ഓഹരി വിപണിയില്‍ നിക്ഷേപിച്ച് എഐ ഉപയോഗിച്ച് അത് ഇരട്ടിയാക്കിയെന്ന് ഒരു നിക്ഷേപകന്‍ അവകാശപ്പെട്ടതോടെ നിക്ഷേപ ലോകം ഞെട്ടി

വെറും 10 ദിവസം കൊണ്ട് 34,000 രൂപ (ഏകദേശം 400 ഡോളര്‍) ഓഹരി വിപണിയില്‍ നിക്ഷേപിച്ച് എഐ ഉപയോഗിച്ച് അത് ഇരട്ടിയാക്കിയെന്ന് ഒരു നിക്ഷേപകന്‍ അവകാശപ്പെട്ടതോടെ നിക്ഷേപ ലോകം ഞെട്ടിയിരിക്കുകയാണ്. ചാറ്റ്ജിപിടി, ഇലോണ്‍ മസ്‌കിന്റെ ഗ്രോക്ക് തുടങ്ങിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ മാത്രമാണ് ഇതിനായി ആശ്രയിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്. ഈ പരീക്ഷണം വൈറലായതോടെ, ഓഹരി നിക്ഷേപത്തിലും റീട്ടെയില്‍ ട്രേഡിംഗിലും എഐയുടെ സാധ്യതകളെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമായി. തുടക്കത്തില്‍ 400 ഡോളര്‍ അമേരിക്കന്‍ ട്രേഡിംഗ് പ്ലാറ്റ്ഫോമായ റോബിന്‍ഹുഡില്‍ നിക്ഷേപിച്ചാണ് ചാറ്റ് ജിപിടിയുടെ സഹായത്തോടെ നിക്ഷേപം നടത്തുന്നത് ഈ വ്യക്തി പരീക്ഷിച്ചത്.

നാലാം ദിവസം ഇദ്ദേഹം തന്റെ നിക്ഷേപത്തിന്റെ ഒരു ഭാഗം ചാറ്റ് ജിപിടിയുടെ സഹായത്തോടെയും ഒരു ഭാഗം ഗ്രോക്കിന്‍രെ സഹായത്തോടെയും ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. ഇരു കമ്പനികളും തമ്മില്‍ എഐ പോരാട്ടമാണ് നടത്തിയത് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വിപണിയിലെ വിവരങ്ങള്‍, സാങ്കേതിക ചാര്‍ട്ടുകള്‍, ഓപ്ഷന്‍ ചെയിന്‍ സ്‌ക്രീന്‍ഷോട്ടുകള്‍, സാമ്പത്തിക വിവരങ്ങള്‍ എന്നിവയെല്ലാം ഇരു എഐ മോഡലുകള്‍ക്കും നല്‍കി, ഏത് ഓഹരികളില്‍ നിക്ഷേപിക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ടു. 10 ട്രേഡിംഗ് ദിവസങ്ങളിലായി 18 ട്രേഡുകള്‍ നടത്തി. അതില്‍ 17 എണ്ണം വിജയകരമായി പൂര്‍ത്തിയാക്കി. 100% വിജയമായിരുന്നു ഫലം! ഇതില്‍ 13 വിജയകരമായ ട്രേഡുകള്‍ക്ക് പിന്നില്‍ ചാറ്റ് ജിപിടി ആയിരുന്നെങ്കില്‍, ഗ്രോക്ക് അഞ്ച് ട്രേഡുകളില്‍ വിജയം നേടി. രണ്ടും തന്നെ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം തന്റെ റെഡ്ഡിറ്റ് പോസ്റ്റില്‍ കുറിച്ചു.

കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിച്ച വിജയമാണെങ്കിലും, അടുത്ത ആറ് മാസത്തേക്ക് ഈ പരീക്ഷണം തുടരാന്‍ ആണ് ഈ വ്യക്തിയുടെ പദ്ധതി. ഈ പോസ്റ്റ് വലിയ തോതില്‍ ശ്രദ്ധ നേടിയെങ്കിലും, പലരും മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഹ്രസ്വകാല ഫലങ്ങളില്‍ മാത്രം ശ്രദ്ധിക്കരുതെന്നും, വിപണി സാഹചര്യങ്ങള്‍, ട്രേഡിംഗ് തുക, അപകടസാധ്യത തുടങ്ങിയ വിവരങ്ങള്‍ പൂര്‍ണ്ണമായി വെളിപ്പെടുത്തിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.