മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച്: സപ്തഭാഷാ ഭൂമിക ആർക്കൊപ്പം? നടക്കുന്നത് തീ പാറും പോരാട്ടം
89 വോട്ടാണ് കഴിഞ്ഞ തവണ മഞ്ചേശ്വരത്തിന്റെ വിധി നിർണയിച്ചത്. ലീഗുയർത്തിയ ആ കൊച്ചു കടമ്പ മറികടന്നാൽ മതിയോ ഇത്തവണ ബിജെപിക്ക്? മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട എൽഡിഎഫ് തിരിച്ചുവരുമോ ശങ്കർ റൈയിലൂടെ?
മഞ്ചേശ്വരത്ത് വിശ്വാസവും രാഷ്ട്രീയവും മാറ്റുരയ്ക്കുമ്പോൾ, സ്ഥാനാർത്ഥികളും അതേ ഉരകല്ലിൽത്തന്നെയാണ് പ്രചാരണവും പൊടിപൊടിയ്ക്കുന്നത്. പുറത്ത് നിന്നൊരാളെ കെട്ടിയിറക്കാതെ തദ്ദേശീയനായ, പരിചിതനായ ശങ്കർ റൈയെ ആദ്യമേ ഇറക്കി കളം പിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങി ഇടത് പക്ഷം. ആദ്യം സ്ഥാനാർത്ഥി നിർണയത്തിൽ ചില പൊട്ടിത്തെറികളുണ്ടായെങ്കിലും, പാണക്കാട് തങ്ങളുടെ വീട്ടിന് മുന്നിൽ പോലും പ്രതിഷേധമുണ്ടായെങ്കിലും കാസർകോട്ടെ പ്രാദേശിക നേതൃത്വത്തിലെ കരുത്തനായ എം സി ഖമറുദ്ദീന് തന്നെ ഒടുവിൽ നറുക്ക് വീണു. സുരേന്ദ്രൻ തന്നെ വരണമെന്ന് ആവശ്യം ശക്തമായപ്പോഴും, ഒടുവിൽ കേന്ദ്രനേതൃത്വം ഇടപെട്ട് ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ രവീശ തന്ത്രി കുണ്ടാർ തന്നെ ഇറങ്ങട്ടെ എന്ന് വിധിച്ചത് ചില പ്രാദേശിക അണികൾക്കിടയിൽ നിരാശയും പ്രതിഷേധവുമുയർത്തിയ കാഴ്ച കണ്ടു, മഞ്ചേശ്വരത്ത്. ഇതിനെല്ലാമുപരി ഒരു പ്രത്യേകത കൂടിയുണ്ട്. മൂന്ന് സ്ഥാനാർത്ഥികളിൽ രണ്ട് പേരും നല്ല കലാകാരൻമാരാണ്. ഒരാളാകട്ടെ ഉത്തരകേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിസ്ഥാനം വഹിക്കുന്നയാളും.
ഉപ്പള ഭഗവതി യക്ഷഗാനട്രസ്റ്റിന്റെ പ്രൊഫഷണൽ ഗായകനായിരുന്നു ഇടത് സ്ഥാനാർത്ഥി ശങ്കർ റൈ. പാലിനു ഗജവദനാ, സുഗുണ വിശാലദയാസദനാ ... ആഴമേറിയ ശബ്ദത്തിൽ നീട്ടി ഉറക്കെ പാടുന്നു ശങ്കർ റൈ. ഗണേശഭക്തി ഗീതമാണ്. യക്ഷഗാനത്തിലെ വരികളാണ്. ക്ഷേത്രോപാസകനാണ് ശങ്കർ റൈ. കമ്മ്യൂണിസത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരു അമ്പലക്കമ്മിറ്റി പ്രസിഡന്റിനെത്തന്നെ, കളത്തിലിറക്കുമ്പോൾ ഇടതുപക്ഷം പറയാതെ പറയുന്ന സന്ദേശം വ്യക്തം.
മതേതരത്വത്തിന്റെ സന്ദേശമലയടിക്കുന്ന മാപ്പിളപ്പാട്ടിന്റെ ഇശലുകളും വരികളുമായി പ്രചാരണവേദികളിൽ സജീവമാണ് എം സി ഖമറുദ്ദീൻ. പ്രചാരണവേദികളിൽ മാത്രമല്ല, ലീഗിന്റെ വേദികളിലെല്ലാം ഖമറുദ്ദീൻ ഗായകനാകാറുണ്ട്. മുഴുവൻ സമയരാഷ്ട്രീയത്തിലിറങ്ങിയപ്പോൾ പാട്ടു വിട്ടെങ്കിലും ഇടയ്ക്കിടെ പൊടി തട്ടിയെടുക്കും പഴയ സ്നേഹം.
കോളേജ് പഠനകാലം കഴിഞ്ഞപ്പോൾ രവീശ കുണ്ടാർ താന്ത്രികപഠനമാരംഭിച്ചു. ഇന്ന് ഉത്തരകേരളത്തിലെയും കർണാടകയിലെയും നിരവധി ക്ഷേത്രങ്ങളിൽ താന്ത്രികസ്ഥാനത്തിരിക്കുന്നയാളാണ് രവീശ തന്ത്രി. കൃത്യമായി പറഞ്ഞാൽ 113 ക്ഷേത്രങ്ങൾ - രവീശ തന്ത്രി പറയുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ താന്ത്രികവൃത്തിയിൽ നിന്ന് താൽക്കാലിക അവധിയെടുക്കുമെന്ന് തന്ത്രി.
'കപട ഹിന്ദു'വിൽ നിന്ന് ശബരിമലയിലേക്ക്
മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥിയും എൻഡിഎ സ്ഥാനാർത്ഥിയും കപട ഹിന്ദുക്കളാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശമുണ്ടാക്കി വിട്ട രാഷ്ട്രീയ കോലാഹലം ചില്ലറയല്ല. പിണറായി വിജയൻ മഞ്ചേശ്വരത്ത് നടത്തിയ പ്രചാരണയോഗത്തിൽ ചെന്നിത്തലയ്ക്ക് എതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ചു.
പ്രതിപക്ഷനേതാവിന്‍റെ കക്ഷത്ത് ആരാണ് ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം വച്ച് തന്നതെന്നാണ് പിണറായി ചോദിച്ചത്.
''ഇവിടെ വർഗീയ കാർഡിറക്കാനുള്ള ശ്രമമല്ലേ നടക്കുന്നത്? അത് നാം തിരിച്ചറിയണം. പ്രതിപക്ഷനേതാവ് ഇപ്പോൾ ഈ സ്ഥാനത്തിന് ചേർന്ന പദമാണോ ഇപ്പോൾ പറഞ്ഞത്? കപടഹിന്ദു, എന്നല്ലേ പറഞ്ഞത്? ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം തന്‍റെ കക്ഷത്ത് ആരെങ്കിലും ഏൽപിച്ച് തന്നിട്ടുണ്ടോ? (കയ്യടികൾ) ഈ പ്രതിപക്ഷനേതാവിന്‍റെ? ഇവിടെ ശങ്കർ റൈയെപ്പോലൊരു സ്ഥാനാർത്ഥി ഹിന്ദുവല്ലെന്നും കപട ഹിന്ദുവാണെന്നും പറയാനുള്ള അൽപത്തം എങ്ങനെയാണ് വന്നത്? നമ്മടെ അങ്ങോട്ടൊക്കെ പറഞ്ഞാൽ നിങ്ങളെ അറിയാം എല്ലാവർക്കും. ഈ മഞ്ചേശ്വരത്തെ സാധുക്കൾക്ക് മുന്നിൽ വന്നിട്ട് ഇത് പോലെ നിങ്ങളാണെന്ന് പറയണമായിരുന്നോ?'', പിണറായി പറഞ്ഞു.
എന്നാൽ കേരളത്തിന്‍റെ മുഖ്യമന്ത്രി പാഷാണം വർക്കിയെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചത്. മഞ്ചേശ്വരത്ത് വിശ്വാസിയാകുമ്പോൾ മറ്റ് മണ്ഡലങ്ങളിൽ അദ്ദേഹം നവോത്ഥാന നായകന്‍റെ പട്ടം എടുത്തണിയും. ധൈര്യമുണ്ടെങ്കിൽ ശബരിമല യുവതീപ്രവേശനത്തിൽ സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി വീണ്ടും വ്യക്തമാക്കട്ടെയെന്ന് ചെന്നിത്തല വെല്ലുവിളിച്ചു. അതുകൊണ്ട് ഈ വിശ്വാസിയുടെയും നവോത്ഥാന നായകന്‍റെയും പട്ടം അങ്ങ് അഴിച്ചു വയ്ക്കുകയാണ് പിണറായിക്ക് നല്ലതെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുമ്പെങ്ങും കാണാത്ത വിധം ഇത്തവണ ജാതിയും മതവും വലിയ ചർച്ചാ വിഷയമായ തെരഞ്ഞെടുപ്പിൽ ശബരിമലയും വിശ്വാസവും ജാതിയും തന്നെയാണ് വലിയ ചർച്ചയായത്. അതുകൊണ്ടുതന്നെയാണ് കർണാടകയിൽ നിന്ന് മന്ത്രിമാരെ കൊണ്ടുവന്ന് ആർഎസ്എസ്സിന്‍റെ നേതൃത്വത്തിൽ പ്രചാരണം ബിജെപിക്കായി സജീവമാക്കിയത്. ആർഎസ്എസ്സിന്‍റെ ശക്തമായ പിന്തുണയോടെ സ്ഥാനാർത്ഥിയായ ആളാണ് രവീശതന്ത്രി കുണ്ടാർ.
ലീഗിൽ സ്ഥാനാർത്ഥിത്വത്തിൽ വിവാദം, പിന്നീട് ആവേശം
ലീഗ് സ്ഥാനാർത്ഥി നിർണയത്തിൽ സാധാരണ വലിയ വിവാദങ്ങൾ പതിവില്ല. പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇ ടിയുമടക്കം മുതിർന്ന നേതാക്കൾ തീരുമാനിക്കും, അണികൾ അംഗീകരിക്കും. അതാണ് പതിവ്. പക്ഷേ, ഇത്തവണ പതിവ് തെറ്റി.
മഞ്ചേശ്വരത്തിന് പുറത്തുള്ളവരെ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ലീഗിൽ ഒരു വിഭാഗം നേതാക്കൾ രംഗത്ത് വന്നു. ലീഗിന്‍റെ കാസർകോട് ജില്ലാ പ്രസിഡന്‍റ് ജില്ലാ പ്രസിഡന്‍റ് എം സി കമറുദ്ദീന്‍റെ പേരുന്നയിച്ചപ്പോഴാണ് എതിർപ്പുയർന്നത്. കന്നഡ ഭാഷാമേഖലയിൽ നല്ല സ്വാധീനമുള്ള, യുവത്വത്തിന്‍റെ പ്രാതിനിധ്യമായ യൂത്ത് ലീഗ് നേതാവ് എ കെ എം അഷ്റഫിനെ കളത്തിലിറക്കണമെന്നാണ് പ്രാദേശിക ഭാരവാഹികളടക്കം ആവശ്യപ്പെട്ടത്. ഇത്തരത്തിൽ ഒരു തർക്കം ഉടലെടുത്തതിനെത്തുടർന്ന്, യോഗം ചേർന്ന ദിവസം ഇന്ന് പ്രഖ്യാപനമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിക്ക് പറയേണ്ടി വന്നു. അടുത്ത കാലത്തൊന്നും ലീഗിൽ ഇത്തരം പ്രതിസന്ധി ഉണ്ടായിട്ടില്ല.
പക്ഷേ, കഴിഞ്ഞ തവണ പി ബി അബ്ദുൾ റസാഖിനെതിരെ വെറും 89 വോട്ടുകൾക്കാണ് കെ സുരേന്ദ്രൻ പരാജയപ്പെട്ടതെന്നും ഇത്തരം ആരോപണങ്ങളുയർത്തി വിജയസാധ്യത ഇടിക്കരുതെന്ന കർശന നിർദേശം ലീഗ് നേതൃത്വം നൽകിയതോടെ പ്രാദേശിക നേതൃത്വം വഴങ്ങി. കമറുദ്ദീൻ തന്നെ സ്ഥാനാർത്ഥിയായി.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിൽ പ്രതീക്ഷയുമായാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. പി കെ കുഞ്ഞാലിക്കുട്ടിക്കായിരുന്നു പ്രചാരണത്തിന്‍റെ ചുമതല. സംഘടനാ ശേഷി പൂർണമായി വിനിയോഗിച്ച പ്രവർത്തനമാണ് കണ്ടത്. കർണാടക നേതാക്കളെയെത്തിച്ച് ഒറ്റക്കെട്ടായ പ്രവർത്തനം കാഴ്ച വച്ച സാഹചര്യത്തിൽ എല്ലാം വോട്ടായി ഇങ്ങെത്തുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
തന്ത്രിക്ക് എതിരായ കലാപം ഇടപെട്ട് തീർത്തത് ആർഎസ്എസ്
മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ബിജെപിയിൽ ആദ്യഘട്ടത്തിൽ വലിയ പ്രതിഷേധമാണുയർന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികൾ നേതൃത്വത്തെ അറിയിച്ചു. തന്ത്രിയുടെ സ്ഥാനാർത്ഥിത്വം വഴി നിഷ്‍പക്ഷ വോട്ടുകൾ അകലുമെന്ന ആശങ്ക ഒരു വിഭാഗം നേതാക്കൾ പങ്കുവച്ചതോടെ നേതൃത്വം അങ്കലാപ്പിലായി.
പാർട്ടി വോട്ടുകൾ സ്വന്തം ചിഹ്നത്തിലുറപ്പിക്കാൻ മഞ്ചേശ്വരത്ത് ബിജെപിയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഏറെക്കാലമായി വിജയകരമായി ബിജെപി അത് നടപ്പാക്കിവരികയും ചെയ്യുന്നുണ്ട്. എന്നാൽ ന്യൂനപക്ഷ വോട്ടുകളും നിഷ്‍പക്ഷ വോട്ടുകളും ആകർഷിക്കാൻ കഴിയാഞ്ഞതായിരുന്നു വിജയത്തിന് വിലങ്ങുതടിയായത്. 2016-ൽ കെ.സുരേന്ദ്രൻ ഈ പരിമിതി ഒരു പരിധിവരെ മറികടന്നെങ്കിലും 89 വോട്ടുകൾക്ക് അടിയറവ് പറയേണ്ടി വന്നു.
ഇക്കുറി നിഷ്‍പക്ഷ വോട്ടുകൾ പരമാവധി സമാഹരിക്കണമെന്നുറപ്പിച്ചാണ് ബിജെപി സ്ഥാനാർത്ഥി നിർണയത്തിന് ഇറങ്ങിയത്. കോൺഗ്രസ് നേതാവ് സുബ്ബയ്യ റൈയെ ആദ്യം സമീപിച്ചു. ഈ നീക്കം പാളിയതോടെ ബിജെപി ജില്ലാ പ്രസിഡന്‍റ് കെ ശ്രീകാന്തോ പാർട്ടി മണ്ഡലം പ്രസിഡന്‍റ് സതീഷ് ചന്ദ്ര ഭണ്ഡാരിയോ സ്ഥാനാർത്ഥിയായേക്കുമെന്നായിരുന്നു സൂചന.
എന്നാൽ കേന്ദ്രനേതൃത്വം തെരഞ്ഞെടുത്തത് രവീശ തന്ത്രി കുണ്ഠാറിനെയാണ്. ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍റെയും ആർഎസ്എസിന്‍റെയും പിന്തുണയാണ് തന്ത്രിക്ക് നേട്ടമായത്.
തന്ത്രിയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ഹൊസങ്കടിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘടനാ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി എൽ ഗണേഷിനെ ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞു വച്ചു. ഇത് പകർത്താനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ഒരു വിഭാഗമാളുകൾ മർദ്ദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ സുനിൽകുമാറിനാണ് ബിജെപി പ്രവർത്തകരുടെ മർദ്ദനമേറ്റത്. എൽ ഗണേഷിനെ പ്രവർത്തകർ തടഞ്ഞുവച്ചത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുന്ന ഓഡിറ്റോറിയത്തിന്‍റെ വാതിലുകളടക്കം പൂട്ടിയാണ്. ഈ ദൃശ്യങ്ങൾ ഒരു ജനാല വഴി പകർത്താൻ ശ്രമിച്ചപ്പോഴാണ് ഒരു സംഘം പ്രവർത്തകർ ഓടിപ്പാഞ്ഞെത്തി വളഞ്ഞിട്ട് മർദ്ദിച്ചത്. 'ആരാണ് പാർട്ടിയ്ക്കുള്ളിലെ ഈ ഭിന്നത നിങ്ങൾക്ക് ചോർത്തിയത്' എന്ന് ചോദിച്ചായിരുന്നു മർദ്ദനം. കൃത്യമായ പേര് പറയണമെന്നാവശ്യപ്പെട്ട് സുനിൽ കുമാറിനെ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. ക്യാമറ തല്ലിത്തകർത്തു.
2016-ൽ കെ സുരേന്ദ്രൻ 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ അതേ നിലയിലുള്ള പ്രകടനം നടത്താൻ രവീശ തന്ത്രി കുണ്ഠാറിന് കഴിഞ്ഞിരുന്നില്ല. രാജ്‍മോഹൻ ഉണ്ണിത്താൻ 11000 വോട്ടുകൾക്ക് ലീഡ് ചെയ്തപ്പോൾ ബിജെപിക്ക് 2016-നെ അപേക്ഷിച്ച് അധികമായി കിട്ടിയത് ആയിരത്തിൽ താഴെ വോട്ടുകൾ മാത്രം. പുതിയ വോട്ടർമാരെയടക്കം ആകർഷിക്കാൻ തന്ത്രിക്ക് കഴിഞ്ഞില്ലെന്ന വിമർശനം പാർട്ടിയിൽ നിന്ന് ഉയരുകയും ചെയ്തു. എന്നാൽ എല്ലാ വിഭാഗം വോട്ടർമാരെയും ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സ്ഥാനാർത്ഥിയായ രവീശ തന്ത്രി പങ്കു വയ്ക്കുന്നത്.
ആദ്യമേ കളത്തിലിറങ്ങി ശങ്കർ റൈ
ആദ്യം സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടത് ഇടതുപക്ഷത്തിന്‍റേതാണ്. ആദ്യം പുറത്തുവന്ന പേര് ശങ്കർ റൈയുടേതും. അതിന്‍റേതായ ആനുകൂല്യം പരമാവധി വോട്ടാക്കാനാണ് ശങ്കർ റൈയുടെ ശ്രമം. വിശ്വാസിയാണെന്ന ലേബൽ നിഷേധിക്കാത്ത, ശബരിമലയിലടക്കം കൃത്യമായി നിലപാട് വ്യക്തമാക്കുന്ന ശങ്കർ റൈയുടെ ഇമേജ് മറ്റ് രണ്ട് മുന്നണികൾക്കും ഭീഷണിയുണ്ടാക്കുന്നതാണ്. പ്രാദേശികമായി ശക്തമായ ബന്ധങ്ങളുള്ളയാളാണ് ശങ്കർ റൈ. ഭാഷാ മേഖലകളിലെ സ്വാധീനവും പ്രാദേശിക ഘടകങ്ങളും തുണച്ചേക്കുമെന്ന പ്രതീക്ഷയുണ്ട് റൈയ്ക്ക്. പതിറ്റാണ്ടുകൾക്ക് ശേഷം മുന്നണിക്ക് നാട്ടുകാരനായ സ്ഥാനാർത്ഥിയെ കിട്ടുന്നതും നേട്ടം. പാലാ ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ത്രികോണ മത്സര സാധ്യത മുന്നിൽ കാണുന്നു എൽഡിഎഫ്.
യുഡിഎഫിന്റെയും ബിജെപിയുടെയും ഉറച്ച വോട്ടു ബാങ്കുകളിൽ കടന്നു കയറാൻ എൽഡിഎഫിന് കഴിയുമോ എന്നത് തന്നെയാണ് കണ്ടറിയേണ്ടത്. താഴേത്തട്ടിലെ സംഘടനാ ദൗർബല്യം ഇപ്പോഴും എൽഡിഎഫിന് വെല്ലുവിളികൾ തന്നെയാണ്. കർഷകസമരങ്ങളിൽ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി മറക്കരുതാത്ത പൈബളികെ വിപ്ലവത്തിന് അറുപത് വയസ്സ് പിന്നിടുമ്പോൾ ആ പഞ്ചായത്തിൽ ഇന്ന് ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ചോർന്ന് പോയ ആ വോട്ടുകൾ തിരിച്ച് പിടിക്കാൻ പാർട്ടിക്കിനിയും കഴിഞ്ഞിട്ടില്ല.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ്
ആകെ വോട്ടർമാർ – 2,12,086 (ആകെ വോട്ട് ചെയ്തത് – 1,60,934 ) 75.88 %
പുരുഷ വോട്ടർമാർ - 1,06,624 (ആകെ വോട്ട് ചെയ്തത് – 76,208 ) 71.47 %
സ്ത്രീ വോട്ടർമാർ - 1,05,462 (ആകെ വോട്ട് ചെയ്തത് – 84,726 ) 80.34 %
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ്
ആകെ വോട്ടർമാർ – 2,08,145 ( ആകെ വോട്ട് ചെയ്തത് – 1,58,584 ) 76.19 %
പുരുഷ വോട്ടർമാർ - 1,03,404 ( ആകെ വോട്ട് ചെയ്തത് – 74,815 ) 72.35%
സ്ത്രീ വോട്ടർമാർ - 1,04,741 ( ആകെ വോട്ട് ചെയ്തത് – 83,769 ) 79.98 %
2016-ൽ നിന്ന് 2019-ലേക്ക് എത്തിയപ്പോൾ വോട്ട് ശതമാനം മാറിയതെങ്ങനെ?