങ്ങളില്‍ ഒരാളായ ചെറുമണ്ണില്‍ ബേബി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എന്തെങ്കിലും തുക കിട്ടിയാല്‍ തുല്യമായി വീതിക്കാമെന്ന് എടുക്കുമ്പോള്‍ തന്നെ പറഞ്ഞിരുന്നു. പെട്ടെന്നൊരു ദിവസം നിനച്ചിരിക്കാതെ കോടീശ്വരിമാർ ആയതിന്റെ സന്തോഷത്തിലാണ് ഇവർ.

'സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷമായി. ഒന്നാം സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടേയില്ലെ'ന്ന് കൂട്ടത്തിലൊരാൾ പറഞ്ഞു. കൂട്ടത്തിലെ രാധയാണ് ടിക്കറ്റെടുത്തത്. നാലാമത്തെ തവണയാണ് ബമ്പര്‍ ടിക്കറ്റെടുക്കുന്നത്. അതിൽ ഒരു തവണ 1000 രൂപ കിട്ടിയിരുന്നു. കിട്ടുന്ന പണം കൊണ്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ആദ്യം കിട്ടിയ ഉത്തരം 'വീട് നന്നാക്കണം' എന്നായിരുന്നു. പിന്നെ കടമുണ്ട് അതും വീട്ടണം. ഒരു പരാതിയും കൂടിയുണ്ട് ഇവർക്ക് പറയാൻ. 'എല്ലാവരും ഞങ്ങളെ ആട്ടുമായിരുന്നു. എന്തിനാ ഇങ്ങോട്ട് വന്നെ?  ആ പച്ചക്കുപ്പായക്കാരെ ഇനിയിങ്ങോട്ട് കയറ്റരുത് എന്നൊക്കെയാണ് പറയുന്നത്.

50 രൂപക്ക് വേണ്ടി ഞങ്ങൾ എത്ര ചീത്ത കേൾക്കണമെന്നറിയാമോ? കവറുകള് ഇസ്തിരിയിട്ട് തരണോന്നൊക്കെയാണ് ചോദിക്കാറ്.' ഹരിത കർമ്മ സേനാം​ഗത്തിന്റെ പരാതികളിങ്ങനെ. ഭാഗ്യദേവത തുണച്ചെങ്കിലും തങ്ങളുടെ ജോലി വേണ്ടെന്ന് വയ്ക്കില്ലെന്നും ഇവര്‍ പറയുന്നു. മകളുടെ ശസ്ത്രക്രിയ, മക്കളുടെ വിദ്യാഭ്യാസം, ഭര്‍ത്താവിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങി ഒരുപാട് ആവശ്യങ്ങളും ഇവര്‍ക്കുണ്ട്. 

വല്ലാത്ത ഐഡിയ! ഇനിയും മുൻ കാമുകന് ക്യാഷ് ഓണ്‍ ഡെലിവറിയായി ഭക്ഷണം അയക്കല്ലേ; അങ്കിതയോട് സൊമാറ്റോയുടെ അപേക്ഷ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios